ആരോഗ്യവും ആയുസും കാക്കുന്ന നിരവധി ചെടികള്‍ നമ്മുടെ വീട്ടുമുറ്റത്തു തന്നെ ഉണ്ടാവാറുണ്ട്. വലിയ അസുഖങ്ങള്‍ക്ക് പോലും വീട്ടുമുറ്റത്തെ ചെടിയുടെ ഇലയിലും തണ്ടിലും വേരിലുമൊക്കെ ഔഷധ ഗുണങ്ങള്‍ തിരയുന്ന പ്രാകൃത രീതിക്കാരാണ് ആയുര്‍വേദത്തില്‍ വിശ്വസിക്കുന്നവരെന്ന് മുന്‍വിധികളോടെ കാണുന്നവര്‍ നിരവധിയാണ്. വലിയ രോഗത്തിന് ഇനിയും കണ്ടെത്താത്ത അത്ഭുത മരുന്ന് കാത്തിരിക്കുന്നവരാണ് കൂടുതലും എന്നാല്‍ ഇതിനെല്ലാം ഉത്തരം പ്രകൃതിയില്‍ തന്നെ ഉണ്ടെന്ന് പാലക്കാട് ആയുര്‍വേദ ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷബു പട്ടാമ്പി പറയുന്നു.
ആയുര്‍വേദത്തില്‍ അത്തരത്തില്‍ വലിയൊരു സ്ഥാനമുള്ള ഒരു കുഞ്ഞന്‍ ചെടിയുണ്ട്, പനിക്കൂര്‍ക്ക. കഞ്ഞിക്കൂര്‍ക്ക എന്നും ചില പ്രദേശങ്ങളില്‍ അറിയപ്പെടും. പച്ച നിറത്തിലുള്ള ഇലകളും തണ്ടുമായി, ചെറു സുഗന്ധത്തോടെ നമ്മുടെയൊക്കെ വീട്ടുമുറ്റത്ത് ഒരു കോണില്‍ പടര്‍ന്നു കിടപ്പുണ്ടാകും. ആയുര്‍വേദത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍, തിക്ത, ക്ഷാര, ലവണ രസങ്ങളും, രൂക്ഷ തീക്ഷ്ണ ഗുണങ്ങളും ഉഷ്ണ വീര്യവും കടു വിപാകവുമുള്ള കൊച്ചു സസ്യം.
പനിക്കൂര്‍ക്ക കുട്ടികള്‍ക്ക്
പനിക്കൂര്‍ക്കയുടെ ഇലയ്ക്കും തണ്ടിനുമാണ് ഔഷധഗുണമുള്ളത്. കാര്‍വക്രോള്‍ എന്ന ബാഷ്പീകൃത എണ്ണയാണ് പനിക്കൂര്‍ക്കയിലെ പ്രധാന രാസസംയുക്തം. കുട്ടികള്‍ക്ക് രോഗങ്ങള്‍ വരുമ്പോള്‍ ഏറ്റവും ഫല പ്രദമായി പ്രയോഗിക്കാവുന്ന ഔഷധമാണ് പനിക്കൂര്‍ക്ക. പനി, ജലദോഷം, ചുമ, ശ്വാസതടസം എന്നിവ ഉള്ളപ്പോള്‍ ഇതിന്റെ വാട്ടിയ നീര് തേന്‍ ചേര്‍ത്തോ, കല്‍ക്കണ്ടം ചേര്‍ത്തോ നല്‍കുന്നത് ഫലപ്രദമാണെന്ന് അദ്ദേഹം പറയുന്നു. ശ്വാസകോശ അണുബാധ തടയാനും പ്രതിരോധ ശേഷി കുറഞ്ഞ കുട്ടികള്‍ക്കും ഇവ പതിവായി നല്‍കാറുണ്ട്. കുട്ടികളിലെ വയറു വേദനക്കും ദഹന പ്രശ്‌നങ്ങള്‍ക്കും ഉള്ള ഒരു വീട്ടിലെ പൊടിക്കൈ കൂടിയാണിത്.
ജലദോഷത്തിലും സൈന സൈറ്റിസ് ഉള്ളവരും പനിക്കൂര്‍ക്കയില ഇട്ട് തിളപ്പിച്ച വെള്ളത്തില്‍ അവി പിടിക്കാം. കുട്ടികളിലെ, ഛര്‍ദ്ദിക്കും വയറിളക്കത്തിനും ഗ്രഹണി രോഗത്തിലും വെള്ളത്തില്‍ തിളപ്പിച്ചോ മോര് കാച്ചിയോ കൊടുക്കുന്നത് ഫലദായകമാണ്.
