ലോകാരോഗ്യ സംഘടനയുടെ സർവലൈൻസ് ഡേറ്റ അനുസരിച്ച് കഴിഞ്ഞ ഫെബ്രുവരി 15ന് ശേഷം സാർസ് കൊറോണ വൈറസ് രണ്ടിന്റെ വ്യാപനം വർദ്ധിച്ചിട്ടുണ്ട്. ആഗോളതലത്തിൽ ഏതാണ്ട് 11 ശതമാനത്തോളം ടെസ്റ്റ് പോസിറ്റീവ് നിരക്കുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആശുപത്രി അഡ്മിഷനുകളിലും ഐസിയു അഡ്മിഷനുകളിലും വർധന വന്നിട്ടുണ്ടെങ്കിലും വലിയ പൊതുജനാരോഗ്യ ഭീഷണിയായി അത് വളർന്നിട്ടില്ല എന്നത് ആശ്വാസകരമാണെന്നു ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു.
പുതിയ പല വകഭേദങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ഗുരുതരം കോവിഡും കോവിഡ് മരണങ്ങളും പ്രതിരോധിക്കുന്നതിന് നിലവിൽ അംഗീകാരം ലഭിച്ച വാക്സിനുകൾ പര്യാപ്തമാണെന്നതാണ് ഇതുവരെയുള്ള റിപ്പോർട്ട്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ റിപ്പോർട്ട് ചെയ്യുന്ന കോവിഡ് കേസുകൾ കൂടുതലാണ്. അത് കേരളത്തിലെ സർവലയൻസ് സിസ്റ്റത്തിന്റെ മെച്ചവും റിപ്പോർട്ടിംഗ് സംവിധാനത്തിന്റെ സുതാര്യതയും കണക്കിലെടുക്കുമ്പോൾ പ്രതീക്ഷിക്കാവുന്ന വർദ്ധനവാണ്.
കേരളത്തിൽ മുതിർന്നവർ ഉൾപ്പെടെ ഭൂരിഭാഗം പേരും വാക്സിനേഷൻ എടുത്തത് കൊണ്ട് ആശുപത്രി അഡ്മിഷനുകളിലും ഐസിയു അഡ്മിഷനുകളിലും ഓക്സിജൻ ആവശ്യമായി വരുന്ന കേസുകളിലും വലിയ വർദ്ധനവ് പ്രതീക്ഷിക്കുന്നില്ല. എങ്കിലും പ്രതിരോധത്തിൽ ശ്രദ്ധിക്കണമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു. മാസ്കിന്റെ ഉപയോഗമാണ് പ്രധാനം. ആവശ്യമില്ലാതെ ആശുപത്രികൾ സന്ദർശിക്കാതിരിക്കുക, തുറന്ന സ്ഥലങ്ങളിൽ ചടങ്ങുകൾ വയ്ക്കുക, അടഞ്ഞ മുറികൾ ആണെങ്കിൽ വലിയ വായ സഞ്ചാരമുള്ള മുറികളാണ് നല്ലത്.
ചുമ,മൂക്കൊലിപ്പ്, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവർ വീട്ടിൽ കഴിയുക. പുറത്തുപോയാൽ മാസ്ക് വയ്ക്കണം. അസുഖമുള്ള കുട്ടികളെ സ്കൂളിൽ വിടാതിരിക്കുക. കാരണം അത് മറ്റു കുട്ടികളിലേക്കും കുട്ടികളിൽ നിന്നും വീട്ടിലെ മുതിർന്നവരിലേക്കും രോഗം എത്തും. കോവിഡ് കേസുകൾ മുതിർന്നവരിലും മറ്റു രോഗങ്ങൾ ഉള്ളവരിലും വർദ്ധിക്കുമ്പോൾ സങ്കീർണ്ണതകളുടെ എണ്ണവും മരണങ്ങളും വർധിക്കാം. തിരക്കുള്ളതും അടഞ്ഞതുമായ സ്ഥലങ്ങളിൽ കഴിവതും യാത്ര ഒഴിവാക്കാം. കൈകൾ കൂടെക്കൂടെ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കാം. പ്രത്യേകിച്ച് വീടിനു പുറത്തുപോയി വരുമ്പോൾ പനി,ചുമ, തൊണ്ടവേദന, മൂക്കൊലിപ്പൂ തുടങ്ങിയ ലക്ഷണങ്ങൾ നിസ്സാരമായി കരുതാതിരിക്കുക. ധാരാളം വെള്ളം കുടിച്ച് വിശ്രമിക്കാം. ആരോഗ്യപ്രവർത്തകരുടെ ഉപദേശങ്ങൾ തേടാം.