സ്ത്രീകളില്‍ പ്രായമെത്തും മുമ്പയുള്ള ആര്‍ത്തവ വിരാമം വര്‍ധിച്ചുവരുന്നതായി പഠന റിപ്പോര്‍ട്ടുകള്‍. 40 വയസെത്തുന്നതിന് മുന്‍പ് തന്നെ സ്ത്രീകളിലെ അണ്ഡാശയത്തിന്‍റെ പ്രവര്‍ത്തനം നിലയ്ക്കുന്ന അവസ്ഥയാണ് അകാല ആര്‍ത്തവിരാമം ( Premature Menopause) എന്നു പറയുന്നത്. ഇരുപതുകളിലുള്ള സ്ത്രീകളില്‍ വരെ അകാല ആര്‍ത്ത വിരാമ ലക്ഷണങ്ങള്‍ വ്യാപകമായി കണ്ടതോടെയാണ് ഇതുസംബന്ധിച്ച് പഠനം ആരംഭിച്ചത്. സ്വാഭാവികമായ ആര്‍ത്തവ വിരാമത്തില്‍ നിന്നും ഇത് വ്യത്യസ്തമാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
സാധാരണയായി 45–55 വയസിലാണ് സ്ത്രീകളില്‍ ആര്‍ത്തവ വിരാമം സംഭവിക്കുന്നത്. എന്നാല്‍ അകാല ആര്‍ത്തവ വിരാമമുള്ളവരില്‍ യൗവ്വനത്തില്‍ തന്നെ അണ്ഡോല്‍പാദനം ഗണ്യമായി കുറയുകയും നിലയ്ക്കുകയും വന്ധ്യതയ്ക്ക് വഴി വയ്ക്കുകയും ചെയ്യുന്നു. പാരമ്പര്യമാണ് പ്രധാനം. അമ്മയ്ക്കും കുടുംബത്തിലെ മറ്റ് സ്ത്രീകള്‍ക്കും ആര്‍ത്തവ വിരാമം നേരത്തേ സംഭവിച്ചിട്ടുണ്ടെങ്കില്‍ പെണ്‍മക്കളിലും ഇത് തുടരാം. റേഡിയേഷന്‍, പ്രതിരോധശേഷിക്കുറവ്, പുകവലി, മദ്യപാനം എന്ന് തുടങ്ങി ഒട്ടേറെ കാരണങ്ങള്‍ സമയമെത്തും മുന്‍പുള്ള ആര്‍ത്തവ വിരാമത്തിന് കാരണമായേക്കുമെന്ന് വിദഗ്ധര്‍ വിശദീകരിക്കുന്നു. ഇങ്ങനെ നേരത്തെ ആര്‍ത്തവിരാമം സംഭവിക്കാന്‍ സാധ്യതയുള്ള സ്ത്രീകളിലും ആര്‍ത്തവം പതിവുപോലെ ഉണ്ടാകാമെന്നും എന്നാല്‍ അണ്ഡോല്‍പാദനത്തിന്‍റെ നിരക്ക് കുറവായിരിക്കുമെന്നും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.
ആന്‍റി മില്ലറിയന്‍ ഹോര്‍മോണ്‍ ടെസ്റ്റ്, അള്‍ട്രാ സൗണ്ട് പരിശോധനയിലൂടെ ആന്‍ട്രല്‍ ഫോളികിള്‍ കൗണ്ട് തുടങ്ങിയ പരിശോധിച്ചാല്‍ അണ്ഡോല്‍പാദനത്തില്‍ കുറവുണ്ടോ എന്നത് സംബന്ധിച്ച് കൃത്യമായി അറിയാനും ചികിത്സ ആരംഭിക്കാനും സാധിക്കുമെന്നതാണ് വസ്തുത. സ്ത്രീ ശരീരത്തില്‍ എത്ര അണ്ഡങ്ങള്‍ കൂടി ശേഷിക്കുന്നുവെന്ന് കണ്ടെത്താന്‍ ഇത്തരം പരിശോധനകള്‍ സഹായിക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.