പനിക്കൂര്‍ക്ക ഭക്ഷണത്തില്‍
പനിക്കൂര്‍ക്ക കടലമാവില്‍ മുക്കി എണ്ണയില്‍ വറുത്ത് ബജി രൂപത്തില്‍ ലഘു ഭക്ഷണമായി കഴിക്കാം. ഉഴുന്നുവടയിലും പനിക്കൂര്‍ക്ക ചേര്‍ക്കാവുന്നതാണ്. പാനീയമായി കുടിക്കുന്ന ഒരു രീതിയും ഉണ്ട്. പനിക്കൂര്‍ക്കയുടെ ഇലയും ഏലക്കയും ഗ്രാമ്പുവും ചേര്‍ത്ത് രണ്ട് കപ്പ് വെള്ളം തിളപ്പിച്ച് ഒരു കപ്പ് ആക്കി, തേന്‍ ചേര്‍ത്ത് കഴിക്കാം.
മാത്രമല്ല പനിക്കൂര്‍ക്ക നല്ല ഒരു മൂത്ര വിരേചകമാണ്( Diuretic). മൂത്രാശയ അണുബാധ കുറയ്ക്കാനും നീര്‍ക്കെട്ട് ഒഴിവാക്കാനും പനിക്കൂര്‍ക്ക മികച്ചതാണ്. ഉത്കണ്ഠ, മാനസിക പിരിമുറക്കം പോലുള്ള മാനസിക പ്രശ്‌നങ്ങള്‍ കുറയ്ക്കാനും പനിക്കൂര്‍ക്ക ഉപയോഗിക്കാമെന്നും അദ്ദേഹം പറയുന്നു. ത്രിഫല ചൂര്‍ണം കലക്കിയ വെള്ളത്തില്‍ പനിക്കൂര്‍ക്കയില അരച്ചത് ചേര്‍ത്ത് കഴിക്കുന്നത് വയറ്റിലെ വിര ശല്യം കുറയ്ക്കാന്‍ സഹായിക്കും.
പനിക്കൂര്‍ക്കയില്‍ ?ഗവേഷണം
പനിക്കൂര്‍ക്കയുടെ ഔഷധഗുണങ്ങള്‍ കണ്ടെത്തിയ നിരവധി പഠനങ്ങള്‍ ഇതിനോടകം നടന്നിട്ടുണ്ട്. പനിക്കൂര്‍ക്കയുടെ ആന്റി-ബയോട്ടിക് ഗുണം Proteus mirabilis, E. Coli, Staphylo Coccus, entero cocus, Klebsiella തുടങ്ങിയ ഒട്ടേറെ ബാക്റ്റീരിയകളില്‍ വളരെ ഫലപ്രദമെന്ന് തെളിഞ്ഞിട്ടുണ്ട്. ഇതേ ആന്റി-ബാക്ടീരിയല്‍ സ്വഭാവം തന്നെയാണ്, കുട്ടികളിലെ ശ്വാസകോശ അണുബാധ കുറയ്ക്കാന്‍ കാരണമാകുന്നതെന്നും അദ്ദേഹം പറയുന്നു. candida, aspergillus niger തുടങ്ങി ഒട്ടേറെ ഫംഗല്‍ ബാധയ്ക്കും പനിക്കൂര്‍ക്ക ഫലപ്രദമെന്ന് കണ്ടെത്തിയിട്ടുണ്ട്.
കൂടാതെ വെള്ള പോക്ക് പോലുള്ള രോഗാവസ്ഥകളിലും Neisseria gonorhoe എന്ന ബാക്റ്റീരിയ ഉണ്ടാക്കുന്ന ഗൊണോറിയ രോഗത്തിനെതിരെയും പനിക്കൂര്‍ക്ക ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മൂത്രാശയ ണുബാധകളിലും സാല്‍മ്മാണെല്ല ടൈഫി എന്ന ടൈഫോയ്ഡ് ബാക്റ്റീരിയയിലും പല വിധ വൈറല്‍ രോഗങ്ങളിലും പനിക്കൂര്‍ക്ക മികച്ചതെന്ന് പഠനങ്ങള്‍ പറയുന്നു.
നമുക്ക് രോഗം വരുത്താന്‍ സൂക്ഷ്മരൂപിയായ വൈറസിന് കഴിയുന്നതു പോലെ, രോഗ ശമനം വരുത്താന്‍ അത്രയാരും ശ്രദ്ധിക്കാത്ത ഈ കുഞ്ഞന്‍ ഔഷധങ്ങള്‍ക്കും ആകും. പ്രകൃതിയുടെ കരുതല്‍ നാമറിയാതെ പോകരുതെന്നും ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ അദ്ദേഹം പറയുന്നു.