പെട്ടെന്ന് പ്രായമായ പോലെ നിങ്ങൾക്ക് തോന്നാറുണ്ടോ ? ഇപ്പോഴിതാ പ്രായമായിപോയോ വയസായോ എന്നൊക്കെയുള്ള ചോദ്യങ്ങൾക്ക് ശാസ്ത്രീയമായ വിശദീകരണം നൽകുകയാണ് ഗവേഷകർ. പതിയെ പതിയെ അല്ല ശരീരം പ്രായമാകുന്നത് എന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്.
സാൻഫോർഡ് സർവകലാശാലയിൽ 2024ൽ നടത്തിയ പഠനത്തിൽ പറയുന്നത് 44 വയസിനിടയിലും 60 വയസിനിടയിലുമാണ് ശരീരം പ്രായമാകുന്നതെന്നാണ്. ശരീരത്തിലെ ഏകദേശം 11,000 തന്മാത്രകളിൽ നടത്തിയ സൂക്ഷമമായ പഠനത്തിലൂടെയാണ് ഈ നിഗമനത്തിലെത്തിയത്. 81 ശതമാനം തന്മാത്രകളിലും ഈ പ്രായത്തിൽ വലിയ മാറ്റങ്ങൾ സംഭവിക്കുമെന്നാണ് ഗവേഷകർ മനസിലാക്കിയിരിക്കുന്നത്.
അതേസമയം നമമുടെ ബയോളജിക്കൽ പ്രായം പ്രോട്ടീനുകളിലും ജീൻ പ്രവർത്തനങ്ങളിലും മെറ്റബോളിസത്തിലും വ്യത്യാസങ്ങൾ പ്രതിഫലിപ്പിക്കും. എല്ലാവർഷവും നമ്മൾ ബർത്ത്‌ഡേ ആഘോഷിക്കുന്ന ക്രോണോളജിക്കൽ വയസുമായി ബയോളജിക്കൽ പ്രായത്തിനുള്ള വ്യത്യാസവും ഇതു തന്നെയാണ്. ശരീരത്തിലെ മാറ്റങ്ങൾ മനസിലാക്കാൻ ഏഴ് വർഷത്തോളം, ഓരോ മൂന്നു മുതൽ ആറു മാസം വരെ 25നും 72നും ഇടയിൽ പ്രായമുള്ള 108 പേരുടെ രക്തസാമ്പിളുകളാണ് പഠനത്തിന് വിധേയമാക്കിയത്.
ഈ പഠനത്തിന് വിധേയമാക്കിയതിൽ 44 നും 60 നും ഇടയിൽ ഹൃദയാരോഗ്യ ഘടകങ്ങളിൽ മാറ്റം സംഭവിച്ചതായി മനസിലാക്കാൻ കഴിഞ്ഞു. മാത്രമല്ല ഈ പ്രായത്തിലുള്ളവരുടെ രക്തത്തിൽ അതിരോസ്‌ക്ലീറോസിസിന് കാരണമാകുന്ന പ്രോട്ടീന്റെ അളവിലും വർധനവുണ്ടായി. മാത്രമല്ല ഈ പ്രായത്തിൽ ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കുന്ന അൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ ഉത്പാദിപ്പിക്കാനുള്ള ശരീരത്തിന്റെ കഴിവും കുറഞ്ഞതായി മനസിലായി.