- Advertisement -Newspaper WordPress Theme
HEALTHമേക്കപ്പ് പതിവായി ഉപയോഗിക്കുന്നവരെ കാർന്നുതിന്നുന്ന മാരക വില്ലൻ, കടുത്ത നടപടിയുമായി കേന്ദ്ര സർക്കാർ

മേക്കപ്പ് പതിവായി ഉപയോഗിക്കുന്നവരെ കാർന്നുതിന്നുന്ന മാരക വില്ലൻ, കടുത്ത നടപടിയുമായി കേന്ദ്ര സർക്കാർ

ആൺ-പെൺ ഭേദമന്യേ ഇന്ന് എല്ലാവരും സൗന്ദര്യവർദ്ധക വസ്തുക്കൾ ഉപയോഗിക്കാറുണ്ട്. മിക്കവരുടെയും ജീവിതത്തിന്റെ ഭാഗമായും ഇവ മാറിയിട്ടുണ്ട്. ചർമ്മ സംരക്ഷണം, മുടി സംരക്ഷണം തുടങ്ങി പല ഉപയോഗത്തിനുള്ള സൗന്ദര്യവർദ്ധക വസ്തുക്കൾ വിപണിയിൽ ലഭ്യമാണ്. ഇതിനിടെ നടിയും മോഡലുമായ ഷെഫാലി ജാരിവാലയുടെ അകാല മരണം ഇത്തരം വസ്തുക്കളിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. ചില സൗന്ദര്യവർദ്ധക വസ്തുക്കൾക്ക് സർക്കാർ വിലക്കേർപ്പെടുത്താൻ ഒരുങ്ങുകയാണെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഒഫ് ഇന്ത്യയുടെ (ഡിസിജിഐ) ശുപാർശ പ്രകാരം മെർക്കുറി അധിഷ്ഠിത സൗന്ദര്യവർദ്ധക വസ്തുക്കൾ നിരോധിക്കുന്നതിനെക്കുറിച്ച് കേന്ദ്രം ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. മെർക്കുറിയും അതിന്റെ സംയുക്തങ്ങളും ഉണ്ടാക്കുന്ന ദോഷകരമായ ഫലങ്ങളിൽ നിന്ന് മനുഷ്യന്റെ ആരോഗ്യത്തെയും പരിസ്ഥിതിയെയും സംരക്ഷിക്കുന്നതിനായി രൂപകൽപ്പന ചെയ്ത ആഗോള മിനാമത കൺവെൻഷന്റെ നി‌ർദേശങ്ങളും സർക്കാർ പരിഗണിക്കുന്നുണ്ടെന്നാണ് സൂചന.ഡിസിജിഐ പാസാക്കിയ ശുപാർശകളുടെ അടിസ്ഥാനത്തിൽ, ഒരു പിപിഎമ്മിൽ (പാർട്ട്‌സ് പെർ മില്യൺ മെർക്കുറി)

കൂടുതൽ അടങ്ങിയ എല്ലാ മെർക്കുറി അധിഷ്ഠിത സൗന്ദര്യവർദ്ധക വസ്തുക്കളും നിരോധിക്കുന്നത് സംബന്ധിച്ചാണ് കേന്ദ്രം പരിഗണിക്കുന്നത്. സൗന്ദര്യവർദ്ധക വസ്തുക്കളുടെ നിർമ്മാണത്തിൽ മെർക്കുറിയുടെ ഉപയോഗം കർശനമായി നിരുത്സാഹപ്പെടുത്തുകയോ അവസാനിപ്പിക്കുകയോ ചെയ്യണമെന്ന് ഡിസിജിഐ ആവശ്യപ്പെടുന്നു.ഇന്ത്യയിൽ, 2020ലെ കോസ്‌മെറ്റിക്‌സ് നിയമപ്രകാരം മെർക്കുറിയുടെ അളവ് പരിമിതപ്പെടുത്തിയിട്ടുണ്ട്.

കണ്ണുകളുടെ മേക്കപ്പിൽ, മെർക്കുറിയുടെ അളവ് 0.007 ശതമാനം കവിയാൻ പാടില്ല. മറ്റ് സൗന്ദര്യവർദ്ധക ഉത്പന്നങ്ങളിൽ, മെർക്കുറി ഒരു പിപിഎമ്മിൽ കൂടരുതെന്നും കോസ്‌മെറ്റിക്‌സ് നിയമത്തിൽ വ്യക്തമാക്കുന്നു. മിനമാത കൺവെഷന്റെ നിർദേശങ്ങൾക്കനുസൃതമായി സൗന്ദര്യവർദ്ധക വസ്തുക്കളിൽ മെർക്കുറിയുടെ ഉപയോഗത്തിൽ കർശന നടപടികൾ സ്വീകരിക്കണമെന്നാണ് ഡിസിജിഐ ഉന്നയിക്കുന്നത്. 20 ബില്യൺ ഡോളറാണ് ഇന്ത്യൻ കോസ്‌മെറ്റിക്‌സ് വിപണിയുടെ മൂല്യം. മെർക്കുറി അടങ്ങിയ ഉത്‌പന്നങ്ങൾ ഇന്ത്യൻ വിപണിയിൽ നിന്ന് ഘട്ടം ഘട്ടമായി നീക്കാനുള്ള ആലോചനയിലാണ് സർക്കാർ.

