ഗ്യാസ് സ്റ്റൗ മലയാളി ജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്ത വസ്തുവായി മാറിയിട്ട് കാലമേറെയായി. വിറകടുപ്പും മറ്റും അന്യമായ കാലത്ത്ഗ്യാസ് സ്റ്റൗവിന്റെ ഉപയോഗം കൂടി കൂടി വരികയാണ്. ഉപയോഗം കൂടുന്നതിന് അനുസരിച്ച് അപകടങ്ങളും വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ഇവ പൊട്ടിത്തെറിച്ചുണ്ടാകുന്ന അപകടങ്ങള്‍ പലപ്പോഴും ശ്രദ്ധിക്കപെടുമ്പോഴും ദീര്‍ഘ കാലം കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ വലിയ രീതിയില്‍ ഗൗനിക്കാറില്ല.
പാചകം ചെയ്യുന്ന സമയത്ത് ഗ്യാസില്‍ നിന്നും നൈട്രജന്‍ ഡയോക്സൈഡ് ഉത്പാദിപ്പിക്കപ്പെടുകയും പിഎം2.5 എന്നറിയപ്പെടുന്ന അതിസൂക്ഷ്മ കണങ്ങളെ പുറത്തുവിടുകയും ചെയ്യുന്നുണ്ട്. ഇവ രണ്ടും ശ്വാസകോശത്തിന് ദോഷമാണ്. ഇത് ആസ്മ പോലുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്നു. അതിനാല്‍ തന്നെ ഇത്തരം കാര്യങ്ങള്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കൂടുതല്‍ സമയം അനാവശ്യമായി ഗ്യാസ് അടുപ്പിന് സമീപത്തിരിക്കുന്നത് ഒഴിവാക്കേണ്ടതാണ്.
വായുസഞ്ചാരം ഉറപ്പുവരുത്തുന്നതിലൂടെ ഈ പ്രശ്നങ്ങള്‍ കുറച്ചെങ്കിലും മറികടക്കാം. പാചകം ചെയ്യുന്ന സമയത്ത് അടുക്കളയില്‍ നല്ല വായുസഞ്ചാരം ഉണ്ടായിരിക്കണം. ഇല്ലെങ്കില്‍ ഗ്യാസ് തങ്ങി നില്‍ക്കുകയും ശരീരത്തിന് പ്രശ്നങ്ങള്‍ ഉണ്ടാകുകയും ചെയ്യും. അകത്തുള്ള വായുവിനെ നീക്കം ചെയ്യാന്‍ അടുക്കളയില്‍ എക്സ്ഹോസ്റ്റ് ഫാന്‍ സ്ഥാപിക്കുന്നതും നല്ലതായിരിക്കും. എയര്‍ പ്യൂരിഫയര്‍ ഉപയോഗിക്കുന്നതും ഗുണം ചെയ്യും.