രണ്ടോ മൂന്നോ മാസം കൂടുമ്പോഴെല്ലാം മിക്ക വീടുകളിലും ഗ്യാസ് സിലിണ്ടർ മാറ്റാറുണ്ട്. ഗ്യാസ് സിലിണ്ടറുകളുടെ മുകളിലായി ചില നമ്പറുകൾ അടയാളപ്പെടുത്തിയിരിക്കുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? അത് എന്താണെന്നല്ലേ. ആദ്യമേ നമ്മൾ അറിഞ്ഞിരിക്കേണ്ട കാര്യം ഗ്യാസ് സിലിണ്ടറുകൾക്ക് എക്‌സ്പയറി ഡേറ്റ് ഉണ്ട് എന്നുള്ളതാണ്.
അധികമാർക്കും ഇക്കാര്യം അറിയില്ല. സിലിണ്ടറുകളുടെ മുകളിലായി രേഖപ്പെടുത്തിയിരിക്കുന്ന കോഡ് ആണ് എക്‌സ്പയറി ഡേറ്റ്. ഇത് കുറ്റിയിലുള്ള ഗ്യാസിനല്ല മറിച്ച് സിലിണ്ടറിനുള്ളതാണ്. ഉദാഹരണത്തിന് ഡി 30 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്ന് കരുതുക. ഇതിലെ 30 എന്ന അക്കം 2030 എന്ന വർഷത്തെ സൂചിപ്പിക്കുന്നു. ഡി എന്നത് വർഷത്തിലെ നാലാം ക്വാർട്ടറിനെ സൂചിപ്പിക്കുന്നു. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മാസങ്ങളാണ് ഈ പാദത്തിൽ വരുന്നത്. അപ്പോൾ ഡി30 എന്നാൽ 2030 ഒക്ടോബർ -ഡിസംബർ വരെയാണ് എക്‌സ്പയറി ഡേറ്റ്. എ (ജനുവരി മുതൽ മാർച്ച് മാസം വരെ) ബി (ഏപ്രിൽ മുതൽ ജൂൺ വരെ) സി (ജൂലായ് മുതൽ സെപ്റ്റംബർ വരെ) എന്നിങ്ങനെയാണ്. ഗ്യാസ് സിലിണ്ടറിന് മാത്രമല്ല അതിൽ ബന്ധിപ്പിക്കുന്ന ഹോസിനും കാലാവധിയുണ്ട്. ഹോസിലെ പ്രത്യേകം രേഖപ്പെടുത്തിയ അക്കങ്ങളിൽ നിന്ന് അതും മനസ്സിലാക്കാൻ സാധിക്കും.
ഗ്യാസ് സിലിണ്ടർ ഒരിക്കലും ചരിച്ച് എടുക്കാതിരിക്കുന്നതാണ് ഏറ്റവും സുരക്ഷിതമായ മാർഗം. കുറച്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഗ്യാസ് ഉപയോഗം നിയന്ത്രിച്ച് ദീർഘകാലം ഉപയോഗിക്കാൻ സാധിക്കും. സ്റ്റൗവിലെ ബർണറിന്റെ മുഴുവൻ നാളവും മൂടുന്ന രീതിയിലുള്ള പാത്രം വേണം പാകം ചെയ്യാൻ ഉപയോഗിക്കാൻ. പാത്രത്തിന്റെ മുഴുവൻ ഭാഗത്തും തീ എത്തുന്നില്ലെങ്കിൽ അത് ഗ്യാസ് പെട്ടെന്ന് തീരുന്നതിന് കാരണമാകും. തീ പരമാവധി കുറച്ച് വച്ച് പാകം ചെയ്യുക, തീ കൂട്ടി വയ്ച്ച് പാകം ചെയ്യുന്നത് പെട്ടെന്ന് ഗ്യാസ് തീരുന്നതിനുള്ള ഒരു കാരണമാണ്. പ്രഷർ കുക്കറിലെ പാചകവും ഗ്യാസ് ലാഭിക്കാൻ സഹായിക്കും.