ഒട്ടുമിക്ക വീടുകളിലും സുലഭമായി ലഭിക്കുന്ന ഒന്നാണ് ചക്ക. ചക്കയ്ക്ക് സ്വന്തമായി ഒരു ദിവസം തന്നെയുണ്ടെന്ന് പലർക്കുമറിയില്ല. ജൂലായ് നാലാണ് അന്താരാഷ്ട്ര ചക്കദിനമായി ലോകമെമ്പാടും ആചരിക്കുന്നത്. ശ്രീലങ്കയുടേയും ബംഗ്ലാദേശിന്റെയും ദേശീയ പഴമാണ് ചക്ക. കേരളത്തിന്റേയും തമിഴ്നാടിന്റെയും സംസ്ഥാന പഴമെന്ന പദവിയും ചക്കയ്ക്കുണ്ട്.
2018-ലാണ് കേരളം ചക്കയെ സംസ്ഥാന പഴമായി തിരഞ്ഞെടുക്കുന്നത്. ചക്കപ്പുഴുക്ക്, ചക്കയട, ചക്ക ഉപ്പേരി, ചക്കപ്പായസം, ചക്ക വരട്ടി എന്തിനുപറയുന്നു ചക്ക ബിരിയാണി, ചക്ക അച്ചാര്‍, ചക്കക്കുരു ഷേക്ക്, ചക്ക മസാല, ചക്ക പിസ, ചക്കക്കേക്ക്, ചക്ക ഐസ് ക്രീം എന്നിങ്ങനെ ചക്ക കൊണ്ട് ഉണ്ടാക്കാത്ത വിഭവങ്ങളില്ല.
ഈ കാരണങ്ങള്‍ കൊണ്ടൊകാം ന്യൂട്രീഷ്യനിസ്റ്റുകള്‍ ചക്കയെ ഒരു ഇന്റലിജന്റ് ഫ്രൂട്ട് എന്ന് വിളിക്കുന്നത്. പുറംതൊലി ഒഴികെ എല്ലാ ഭാഗങ്ങളും ഭക്ഷ്യയോഗ്യമായ ചക്കയില്‍ വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി6, പ്രോട്ടീന്‍, ഫൈബര്‍, പൊട്ടാസ്യം, മഗ്‌നീഷ്യം, സിങ്ക്, കോപ്പര്‍ തുടങ്ങി നിരവധി പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ധാരാളം ആന്റി ഓക്‌സിഡന്റ് ഇവയിലുണ്ട്. ദഹനപ്രക്രിയയ്ക്ക് ഏറ്റവും സഹായകരമായ നാരുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നു എന്നത് ചക്കയുടെ പ്രത്യേകതയാണ്. അന്താരാഷ്ട്ര ചക്കദിനത്തില്‍ ചക്കയുടെ ഗുണങ്ങള്‍ എന്തെല്ലാമെന്ന് അറിഞ്ഞിരിക്കാം.
രോഗപ്രതിരോധശേഷി
ശരീരത്തിന്റെ പ്രതിരോധശേഷി മെച്ചപ്പെടുത്തുവാൻ ചക്കയിലെ വിറ്റാമിൻ എ,സി എന്നിവ സഹായിക്കുന്നു. കൂടാതെ ആന്റി ഓക്സിഡന്റുകൾ ആയ Carotinoid, polyphenols, flavanoid, Vitamin C എന്നിവയുടെ സാന്നിധ്യം കാൻസർ പോലുള്ള രോഗങ്ങൾക്ക് കാരണമാകുന്ന ഫ്രീറാഡിക്കലുകളുടെ പ്രവർത്തനത്തെ മന്ദഗതിയിൽ ആക്കുന്നു. ബാക്ടീരിയ, വൈറസ് മൂലം ഉണ്ടാകുന്ന അസുഖങ്ങൾ ചെറുക്കുവാനും പ്രതിരോധശേഷി വർദ്ധിപ്പിക്കുവാനും കഴിയുന്നു.
ഹൃദയാരോഗ്യം
ചക്കച്ചുളയിലെ പൊട്ടാസ്യം, നാരുകള്‍ ആന്റിഓക്‌സിഡന്റുകള്‍ എന്നിവ രക്തസമ്മര്‍ദം കുറയ്ക്കുവാനും ഹൃദയരോഗ്യം മെച്ചപ്പെടുത്തുവാനും സഹായിക്കുന്നു. എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാനും എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ ഉയര്‍ത്തുവാനും സഹായിക്കുന്നു.
അനീമിയ/വിളര്‍ച്ച എല്ലുകളുടെ ആരോഗ്യം
ചക്കയില്‍ അടങ്ങിയിരിക്കുന്ന അയണ്‍, വിറ്റാമിന്‍ ബി,ബി3,ബി6 എന്നിവ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് മെച്ചപ്പെടുത്തുന്നതിനും വിളര്‍ച്ച മാറ്റുന്നതിനും നല്ലതാണ്. മഗ്‌നീഷ്യം, കാല്‍സ്യം എന്നിവ എല്ലുകളെ ബലപ്പെടുത്താനും തേയ്മാനം കുറയ്ക്കുവാനും സഹായിക്കുന്നു.
പ്രമേഹം
പ്രമേഹരോഗികളുടെ ഗ്ലൂക്കോസ് ടോളറന്‍സ് മെച്ചപ്പെടുത്തുവാനും ചക്കയ്ക്ക് കഴിവുണ്ട് എന്നത് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. പക്ഷേ, ചക്ക കഴിക്കുന്നത് കൊണ്ട് മാത്രം പ്രമേഹം മാറ്റാം എന്നോ രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ നിലയില്‍ എത്തിക്കാം എന്നതോ ഒരു തെറ്റിദ്ധാരണയാണ്. അതിനാല്‍ അമിത അളവില്‍ കഴിക്കുന്നത് ഒഴിവാക്കുക.