പ്രാരംഭ നടപടിയായി സൗന്ദര്യവർദ്ധക ഉത്‌പന്നങ്ങൾ നിർമിക്കുന്ന കമ്പനികളോട് മെർക്കുറി ഉപയോഗിക്കുന്നുണ്ടോ എന്ന് സ്വയം പ്രഖ്യാപിക്കാൻ സർക്കാർ ആവശ്യപ്പെട്ടേക്കാമെന്നാണ് വിവരം. തുടർന്ന് സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (സിഡിഎസ്‌സിഒ) തുടങ്ങിയ റെഗുലേറ്റർമാർ ലാബ് പരിശോധനകളും സാമ്പിളുകളും നടത്തുമെന്നും റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നു. ആന്റി-ഏജിംഗ് ക്രീമുകൾ, ഐ മേക്കപ്പ്, സ്‌‌കിൻ വൈറ്റനിംഗ് ലോഷനുകൾ, നെയിൽ പോളിഷുകൾ തുടങ്ങിയ മേക്കപ്പ് ഉത്പന്നങ്ങളിലാണ് മെർക്കുറി കൂടുതലായും ഉപയോഗിക്കുന്നത്.

ചർമം വെളുപ്പിക്കാനുള്ള കഴിവാണ് മെർക്കുറിക്ക് ഡിമാൻഡ് ഉയർത്തുന്നതെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. ചർമ്മത്തിന് തിളക്കം നൽകുന്ന സോപ്പുകൾ, ക്രീമുകൾ, ക്ലെൻസിംഗ് ഉൽപ്പന്നങ്ങൾ, മസ്കാര തുടങ്ങിയ സൗന്ദര്യവർദ്ധക വസ്തുക്കളിൽ മെർക്കുറി ഉപയോഗിക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.മനുഷ്യശരീരത്തെ വളരെ ദോഷകരമായി ബാധിക്കുന്ന രാസമൂലകമാണ് മെർക്കുറി. ചർമം ചുവക്കുക, ചൊറിച്ചിലും പാടുകളും ഉണ്ടാവുക തുടങ്ങിയ ത്വക്ക് സംബന്ധമായ പ്രശ്നങ്ങൾക്ക് ഇത് കാരണമാകുന്നു. മെർക്കുറി അടിസ്ഥാനമാക്കിയുള്ള സൗന്ദര്യവർദ്ധക വസ്തുക്കളുടെ ദീർഘകാല ഉപയോഗം ചർമ്മത്തിൽ വീക്കം ഉണ്ടാക്കുന്ന ഡെർമറ്റൈറ്റിസിന് കാരണമാകുന്നു.

ചർമ്മത്തിന്റെ നിറം സ്ഥിരമായി മാറുന്നതിന് കാരണമാകുമെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.മെർക്കുറി അടിസ്ഥാനമാക്കിയുള്ള സൗന്ദര്യവർദ്ധക വസ്തുക്കൾ ചർമ്മത്തിൽ തുളച്ചുകയറുകയും രക്തപ്രവാഹത്തിൽ പ്രവേശിക്കുകയും ചെയ്യും. ഇത് കേന്ദ്ര നാഡീവ്യൂഹത്തിന് കേടുപാടുകൾ വരുത്തും. വിറയൽ, ഓർമ്മക്കുറവ്, മാനസികാവസ്ഥയിലെ മാറ്റങ്ങൾ, വൈജ്ഞാനിക വൈകല്യങ്ങൾ, നാഡീവ്യവസ്ഥയ്ക്ക് സ്ഥിരമായേൽക്കാവുന്ന കേടുപാടുകൾ തുടങ്ങിയവയ്ക്ക് കാരണമാകാം. മാത്രമല്ല, ഇത് വൃക്ക തകരാറിലേയ്ക്ക് നയിക്കുകയും രോഗപ്രതിരോധ ശേഷിയെ ദുർബലപ്പെടുത്തുകയും ചെയ്യുമെന്നും വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme