മഴക്കാലം എന്നാല്‍ അസുഖങ്ങളുടെ കാലം കൂടിയാണെന്ന് പറയാറുണ്ട്. ഒന്നുമില്ലെങ്കില്‍ ചെറിയൊരു ജലദോഷമോ മൂക്കടപ്പോ ഒക്കെ മഴക്കാലത്ത് ബാധിക്കാത്തവരായി ആരുമുണ്ടാകില്ല. മൂക്കടപ്പും തലവേദനയും തൊണ്ടവേദനയും ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ടുമൊക്കെയായി ജലദോഷക്കാലം തെല്ലൊന്നുമല്ല നമ്മെ വലയ്ക്കാറ്.
സാധാരണ ഗതിയില്‍ ഇത്തരം ബുദ്ധിമുട്ടുകളുണ്ടായാല്‍ എന്താണ് ചെയ്യുക. ചിലര്‍ ഡോക്ടറെ കണ്ട് മരുന്ന് കഴിക്കും. ചിലരാണെങ്കില്‍ മെഡിക്കല്‍ സ്റ്റോറില്‍ ചെന്ന് തങ്ങളുടെ പ്രശ്നം പറഞ്ഞ് ഗുളിക വാങ്ങി കഴിക്കാറാണ് പതിവ്. എന്നാല്‍ ഡോക്ടറുടെ കൃത്യമായ നിര്‍ദേശമില്ലാതെ മരുന്ന് കഴിക്കുന്നത് അത്ര നല്ലതല്ല. ഭാവിയില്‍ വലിയ പ്രശ്നങ്ങളുണ്ടാകാന്‍ ഇത് കാരണമാകും.
പക്ഷേ ഡോക്ടറോ മരുന്നോ ഒന്നും ഇല്ലാതെ, അടുക്കളയില്‍ സാധാരണയായി കാണുന്ന ചില സാധനങ്ങളുണ്ടെങ്കില്‍ നമുക്ക് ഏത് ജലദോഷത്തെയും പമ്പകടത്താന്‍ കഴിയുന്ന ഒരു മരുന്നുണ്ടാക്കാം. ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്ന വസ്തുക്കള്‍ ആയതിനാല്‍ ആരോഗ്യത്തിന് മോശം വരുമെന്ന ഭയവും വേണ്ട.
ചുക്കു കാപ്പി എന്ന് കേള്‍ക്കാത്ത മലയാളികള്‍ ചുരുക്കമാണ്. എരിവും മധുരവും എല്ലാം സമം ചേര്‍ന്നൊരു കിടിലന്‍ ഒറ്റമൂലി. ഒറ്റവലിക്ക് കുടിച്ച് തീര്‍ക്കാം, ഏത് ജലദോഷവും പമ്പ കടക്കും. ഈ ഹോം മേഡ് ഹെര്‍ബല്‍ ടീ എങ്ങനെ തയാറാക്കാം എന്ന് നോക്കാം.
ആവശ്യമായ ചേരുവകള്‍
ചുക്ക് (ഇഞ്ചിയും ആവാം) – ഒരു വലിയ കഷണം
വെളുത്തുള്ളി – പകുതി തുടം
കുരുമുളക് – നാല് ടീ സ്പൂണ്‍
ചെറിയ ജീരകം – ഒരു ടീസ്പൂണ്‍
തുളസി (പുതിനയും ഉപയോഗിക്കാം) – രണ്ട് കതിര്
ശര്‍ക്കര – ആവശ്യത്തിന്
ഉപ്പ് – ഒരു നുള്ള്
തയാറാക്കുന്ന വിധം
വെളളം തിളപ്പിച്ച് ചുക്ക്/ഇഞ്ചി, കുരുമുളക്, വെളുത്തുള്ളി, ചെറിയ ജീരകം, തുളസി, എന്നിവ ചേര്‍ക്കുക. ശേഷം വീണ്ടും നന്നായി തിളപ്പിക്കുക. ഇതിലേക്ക് മധുരത്തിന് ആവശ്യമായ ശര്‍ക്കര ചേര്‍ക്കുക. മധുരം ബാലന്‍സ് ചെയ്യുന്നതിനായി അല്പം ഉപ്പ് ചേര്‍ക്കുക. രുചിയും ഗുണവും ഏറെയുള്ള ചുക്ക് കാപ്പി തയാറായി.