മുന്‍പ് എപ്പോഴെങ്കിലും വന്നു പോകുന്ന അതിഥിയായിരുന്നു മാനസിക സമ്മര്‍ദമെങ്കില്‍ ഇന്ന് അത് വീട്ടിലെ ഒരു പ്രധാനിയാണ്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍, തൊഴിലിടത്തിലെ സമ്മര്‍ദം, സോഷ്യല്‍മീഡിയ നോട്ടിഫിക്കേഷന്‍ എന്തിനേറെ പറയുന്നു ദിവസവുമുള്ള ഗതാഗതക്കുരുക്കു പോലും നമ്മെ എത്രത്തോളം സമ്മര്‍ദത്തിലേക്ക് തള്ളിവിടാറുണ്ട്. സമ്മര്‍ദത്തെ വെറുമൊരു വൈകാരിക ഭാരമായിമാത്രം കണക്കാക്കരുത്.
പലര്‍ക്കും തിരിച്ചറയാത്ത ഒന്ന്, വിട്ടുമാറാത്ത സമ്മര്‍ദം ഹൃദയാരോഗ്യത്തെ നിശബ്ദമായി ഇല്ലാതാക്കുകയും പെട്ടെന്ന് ഒരുദിവസം വഷളാകുന്ന തരത്തില്‍ അപകടസാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നുവെന്നതാണ്. ഒരുപക്ഷെ പ്രാഥമിക ഘട്ടത്തില്‍ ലക്ഷണങ്ങള്‍ പ്രകടമാകണമെന്നില്ല. അടിയന്തര ഘട്ടങ്ങളില്‍ സഹായിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ള കോര്‍ട്ടിസോള്‍, അഡ്രിനാലിന്‍ തുടങ്ങിയ ഹോര്‍മോണുകള്‍ സ്ഥിരമായ ഉയര്‍ന്ന നിലയില്‍ തുടരുന്ന ശരീരത്തെ ഫൈറ്റ് ഓര്‍ ഫ്‌ലൈറ്റ് എന്ന പ്രതികരണത്തിലേക്ക് നയിക്കുന്നു. ഇത് ഹൃദയമിടിപ്പ് അതിവേഗത്തിലാക്കാനും രക്തസമ്മര്‍ദം വര്‍ധിക്കാനും രക്തക്കുഴലുകള്‍ക്കുള്ളില്‍ വീക്കം ഉണ്ടാകാനും കാരണമാകുന്നു.
ഇത് നിയന്ത്രിക്കാതിരിക്കുകയോ അവഗണിക്കുകയോ ചെയ്താല്‍ സമ്മര്‍ദം വൈകാരികമായി മാത്രമല്ല, ശാരീരികമായും ദോഷം ചെയ്യും. 30-കളിലോ 40-കളിലോ പ്രായമുള്ള പുറമേ നോക്കുമ്പോള്‍ ആരോഗ്യവാന്മാരായി കാണപ്പെടുന്ന പല ആളുകളിലും ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളുടെ ലക്ഷണങ്ങള്‍ നേരിടുന്നുണ്ടാവാം. നേരിയ അസ്വസ്ഥത, ദഹനക്കേട്, അസാധാരണമായ ക്ഷീണം തുടങ്ങിയ മുന്നറിയിപ്പ് ലക്ഷണങ്ങള്‍ വളരെ നിസാരമായി നമ്മള്‍ തള്ളിക്കളയുകയാണ് പതിവ്. വിശ്രമം അപൂര്‍വവും ആരോഗ്യം പിന്നോട്ട് പോകുന്നതുമായ ഉയര്‍ന്ന സമ്മര്‍ദ ദിനചര്യകള്‍ ഹൃദയത്തിന്റെ ആരോഗ്യം മോശമാക്കും. ചെറിപ്പക്കാര്‍ക്കിടയിലെ നിശബ്ദ ഹൃദയാഘാതം/ഹൃദയസ്തംഭനം എന്നിവയിലെ വര്‍ദ്ധനവാണ് കൂടുതല്‍ ആശങ്കാജനകമായ കാര്യം.
ചെറുപ്പക്കാര്‍ക്കിടയിലും ഹൃദയസംബന്ധ പ്രശ്‌നങ്ങള്‍
സാധാരണ ഇത്തരം അസുഖങ്ങള്‍ 50 വയസിന് ശേഷമാണ് പ്രത്യക്ഷപ്പെടാറുള്ളത്. എന്നാല്‍ കാലം മാറി. ഇക്കാലത്ത്, ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ പലപ്പോഴും വളരെ നേരത്തെ തന്നെ ആളുകളില്‍ വന്നു തുടങ്ങുന്നു.
ക്രമരഹിതമായ ഉറക്കം, ഭക്ഷണം ഒഴിവാക്കുന്നത്, മണിക്കൂറുകള്‍ ഡിജിറ്റല്‍ സ്‌ക്രീനുകളില്‍ ചെലവഴിക്കല്‍, ജോലിസ്ഥലത്ത് നിരന്തരമായ സമ്മര്‍ദം കൈകാര്യം ചെയ്യല്‍ എന്നിവ ഹൃദയ സംബന്ധമായ അപകടസാധ്യതകളെ പുനര്‍നിര്‍മ്മിക്കുന്നു. കുടുംബ ചരിത്രമില്ലെങ്കില്‍ പോലും, ഉദാസീനമായ ജീവിതശൈലി തിരഞ്ഞെടുക്കുന്നത് ചെറുപ്പക്കാരെ അപകടത്തിലാക്കുന്നു.
കൂടാതെ സമ്മര്‍ദം ഒഴിവാക്കാന്‍ അമിതമായി കാപ്പി പോലുള്ള കഫീന്‍ ഉപയോഗം, പുകവലി, ജങ്ക് ഫുഡ് തുടങ്ങിയവ താല്‍ക്കാലിക ആശ്വാസം നല്‍കിയേക്കാമെങ്കിലും ഹൃദയ സംബന്ധമായ അവസ്ഥകളെ കൂടുതല്‍ വഷളാക്കുന്നു.
ജീവിതശൈലി ശീലങ്ങള്‍
ഹൃദയത്തെ പരിപാലിക്കുന്നതിന് ലളിതവും ബോധപൂര്‍വവുമായ തിരഞ്ഞെടുപ്പുകളാണ് വേണ്ടത്.
പഴകിയ ഭക്ഷണം ഒഴിവാക്കുക, ദിവസേന കുറഞ്ഞത് 30 മിനിറ്റ് വ്യായാമത്തിനായി മാറ്റിവെയ്ക്കുക, ഗുണനിലവാരമുള്ള ഉറക്കം, ഡിജിറ്റല്‍ സ്‌ക്രീനുകളില്‍ നിന്ന് ബ്രേക്ക് എടുക്കുക തുടങ്ങിയവ ശരീരത്തെയും മനസിനെയും ശാന്തമാക്കാനും സമ്മര്‍ദം കുറയ്ക്കാനും സഹായിക്കും.
യോഗ, മെഡിറ്റേഷന്‍, അല്ലെങ്കില്‍ ജോലി ഇടവേളകളില്‍ ഹ്രസ്വ നടത്തം എന്നിവ പോലുള്ള പരിശീലനങ്ങള്‍ നിങ്ങളുടെ ദൈനംദിന ജീവിതത്തില്‍ ഉള്‍പ്പെടുത്തുന്നത് സമ്മര്‍ദ്ദ നിലകള്‍ ഗണ്യമായി കുറയ്ക്കുകയും ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുകയും ചെയ്യും.
രോഗലക്ഷണങ്ങളുടെ അഭാവത്തില്‍ പോലും പതിവ് ഹൃദയ പരിശോധനകള്‍ നടത്തുന്നത് നിര്‍ബന്ധമാക്കണം. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അല്ലെങ്കില്‍ ഉയര്‍ന്ന കൊളസ്‌ട്രോള്‍ പോലുള്ള അവസ്ഥകളുള്ളവര്‍ക്ക്, വാര്‍ഷിക സ്‌ക്രീനിങ്ങുകള്‍ കൂടുതല്‍ പ്രാനപ്പെട്ടതാണ്.
ഇസിജി, ലിപിഡ് പ്രൊഫൈല്‍ അല്ലെങ്കില്‍ ട്രെഡ്മില്‍ ടെസ്റ്റ് പോലുള്ള ലളിതമായ പരിശോധനകള്‍ ഹൃദയ സംബന്ധമായ പ്രവര്‍ത്തനത്തെക്കുറിച്ച് വിലയിരുത്താന്‍ സഹായിക്കും.
വഷളാകുന്നതിന് മുന്‍പ് തന്നെ ഹൃദയം അപകട സൂചനകള്‍ തന്നു തുടങ്ങും. പ്രതിരോധം എല്ലാപ്പോഴും ചികിത്സയേക്കാള്‍ നല്ലതാണ്. ഇന്ത്യയില്‍ ഹൃദയസംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്നുള്ള മരണം വര്‍ധിച്ചു വരികയാണ്. നാലില്‍ ഒരാള്‍ക്ക് വീതം ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാനും മരണം സംഭവിക്കാനുമുള്ള സാധ്യതയുണ്ടെന്നാണ് പല പഠനങ്ങളും പറയുന്നത്. വ്യക്തമായ ലക്ഷണങ്ങളില്ലാത്തതിനാല്‍, ഹൃദയാഘാതം അല്ലെങ്കില്‍ പക്ഷാഘാതം പോലുള്ള ഗുരുതരമായ ആരോഗ്യപ്രശ്‌നം അനുഭവപ്പെടുന്നതുവരെ മിക്ക വ്യക്തികളും ലക്ഷണങ്ങളെ നിസാരമാക്കുന്നു.