കിടക്കയില്‍ എത്ര തിരിഞ്ഞും മറിഞ്ഞും കിടന്നാലും ഉറക്കം മാത്രം വരില്ല. സ്‌ക്രീന്‍ ടൈം അമിതമാകുന്നതു കൊണ്ടോ സമ്മര്‍ദമോ ആയിരിക്കാന്‍ ഇതിന് കാരണം. നമ്മുടെ തലച്ചോര്‍ അല്ലെങ്കില്‍ മനസ് സജീവമായി നില്‍ക്കുകയാണെങ്കില്‍ ഉറക്കം കിട്ടാന്‍ വളരെ പ്രയാസമായിരിക്കും. എന്നാല്‍ വേഗത്തില്‍ ഉറങ്ങാനും മൊത്തത്തിലുള്ള ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുന്ന ചില സിംപിള്‍ ടെക്‌നിക്കുകളാണ് തന്റെ ഇന്‍സ്റ്റ?ഗ്രാം പേജിലൂടെ അനസ്‌തേഷ്യോളജിസ്റ്റായ ഡോ. മൈറോ ഫിഗുറ പങ്കുവെയ്ക്കുന്നത്.
ഉറക്കം വരാത്ത സാഹചര്യത്തിലും അതേ കിടക്കയില്‍ തന്നെ തുടരുക എന്നതാണ് നിങ്ങള്‍ ചെയ്യുന്ന ഏറ്റവും വലിയ അബദ്ധം. ഉറങ്ങാനായി കിടന്ന് 30 മിനിറ്റിനുള്ളില്‍ നിങ്ങള്‍ ഉറങ്ങിയില്ലെങ്കില്‍ നിങ്ങളുടെ തലച്ചോര്‍ വളരെ സജീവമാണെന്നാണ് അര്‍ത്ഥം. അതുകൊണ്ട് തന്നെ, പരിസ്ഥിതി മാറ്റേണ്ടതുണ്ട്. മറ്റൊരു മുറിയില്‍ കുറഞ്ഞ വെളിച്ചത്തില്‍ വിരസമായ എന്തെങ്കിലും ചെയ്യുക.
ശരീരത്തിന്റെ സ്വാഭാവിക മെലറ്റോണിന്‍ ഉത്പാദനം പുനരാരംഭിക്കാന്‍ സഹായിക്കുന്നതിന് വായന അല്ലെങ്കില്‍ ജനാലയിലൂടെ പുറത്തേക്ക് നോക്കിയിരിക്കുക തുടങ്ങിയ കുറഞ്ഞ ഉത്തേജന പ്രവര്‍ത്തനങ്ങള്‍ സഹായിക്കും. ഈ സമയം സ്‌ക്രീന്‍ ഒഴിവാക്കുന്നതാണ് നല്ലത്.
എന്തു കൊണ്ട് സ്‌ക്രീനുകള്‍ പാടില്ല?
ലാപ്‌ടോപ്പ്, ഫോണ്‍ തുടങ്ങിയവ രാത്രി നീല വെളിച്ചം പുറപ്പെടുവിക്കുന്നത് ഉറക്ക ചക്രത്തെ തടസപ്പെടുത്തും. സ്‌ക്രീന്‍ ടൈം പരമാവധി ഒഴിവാക്കുന്നത് ഉറക്കചക്രം ക്രമീകരിക്കാന്‍ സഹായിക്കും. കൂടാതെ ബ്രീത്തിങ് ടെക്‌നിക്കുകളും മെഡിറ്റേഷനും പരീക്ഷിക്കാവുന്നതാണ്. സ്വാഭാവികമായും ഉറക്കം വരുന്നതു വരെ ഉറങ്ങാന്‍ കിടക്കയില്‍ പോകരുത്. ബലപിടിച്ചു ഉറങ്ങാന്‍ കിടക്കരുത്, അത് സ്വാഭാവികമായും വരേണ്ടതാണ്.