അത്ര ആരോഗ്യകരമല്ലെങ്കിലും ആവശ്യത്തിന് വെള്ളം കുടിക്കാന്‍ മറന്ന ദിവസങ്ങള്‍ ഇടയ്ക്കിടെ ഉണ്ടാകാറില്ലേ?. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടക്കണമെങ്കില്‍ മതിയായ ജലാംശം ശരീരത്തില്‍ ഉണ്ടാകേണ്ടത് പ്രധാനമാണ്. അമിതമായ നിര്‍ജ്ജലീകരണം ഹൃദയമിടിപ്പിനെയും തലച്ചോറിന്റെ ആരോഗ്യത്തെയും സാരമായി ബാധിക്കാം. മാത്രമല്ല, ദീര്‍ഘകാല നിര്‍ജ്ജലീകരണം വൃക്കകളില്‍ കല്ലുകള്‍ രൂപപ്പെടാനും കാരണമായേക്കാം.
പകല്‍ വെള്ളം കുടിക്കാന്‍ മറന്നാല്‍ പലപ്പോഴും നമ്മള്‍ തുടര്‍ച്ചയായി വലിയൊരു അളവില്‍ വെള്ളം വൈകുന്നേരം കുടിക്കാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ ഈ പ്രവണത തികച്ചും തെറ്റാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഓരേ സമയം വലിയൊരു അളവില്‍ വെള്ളം ശരീരത്തില്‍ എത്തുന്നത് ശരീരത്തിലെ സോഡിയത്തിന്റെ അളവു കുറയാന്‍ ഇത് കാരണമാകും. മാത്രമല്ല രക്തത്തിലെ ഇലക്ട്രോലൈറ്റുകള്‍ അല്‍പം നേര്‍ത്തു പോകുന്നതിലേക്കും ഇത് നയിക്കും.
ഇത് തലകറക്കം, ക്ഷീണം, തളര്‍ച്ച, മാനസിക വ്യക്തതയില്ലായ്മ പോലുള്ള ലക്ഷണങ്ങള്‍ക്ക് കാരണമാകും.
രാത്രിയില്‍ ജലാംശം നിലനിര്‍ത്താന്‍ ചില ടിപ്‌സ്
വൈകുന്നേരം വലിയൊരളവില്‍ വെള്ളം നേരിട്ട് കുടിക്കുന്നതിന് പകരം, കുറച്ച് വെള്ളം കുടിക്കുകയും സൂപ്പ്, സാലഡ് പോലുള്ള ജലാംശം അടങ്ങിയ അത്താഴം കഴിക്കാന്‍ ശ്രമിക്കുക.
മദ്യം പോലുള്ള നിര്‍ജ്ജലീകരണം വഷളാക്കുന്ന പാനീയങ്ങള്‍ ഒഴിവാക്കുന്നതും നല്ലതാണ്.
കഫീന്‍ ഒരു ഡൈയൂററ്റിക് ആയതിനാല്‍, വൈകുന്നേരം കാപ്പി അല്ലെങ്കില്‍ ചായ പോലുള്ളവ ഒഴിവാക്കാം.
സ്ത്രീകള്‍ പ്രതിദിന 11.5 കപ്പ് (2.7 ലിറ്റര്‍) വെള്ളവും പുരുഷന്മാര്‍ക്ക് 15.5 കപ്പ് (3.7 ലിറ്റര്‍) വെള്ളവും കുടിക്കണമെന്നാണ് പൊതുവായ മാര്‍ഗനിര്‍ദേശം. എന്നാല്‍ പ്രായം, ശരീരഭാരം, ശാരീരിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ നിരവധി ഘടകങ്ങളെ ആശ്രയിച്ച് ആവശ്യമായ വെള്ളത്തിന്റെ അളവു മാറുകയും ചെയ്യാം.
എന്നാല്‍ വെള്ളത്തില്‍ നിന്ന് മാത്രമല്ല ശരീരത്തിന് ജലാംശ കിട്ടുന്നത്. ഭക്ഷണത്തില്‍ നിന്നും ജലാംശത്തെ ശരീരം ഉപയോഗപ്പെടുത്തുന്നുണ്ട്.
ജലാംശം അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്താം
പഴങ്ങളിലും പച്ചക്കറികളിലുമാണ് ജലാംശം ഏറ്റവും കൂടുതല്‍ അടങ്ങിയിരിക്കുന്നത്. കുക്കുമ്പര്‍, തക്കാളി, ലെറ്റൂസ്, മുന്തിരി, തണ്ണിമത്തന്‍, ഓറഞ്ച് എന്നിവ തെരഞ്ഞെടുക്കുന്നത് മികച്ചതാണ്.
കൂടാതെ തൈര്, സൂപ്പുകള്‍, സ്മൂത്തി തുടങ്ങിയ ദ്രാവക ഭക്ഷണങ്ങളും മികച്ച തിരഞ്ഞെടുപ്പുകളാണ്.
വെള്ളം ഉണ്ടെങ്കിലും കുടിക്കാനുള്ള മടിയാണ് പ്രശ്‌നമെങ്കില്‍, വെള്ളത്തിന് അല്‍പം ഫ്‌ലേവര്‍ ചെയ്തു കുടിക്കാവുന്നതാണ്. നാരങ്ങ, വെള്ളരി, പുതിന എന്നിവ വെള്ളത്തില്‍ കലര്‍ത്തുന്നത് മറ്റൊരു മികച്ച ഓപ്ഷനാണ്.