എല്ലാവരുടെയും അടുക്കളയില്‍ ഒഴിച്ചുകൂടാനാവാത്ത ഒരു സാധാരണ ഭക്ഷണ പദാര്‍ഥമാണ് പാല്. പാല്‍ ആരോഗ്യത്തിന് വളരെ ഗുണപ്രദമാണ്. ധാരാളം പോഷക ഗുണങ്ങളുള്ള പാലില്‍ മായം കലര്‍ന്നതാണോ എന്ന് എങ്ങനെ അറിയാം? നൂറ് ശതമാനം ശുദ്ധമാണെന്ന് പറഞ്ഞ് വിപണിയില്‍ ഇറക്കുന്ന പാലില്‍ പലതരം മായം കലര്‍ന്നിരിക്കാനിടയുണ്ട്
പാലിലെ യൂറിയ കണ്ടെത്താന്‍
പാലില്‍ ചേര്‍ക്കുന്ന ഒരു പ്രധാന മായമാണ് യൂറിയ. പാലിന് കൊഴുപ്പുണ്ടാകാനും നിറം വര്‍ധിക്കാനും വേണ്ടിയാണ് യൂറിയ ചേര്‍ക്കുന്നത്. ഇത്തരത്തിലുളള മായം കണ്ടുപിടിക്കാന്‍ മാര്‍ഗ്ഗമുണ്ട് . ഒരു ടീസ്പൂണ്‍ പാല്‍ എടുത്ത് ഒരു ടെസ്റ്റ് ട്യൂബിലേക്ക് ഒഴിക്കുക. അതിലേക്ക് അര ടീസ്പൂണ്‍ സോയബീന്‍ പൗഡര്‍ ചേര്‍ക്കുക. അഞ്ച് മിനിറ്റിന് ശേഷം ഒരു ചുവന്ന ലിറ്റ്മസ് പേപ്പര്‍ ഇതിലേക്ക് മുക്കുക. ലിറ്റ്മസ് പേപ്പറിന്റെ നിറം നീലയാണെങ്കില്‍ അതില്‍ യൂറിയ അടങ്ങിയിട്ടുണ്ടെന്ന് മനസിലാക്കാം.
പാലിലെ വെള്ളം കണ്ടെത്താം
ഒരു മിനുസമുള്ള ചരിഞ്ഞ പ്രതലത്തില്‍ ഒരു തുള്ളി പാല് പുരട്ടുക. ശുദ്ധമായ പാലാണെങ്കില്‍ ഒരു വെളുത്ത അടയാളത്തോടൊപ്പം സാവധാനം ഒഴുകി പോകും. ഒരു അടയാളവും ഇല്ലാതെ ഒഴുകി പോകുന്ന പാലാണെങ്കില്‍ അതില്‍ വെള്ളം കലര്‍ന്നിട്ടുണ്ടാവും.
പാലിലെ അസിഡിറ്റി കണ്ടെത്താം
ഒരു പാത്രത്തില്‍ അഞ്ച് മില്ലി പാല്‍ എടുക്കുക. പിന്നീട് ഇത് തിളച്ച വെള്ളത്തില്‍ അഞ്ച് മിനിറ്റ് വയ്ക്കുക. ശേഷം അനക്കാതെ പാത്രം ചൂടുവെള്ളത്തില്‍നിന്നെടുക്കുക. മായം ചേര്‍ക്കാത്ത പാലില്‍ ചെറിയ കണികകള്‍ പോലും ഉണ്ടാവില്ല. മായം ചേര്‍ത്ത പാലില്‍ അവശിഷിപ്ത കണികകളോ അമ്ലഗന്ധമോ ഉണ്ടായിരിക്കും.