ഊര്‍ജ്ജനില മെച്ചപ്പെടുത്താനും ഹൃദയാരോഗ്യത്തിനും ചര്‍മസൗന്ദര്യത്തിനും രോഗപ്രതിരോധശേഷിക്കുമെല്ലാം ഡ്രൈ ഫ്രൂട്‌സും നട്‌സും മികച്ചതാണ്. പഴങ്ങളുടെ ഉണങ്ങിയ രൂപത്തില്‍ ധാരാളം വിറ്റാമിനുകളും ധാതുക്കളും ആന്റി ഓക്സിഡന്റുകളും ആരോഗ്യകരമായ കൊഴുപ്പുകളും നാരുകളുമെല്ലാം അടങ്ങിയിട്ടുണ്ട്. തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ ബദാം ആണ് മികച്ചത്. ഹൃദയാരോഗ്യത്തനും മാനസികാരോഗ്യത്തിനും അനിവാര്യമായ ഒമേഗ-3 ആസിഡ് വാല്‍നട്ടില്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തില്‍ ഇരുമ്പിന്റെ അളവു മെച്ചപ്പെടുത്താന്‍ ഉണക്കമുന്തിരിയാണ് ബെസ്റ്റ്.
സാധാരണയായി ഡ്രൈ ഫ്രൂട്‌സ് വെള്ളത്തില്‍ കുതിര്‍ത്താണ് കഴിക്കുന്നത്. ഡ്രൈ ഫ്രൂട്ട്സ് വെള്ളത്തില്‍ കുതിര്‍ക്കുന്നത് എന്‍സൈമുകളെ സജീവമാക്കുകയും ദഹനം മെച്ചപ്പെടുത്തുകയും പോഷകങ്ങളുടെ ആഗിരണം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. വെള്ളത്തില്‍ കുതിര്‍ക്കുന്നത് പോലെ തന്നെ തേനില്‍ കുതിര്‍ത്തു വച്ചും ഈ ഡ്രൈ ഫ്രൂട്‌സ് കഴിക്കാറുണ്ട്.
വെള്ളത്തില്‍ കുതിര്‍ത്ത ഡ്രൈ ഫ്രൂട്‌സ്
നട്‌സും വിത്തുകളും വെള്ളത്തില്‍ കുതിര്‍ക്കുന്നത്, അവയില്‍ നിന്ന് എന്‍സൈം ഇന്‍ഹിബിറ്ററുകളും ഫൈറ്റിക് ആസിഡും നീക്കം ചെയ്യാന്‍ സഹായിക്കുന്നു. ഇല്ലെങ്കില്‍ ഇത് ദഹനത്തെ തടയുകയും പോഷക ആഗിരണം തടസ്സപ്പെടുത്തുകയും ചെയ്യും. നട്‌സും ഡ്രൈഫ്രൂട്‌സും കുതിര്‍ത്തു കഴിക്കുന്നത് ഇത് എളുപ്പമാക്കും. കൂടാതെ, ഡ്രൈ ഫ്രൂട്‌സ് കുതിര്‍ക്കുന്നത് ഇരുമ്പ്, മഗ്‌നീഷ്യം, സിങ്ക് തുടങ്ങിയ ധാതുക്കളുടെ പോഷക ജൈവ ലഭ്യത വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. കൂടാതെ, കുതിര്‍ക്കുന്നത് ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാനും തിളങ്ങുന്ന ചര്‍മത്തിനും മുടി വളര്‍ച്ചയ്ക്കും സഹായിക്കുന്നു.
തേനില്‍ കുതിര്‍ത്ത ഡ്രൈ ഫ്രൂട്‌സ്
അസംസ്‌കൃത തേനില്‍ കുതിര്‍ക്കുമ്പോള്‍, അത് അവയെ കൂടുതല്‍ രുചികരമാക്കുക മാത്രമല്ല, അവയുടെ ആരോഗ്യ ഗുണങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്യുന്നു. തേന്‍ ഒരു പ്രകൃതിദത്ത സംരക്ഷണമായി പ്രവര്‍ത്തിക്കുകയും ഉണങ്ങിയ പഴങ്ങളുടെ ഔഷധ ഗുണങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്യുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ആന്റി ഓക്സിഡന്റുകളുടെയും ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുടെയും കൂടിച്ചേരലാണ് ഇവിടെ നടക്കുന്നത്.
വെള്ളത്തില്‍ കുതിര്‍ത്ത ഡ്രൈ ഫ്രൂട്‌സില്‍ കാലറി കുറവാണ്, അതേസമയം തേനില്‍ കുതിര്‍ത്തവയില്‍ കലോറി വളരെ കൂടുതലാണ്. അതിനാല്‍ ഭാരം കുറയ്ക്കാന്‍ നോക്കുന്ന ആളുകള്‍ സ്ഥിരമായി തേനില്‍ കുതിര്‍ത്ത് കഴിക്കാതിരിക്കുന്നതാണ് നല്ലത്.