പ്രഭാത ഭക്ഷണം ഒരു ദിവസത്തെ ആദ്യത്തെ ഭക്ഷണമാണ്. അതാണ് ഏറ്റവും ആരോഗ്യകരമായ ഭക്ഷണം. രാവിലെ ശരീരത്തിന് ആവശ്യമായ ഊര്‍ജവും പോഷകങ്ങളും സമ്മാനിക്കുന്നതാവണം പ്രഭാത ഭക്ഷണം. അതുകൊണ്ട് തന്നെ നല്ല ആരോഗ്യത്തിലേക്കാവണം ഓരോ പ്രഭാതവും. ശരീര വളര്‍ച്ചയ്ക്കും വികാസത്തിനും പ്രാതല്‍ നിര്‍ബന്ധമാണ്. ഏതാണ്ട് ഒരു പകലിന്റെ അത്രയും തന്നെ ദൈര്‍ഘ്യമുള്ള രാത്രിയുടെ ഇടവളയ്ക്ക് ശേഷമുള്ള ഭക്ഷണമായതുകൊണ്ട് തന്നെ പ്രാതല്‍ ഒരിക്കലും ഒഴിവാക്കരുതെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
ഇന്ത്യക്കാരായ നമുക്ക് ദോശ, ഇഡ്ഡിലി, ഉപ്പുമാവ്, പുട്ട് എന്നിങ്ങനെ ധാരാളം വിഭവങ്ങള്‍ ഉണ്ടെങ്കിലും ചിലര്‍ എളുപ്പത്തില്‍ ഉണ്ടാക്കാനും ചൂടോടെ കഴിക്കാനും ധാരാളം മറ്റുള്ളതും പ്രഭാത ഭക്ഷണമാക്കാറുണ്ട്. എന്നാല്‍ ഇതൊക്കെ ആരോഗ്യകരമായ ഭക്ഷണമാണ് കഴിക്കുന്നതെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും വാസ്തവത്തില്‍ അത് അങ്ങനെയല്ല.
ഡയറ്റീഷ്യനായ ശ്വേത സാഹ അഭിപ്രായപ്പെടുന്നത് പ്രകാരം വിറ്റാമിനുകളും ധാതുക്കളും മൈക്രോ ന്യൂടിയന്റുകളൊക്കെ കൊണ്ട് സമ്പന്നമായ ഭക്ഷണങ്ങള്‍ കഴിക്കാനുള്ള അവസരമാണ് പ്രഭാത ഭക്ഷണം എന്നതാണ്. ഇവയൊക്കെ നിങ്ങളുടെ ശരീരത്തിന് വലിയ അളവില്‍ ആവശ്യമാണ്. ഈ സൂക്ഷ്മ പോഷകങ്ങളാണ് നിങ്ങളുടെ ശരീരത്തിന് ഊര്‍ജം നല്‍കുന്നത്. മിക്ക ഭക്ഷണങ്ങളും സമീകൃതാഹാരത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയുമെങ്കിലും ആനാരോഗ്യകരമായ ഭക്ഷണങ്ങളുമുണ്ട്. ഇതില്‍ പൂരിത കൊഴുപ്പുകളും സോഡിയവും കൂടുതലാണ്. നാരുകളും പ്രൊട്ടീനുകളും കുറവാണ്. അതുകൊണ്ട് തന്നെ പ്രഭാത ഭക്ഷണമായി നിങ്ങള്‍ കഴിക്കരുതെന്ന് സാഹ പറയുന്ന ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.
പഞ്ചസാര അടങ്ങിയ ധാന്യങ്ങള്‍
ഇവ എളുപ്പത്തിലും സൗകര്യപ്രദവും രുചികരവുമായ പ്രഭാതഭക്ഷണ ഓപ്ഷന്റെ പേരിലാണ് ജനപ്രിയമായത്. എന്നാല്‍ സീരിയലുകളില്‍ പഞ്ചസാര കൂടുതലും പോഷകങ്ങളുടെ അഭാവവും ഉള്ളതിനാല്‍ പ്രഭാതഭക്ഷണത്തിന് ഇവ അനാരോഗ്യകരമായ പ്രഭാത ഭക്ഷണമാണ്. മിക്ക പഞ്ചസാര അടങ്ങിയ ധാന്യങ്ങളും അധിക പഞ്ചസാരയും നാരുകള്‍ കുറവുള്ള ശുദ്ധീകരിച്ച ധാന്യങ്ങളും ഉപയോഗിച്ചാണ് നിര്‍മ്മിക്കുന്നത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ ദ്രുതഗതിയിലുള്ള വര്‍ദ്ധനവിന് കാരണമാകും. കൂടാതെ, ഈ പ്രഭാതഭക്ഷണ ധാന്യങ്ങളില്‍ പ്രോട്ടീനുകളൊന്നുമില്ലാത്തതിനാല്‍ പെട്ടെന്ന് വയറു നിറയുന്നതായി തോന്നും.
