- Advertisement -Newspaper WordPress Theme
HEALTHഫേസ് ക്രീമിലെ മെർക്കുറി സന്നിധ്യം, തലച്ചോറിനും നാഡീവ്യവസ്ഥയ്ക്കും അപകടം

ഫേസ് ക്രീമിലെ മെർക്കുറി സന്നിധ്യം, തലച്ചോറിനും നാഡീവ്യവസ്ഥയ്ക്കും അപകടം

മെര്‍ക്കുറിയുടെ സാന്നിധ്യമുള്ള ഫേസ് ക്രീമുകള്‍ നിരോധിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. മെര്‍ക്കുറി അടങ്ങിയ ക്രീമുകള്‍ ത്വക്ക് രോഗങ്ങള്‍ക്ക് കാരണമാകുന്നതിന് പുറമെ തലച്ചോര്‍, നാഡീവ്യവസ്ഥ എന്നിവയെ ദോഷകരമായി ബാധിച്ചേക്കാമെന്നാണ് കണ്ടെത്തല്‍. സൗന്ദര്യവര്‍ധക വസ്തുക്കളില്‍ അപകടകരമായ വസ്തുക്കളുടെ സാന്നിധ്യം കണ്ടെത്താന്‍ സംസ്ഥാന ആരോഗ്യ വകുപ്പ് ഓപ്പറേഷന്‍ സൗന്ദര്യ എന്ന പേരില്‍ പരിശോധന നടത്തിവരുന്നുണ്ട്.

പെട്ടെന്ന് ഫലം കിട്ടുന്നതിന് സൗന്ദര്യ വര്‍ധക ക്രീമുകള്‍, ഐ മേക്കപ്പ്, ആന്റി ഏജിങ് ക്രീമുകള്‍ എന്നിവയില്‍ മെര്‍ക്കുറി ചേര്‍ക്കാറുണ്ടെന്നാണ് വിലയിരുത്തൽ. ഇത് ആരോ​ഗ്യത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് പഠനങ്ങൾ പറയുന്നു. തൊലിപ്പുറത്തെ തടിപ്പുകള്‍, നിറം മാറ്റം, ചര്‍മത്തിലെ പാടുകള്‍, ഓര്‍മക്കുറവ്, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങള്‍ ഇത്തരക്കാരില്‍ കൂടുതലായുണ്ടാകും. ആന്തരികാവയവങ്ങളെ വരെ ബാധിക്കുന്ന തരത്തില്‍ ദൂഷ്യഫലങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ള പദാര്‍ത്ഥങ്ങളാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്.

സൗന്ദര്യ വര്‍ധക വസ്തുക്കളിലെ അപകടകരമായ വസ്തുക്കള്‍ മുലപ്പാലിലൂടെ കുഞ്ഞിലെത്തുകയും തലച്ചോറിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുകയും ചെയ്യുമെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. എന്നാൽ കണ്ണെഴുതാന്‍ ഉപയോഗിക്കുന്ന കണ്‍മഷി പോലുള്ള വസ്തുക്കളില്‍ 70 പാര്‍ട്‌സ് പെര്‍ മില്യന്‍ (പി.പി.എം) വരെ മെര്‍ക്കുറി ഉപയോഗിക്കാന്‍ നിലവിലെ നിയമങ്ങള്‍ അനുവദിക്കുന്നുണ്ട്. മറ്റുള്ള സൗന്ദര്യ വര്‍ധക വസ്തുക്കളില്‍ 1 പിപിഎമ്മാണ് അനുവദനീയ അളവ്.

എല്ലാ സൗന്ദര്യ വര്‍ധക വസ്തുക്കളിലും 1 പിപി എമ്മില്‍ കൂടുതല്‍ മെര്‍ക്കുറി ചേര്‍ക്കാന്‍ പാടില്ലെന്ന നിയമം നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. മനുഷ്യ ആരോഗ്യത്തിന് ഭീഷണിയായ മെര്‍ക്കുറിയുടെ ഉപയോഗം കുറയ്ക്കണമെന്ന മിനാമാത്ത അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ ചട്ടങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇത്തരമൊരു നയം നടപ്പിലായാല്‍ സൗന്ദര്യവര്‍ധക ക്രീമുകളില്‍ മെര്‍ക്കുറിയുടെ സാന്നിധ്യമില്ലെന്ന് നിര്‍മാണ കമ്പനികള്‍ക്ക് സത്യവാങ്മൂലം നല്‍കേണ്ടി വരും. നിര്‍മാണ യൂണിറ്റുകള്‍, ലാബുകള്‍, വില്‍പ്പന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ അപ്രതീക്ഷിത പരിശോധനയും പിടിക്കപ്പെട്ടാല്‍ കനത്ത പിഴയും ലഭിക്കുമെന്നുമാണ് സൂചന. മെര്‍ക്കുറിയുടെ ഉപയോഗം കുറക്കാന്‍ ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മെര്‍ക്കുറസ് ക്ലോറൈഡ്, കലോമെല്‍, മെര്‍ക്കുറിക് അയഡൈഡ് തുടങ്ങിയ പദാര്‍ത്ഥങ്ങള്‍ ചേര്‍ത്തിട്ടുണ്ടെന്ന് രേഖപ്പെടുത്തിയ ഉത്പന്നങ്ങളും ഒഴിവാക്കണം. മെര്‍ക്കുറിയുടെ തന്നെ വകഭേദങ്ങളാണിവ.

ലേബല്‍ നോക്കി മാത്രമേ ഇത്തരം ഉത്പന്നങ്ങള്‍ വാങ്ങാവൂ. എന്തൊക്കെയാണ് ചേര്‍ത്തിരിക്കുന്നതെന്ന് ലേബലില്‍ വ്യക്തമാക്കാത്ത ഒരു ക്രീമും വാങ്ങരുത്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme