ഒരു നേരം ചോറു കഴിക്കാതെ നമ്മള്‍ മലയാളികളുടെ ഒരു ദിവസം പൂര്‍ത്തിയാകില്ല. അരിയാഹാരങ്ങളോട് അത്രയേറെ അടുപ്പം നമ്മള്‍ക്കുണ്ട്. എന്നാല്‍ പൊണ്ണത്തടിയുള്ള എണ്ണം വര്‍ധിച്ചതോടെ ചോറിനെ ഒഴിവാക്കി ചപ്പാത്തിക്ക് സ്ഥാനക്കയറ്റം നല്‍കിയ നിരവധി ആളുകളുണ്ട്. ചോറ് കഴിക്കുന്നതാണ് തടി കൂടാനും കുടവയര്‍ ചാടുനുമൊക്കെ കാരണമെന്നാണ് ആരോപണം. എന്നാല്‍ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് പോഷകാഹാര വിദഗ്ധയായ നിധി കക്കര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു വിഡിയോയില്‍ പറയുന്നു.
മസില്‍ വര്‍ധിപ്പിക്കാനും ശരീരം ആരോഗ്യമുള്ളതാക്കാനും ഡയറ്റില്‍ നിന്നും ചോറ് പൂര്‍ണമായും ഒഴിവാക്കുന്നവര്‍ നിരവധിയാണ്. ചോറ് അല്ലെങ്കില്‍ അരിയാഹാരങ്ങള്‍ ശരീരഭാരം വര്‍ധിപ്പിക്കുമെന്ന ധാരണ തെറ്റാണെന്ന് നിധി പറയുന്നു. ഉയര്‍ന്ന കലോറി ഉപഭോഗമാണ് തടി കൂടാനുള്ള കാരണം. ചോറ് ഒഴിവാക്കിയതു കൊണ്ട് മാത്രം ഇതിനൊരു പരിഹാരം ആകില്ല. കലോറി ഉപഭോഗം കുറയ്ക്കുകയാണ് ചെയ്യേണ്ടത്.
മറ്റൊരു പ്രചാരണം, പ്രമേഹ രോഗികള്‍ ചോറ് കഴിക്കാന്‍ പാടില്ലെന്ന കാര്യമാണ്. പ്രമേഹ രോഗികളില്‍ മിക്ക ആളുകളും ഡയറ്റില്‍ നിന്ന് ചോറ് പൂര്‍ണമായും ഒഴിവാക്കി. എന്നാല്‍ പ്രോട്ടീന്‍, പച്ചക്കറികള്‍ എന്നിവയോടൊപ്പം മിതമായ അളവില്‍ ചോറ് കഴിക്കുന്നതുകൊണ്ട് കുഴപ്പമില്ലെന്ന് നിധി പറയുന്നു.
അരി ഗ്ലൂട്ടന്‍ ഫ്രീയാണ്. ഗോതമ്പ്, ബാര്‍ലി തുടങ്ങിയവയില്‍ നിന്ന് സംസ്‌കരിച്ചെടുക്കുന്ന ഭക്ഷണങ്ങളില്‍ കണ്ടുവരുന്ന ഒരു പ്രോട്ടീന്‍ ആണ് ഗ്ലൂട്ടന്‍. ഇത് ദഹനവ്യവസ്ഥയ്ക്കും ചെറുകുടലിനുമൊക്കെ ചെറിയ അസ്വസ്ഥതയുണ്ടാക്കുന്നതാണ്. കൂടാതെ വെള്ളയരി പോഷകമൂല്യം കുറഞ്ഞതാണെന്ന തെറ്റിദ്ധാരണയും വേണ്ടെന്ന് നിധി പറയുന്നു. വെള്ളയരിയില്‍ ബി വിറ്റാമിനുകളുടെ ചില അംശങ്ങളും ഇരുമ്പും അടങ്ങിയിട്ടുണ്ട്.
രാത്രിയില്‍ ചോറ് ഒഴിവാക്കേണ്ടതില്ല. അരി എളുപ്പത്തില്‍ ദഹിക്കുന്ന ഭക്ഷണമാണ്. കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് അരിയില്‍ കൂടുതല്‍ ആയതിനാല്‍ അളവ് നിയന്ത്രിക്കുകയാണ് വേണ്ടത്. ശാരീരിക പ്രവര്‍ത്തനം കുറവുള്ളവര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. വയറില്‍ കൊഴുപ്പ് അടിയുന്നതിന്റെ കാരണം ചോറല്ല. വ്യായാമമില്ലാത്തതും അമിത കലോറി അടങ്ങിയ ഭക്ഷണവുമാണ് കൊഴുപ്പിന് പിന്നിലെ കാരണമെന്നും നിധി പറയുന്നു. ശരീരഭാരം കുറയ്ക്കാന്‍ ചോറ് കഴിക്കാതിരിക്കുകയല്ല വേണ്ടത്. അളവ് കുറയ്ക്കുകയും ആരോഗ്യകരമായ ഡയറ്റിലേക്ക് മാറുകയുമാണ് വേണ്ടത്.