ബേക്കറി ഇനങ്ങള്‍
പ്രഭാതഭക്ഷണത്തില്‍ ക്രോസന്റസ്, മഫിനുകള്‍, ഡോനട്ട്‌സ് എന്നിവ കഴിക്കാന്‍ പലരും ഇഷ്ടപ്പെടാറുണ്ട്. എന്നാല്‍ അവ ഏറ്റവും അനാരോഗ്യകരമായ ഭക്ഷണമാണ്. ശുദ്ധീകരിച്ച മാവും പഞ്ചസാരയും അനാരോഗ്യകരമായ കൊഴുപ്പക്കൊക്കെ ഉപയോഗിച്ചാണ് ഇവ നിര്‍മിക്കുന്നത്. ഇത് കലോറി കൂടുതലുള്ളതാക്കുകയും പോഷകമൂല്യം കുറവായിരിക്കുകയും ചെയ്യും.
ബേക്കറി ഇനങ്ങളില്‍ കാര്‍ബോഹൈഡ്രേറ്റുകള്‍ കൂടുതലും പ്രോട്ടീന്‍, നാരുകള്‍, വിറ്റാമിനുകള്‍ തുടങ്ങിയ അവശ്യ പോഷകങ്ങള്‍ കുറവുമാണ്. കാര്‍ബോഹൈഡ്രേറ്റ് കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ വര്‍ദ്ധനവിന് കാരണമാകും. ഇത് പ്രഭാതഭക്ഷണത്തിന് തൊട്ടുപിന്നാലെ വിശപ്പ് മാറുമെങ്കിലും കുറഞ്ഞ സമയത്തിനുള്ളില്‍ നിങ്ങള്‍ക്ക് വിശക്കുന്നതായും തോന്നും. മാത്രമല്ല ശരീരഭാരം വര്‍ധിപ്പിക്കുന്നതിനും ഇത് കാരണമാകും.
രുചിയുള്ള ഓട്സ്മീല്‍
പരമ്പരാഗത ഓട്സില്‍ നാരുകളും സസ്യാധിഷ്ഠിത പ്രോട്ടീനും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരമായ കുടലിലെ മൈക്രോബയോമിന് മികച്ചതാവുകയും കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു. ഇതുകൊണ്ട് തന്നെ ദീര്‍ഘനേരം വയറു നിറഞ്ഞതായി അനുഭവപ്പെടും.
വിറ്റാമിനുകളും ധാതുക്കളും കൊണ്ട് സമ്പുഷ്ടമായ പരമ്പരാഗത ഓട്സ് നല്ലൊരു ഭക്ഷണമാണ്. എന്നിരുന്നാലും, രുചിയുള്ള തല്‍ക്ഷണ ഓട്സ് അതേ ആരോഗ്യ ഗുണങ്ങള്‍ ലഭിക്കണമെന്നില്ല. രാവിലെ ചൂടോടെ ധാന്യങ്ങളൊക്കെ കഴിക്കാന്‍ പലരും ഇഷ്ടപ്പെടുന്നവരുണ്ട്. അതിനായി ഓട്സ് തിരഞ്ഞെടുക്കുകയും ചെയ്യും. െന്നാല്‍ അവയിലെ ചേരുവകള്‍ പോഷക മൂല്യം കുറച്ചേക്കാം. ഈ ഫ്‌ലേവര്‍ഡ് ഓട്സ് പാക്കറ്റുകളില്‍ പലപ്പോഴും പഞ്ചസാരയും കൃത്രിമ അഡിറ്റീവുകളും കൂടുതലാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ വര്‍ദ്ധനവിന് കാരണമാകും.
വറുത്തതും പൊരിച്ചതും
വറുത്ത ഉരുളക്കിഴങ്ങ് ഉപയോഗിച്ച് ഉണ്ടാക്കുന്ന ഹാഷ് ബ്രൗണില്‍ അനാരോഗ്യകരമായ കൊഴുപ്പുകള്‍, കലോറികള്‍, സോഡിയം എന്നിവ കൂടുതലാണ്. പൊട്ടാസ്യത്തിന്റെയും മറ്റ് പോഷകങ്ങളുടെയും നല്ല ഉറവിടമാണ് ഉരുളക്കിഴങ്ങ്. എന്നാല്‍ എണ്ണയില്‍ വറുക്കുന്നത് അവയുടെ പോഷകമൂല്യം കുറയ്ക്കുന്നു. സോഡിയം കൂടുതലുള്ള ഹാഷ് ബ്രൗണ്‍ നിങ്ങളുടെ ഹൃദയത്തിന് വലിയ അപകടമുണ്ടാക്കും.
പാന്‍കേക്കുകള്‍
പ്രഭാതഭക്ഷണ ഓപ്ഷനുകളുടെ പുതിയൊരു ഫാഷനാണ് പാന്‍കേക്കുകള്‍. ശുദ്ധീകരിച്ച മാവ് ഉപയോഗിച്ച് ഉണ്ടാക്കുകയും വെണ്ണയും പഞ്ചസാര സിറപ്പുകളും ചേര്‍ത്ത് തയാറാക്കുകയും ചെയ്യുന്ന ഒരു വിഭവമാണിത്. ഇത് ആരോഗ്യപ്രദമല്ല. പാന്‍കേക്കുകളില്‍ നാരുകള്‍ കുറവായതിനാല്‍ നിങ്ങളുടെ ശരീരം കാര്‍ബോഹൈഡ്രേറ്റുകള്‍ വേഗത്തില്‍ ദഹിപ്പിക്കുന്നു. ഇത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കുകയും ശരീരത്തിലെ അധിക ഗ്ലൂക്കോസിനെ ചെറുക്കാന്‍ ശരീരം ഇന്‍സുലിന്‍ പുറത്തുവിടുമ്പോള്‍ അത് കുറയുകയും ചെയ്യുന്നു. പാന്‍കേക്കുകള്‍ കഴിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഗോതമ്പ് മാവ് ഉപയോഗിച്ച് ഉണ്ടാക്കാന്‍ ശ്രമിക്കുക. കാരണം അതില്‍ കൂടുതല്‍ നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് കുടലിന്റെ ആരോഗ്യത്തിന് മികച്ചതാണ്.
ബ്രെഡ് ടോസ്റ്റ്
തയ്യാറാക്കാന്‍ സൗകര്യപ്രദമാണെങ്കിലും വൈറ്റ് ടോസ്റ്റില്‍ ശുദ്ധീകരിച്ച മാവ് കൊണ്ടാണ് ഉണ്ടാക്കുന്നത്. അതില്‍ നാരുകള്‍ കുറവാണ്. കുടല്‍ മൈക്രോബയോമും മെറ്റബോളിക് ആരോഗ്യവും മെച്ചപ്പെടുത്തുന്നതിന് വൈറ്റ് ബ്രെഡിന് പകരം കൂടുതല്‍ നാരുകള്‍ അടങ്ങിയ ഓപ്ഷനുകള്‍ ചേര്‍ക്കുന്നതാണ് നല്ലത്.
മധുരപലഹാരങ്ങള്‍
രാവിലെ തിരക്കിട്ട് പ്രഭാതഭക്ഷണം കഴിക്കാതെ വീട്ടില്‍ നിന്ന് ഇറങ്ങുന്ന പലരും ആദ്യ ഭക്ഷണമായി മധുരപലഹാരങ്ങള്‍ തെരെഞ്ഞെടുക്കാറുണ്ട്. ഇത് ആ സമയത്ത് വയറു നിറച്ചേക്കാം. പക്ഷേ ഇതില്‍ നാരുകളും പ്രോട്ടീനും കുറവായതിനാല്‍ പ്രഭാതഭക്ഷണത്തിന് ഇത് നല്ലതല്ല. പോഷക ഗുണങ്ങള്‍ കുറവുള്ള ഗുണനിലവാരമില്ലാത്ത ചേരുവകള്‍ ചേര്‍ത്തായിരിക്കും ഇത് ഉണ്ടാക്കുന്നത്. പതിവായി കഴിക്കുന്നത് ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കും.
സാന്‍ഡ്വിച്ചുകള്‍
വീട്ടില്‍ ഉണ്ടാക്കുന്നതാണെങ്കില്‍ കുഴപ്പമില്ല പക്ഷേ ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റില്‍ നിന്നാണ് ഇവ കഴിക്കുന്നതെങ്കില്‍ അത് അത്ര ശരിയായ തിരഞ്ഞെടുപ്പല്ല. ഈ സാന്‍ഡ്വിച്ചുകളില്‍ പൂരിത കൊഴുപ്പ്, ശുദ്ധീകരിച്ച പഞ്ചസാര, സോഡിയം എന്നിവ കൂടുതലാണ്. പ്രഭാതഭക്ഷണമായി സാന്‍ഡ്വിച്ചുകള്‍ തിരെഞ്ഞടുക്കാറുണ്ട്. അതില്‍ പലപ്പോഴും നാരുകളും മറ്റ് പ്രധാന പോഷകങ്ങളും ഇല്ല.