ഹെൻലി പാസ്‌പോർട്ട് സൂചിക 2025-ൽ നില മെച്ചപ്പെടുത്തിയതോടെ ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് വിസ ഇല്ലാതെ തന്നെ കൂടുതൽ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള അവസരമൊരുങ്ങുന്നു. പാസ്‌പോർട്ടുകളുടെ ശക്തി അളക്കുന്ന ഹെൻലി പാസ്‌പോർട്ട് ഇൻഡെക്സ് പ്രകാരം ഒറ്റയടിക്കാണ് ഇന്ത്യൻ പാസ്‌പോർട്ട് 85-ാം സ്ഥാനത്ത് നിന്ന് 77-ാം സ്ഥാനത്തെത്തിയത്. കഴിഞ്ഞവർഷം അഞ്ച് പോയിന്റുകൾ പിന്തള്ളപ്പെട്ട ഇന്ത്യൻ പാസ്‌പോർട്ടിന് പുതിയ ഉയർച്ച വൻ നേട്ടം തന്നെയാണ്. എന്നാൽ ഇന്ത്യയിലേക്ക് പ്രവേശിക്കാനാവുന്ന വീസ ഫ്ര ആയ രാജ്യങ്ങളുടെ എണ്ണം 59 ആണ്.
പ്രവേശന വിസയ്ക്ക് അപേക്ഷിക്കാതെ തന്നെ പാസ്പോർട്ട് ഉപയോഗിച്ച് യാത്ര ചെയ്യാൻ അനുവദിക്കുന്ന രാജ്യങ്ങളെയാണ് വിസ ഫ്രീ കൺട്രീസ് എന്ന് വിശേഷിപ്പിക്കുന്നത്. വിസയ്ക്ക് അപേക്ഷ സമർപ്പിച്ചുള്ള കാത്തിരിപ്പും പണച്ചെലവും ഉൾപ്പെടെയുള്ളവയാണ് ഇതുവഴി ലാഭം. വിമാന ടിക്കറ്റിന്റെ ചിലവ് മാത്രമായിരിക്കും ഇത്തരം രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ വരുന്ന മുടക്ക്. ഇങ്ങനെ എത്തുന്ന യാത്രക്കാർക്ക് ആഴ്ചകളോളം താമസിക്കാനുള്ള അനുമതിയും ചില രാജ്യങ്ങൾ നൽകുന്നുണ്ട്.
ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്കായി കൂടുതൽ രാജ്യങ്ങളിൽ പ്രവേശനം അനുവദിച്ചതോടെ 30 രാജ്യങ്ങളിലേക്ക് വിസയില്ലാതെയും 29 രാജ്യങ്ങളിലേക്ക് ഓൺ അറൈവൽ വിസയിലും യാത്ര ചെയ്യാൻ സാധിക്കും.
യാത്രയ്ക്ക് മുമ്പ് എംബസ്സി മുഖേനയോ ഓൺലൈനായോ അപേക്ഷിക്കാതെ തന്നെ ആ രാജ്യത്ത് എത്തിയ ശേഷം ലഭിക്കുന്ന വിസയാണ് ഓൺ അറൈവൽ വിസ. ഇത്തരം രാജ്യങ്ങളിൽ എത്തിയ ശേഷം ഓൺ അറൈവൽ വിസ കൗണ്ടറിലെത്തി വിസ എടുക്കാനാകും. പാസ്‌പോർട്ട്, മടക്കയാത്രയ്ക്കുള്ള ടിക്കറ്റ്, ഹോട്ടൽ ബുക്കിങ് റെസീപ്റ്റ് തുടങ്ങിയ രേഖകൾ ഉൾപ്പെടെ അപേക്ഷ നൽകിയാൽ ഇത്തരം വിസ ലഭിക്കും. ഇത് ലഭിച്ചാൽ പിന്നെ ആ രാജ്യത്ത് സഞ്ചരിക്കാൻ വിലക്ക് നേരിടില്ല.