ടിവി കാണാമെന്ന് കരുതി ആ സോഫയിലേക്ക് ഒന്ന് ചാരും, അപ്പോള്‍ തന്നെ ഉറക്കം തൂങ്ങി വീഴും. എന്നാല്‍ പിന്നെ കട്ടില് കിടന്ന് ഉറങ്ങാമെന്ന് കരുതിയാല്‍ കിടന്നാല്‍ ഉള്ള ഉറക്കം കൂടി പോയിക്കിട്ടും. ഇത്തരം അനുഭവങ്ങള്‍ മിക്കവാറും ആളുകള്‍ക്ക് ഉണ്ടായിട്ടുണ്ടാവും. ഇരുന്നുറങ്ങാം, എന്നാല്‍ കിടന്നാല്‍ ഉറക്കം പോകും. അതിന് പിന്നില്‍ ചില ശാരീരിക, മാനസിക, പാരിസ്ഥിതിക കാരണങ്ങളുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു.
സോഫ അല്ലെങ്കില്‍ കൗച്ച്, അവയുടെ മൃദുലമായ ഘടന നമ്മള്‍ക്ക് സുഖപ്രദമായ ഒരു അനുഭവം ഉണ്ടാക്കും. ഇത് ഉറക്കത്തെ പ്രോത്സാഹിപ്പിക്കുന്നത്. സോഫയില്‍ വിശ്രമിക്കുമ്പോള്‍ ഉറങ്ങണം എന്ന മനഃപൂര്‍വമായ തീരുമാനം ഉണ്ടാകില്ല.
സോഫയിലെ മൃദുലമായ കുഷിനുകളും ടിവിയുടെ പഞ്ചാത്തല ശബ്ദവുമൊക്കെ ആ സമയം ഉറക്കത്തെ പ്രോത്സാഹിപ്പിക്കും. കൂടാതെ, സോഫയുടെ മൃദുത്വവും കംഫോര്‍ട്ടും നിങ്ങളെ ശ്രമിക്കാതെ തന്നെ ഉറക്കത്തിലേക്ക് നയിക്കും.
കട്ടിലില്‍ ഉറക്കം കുറയുന്നു
ഉറങ്ങാന്‍ ഉദ്ദേശിച്ചിട്ടുള്ള നിങ്ങളുടെ കിടക്ക ചിലപ്പോള്‍ വിശ്രമം കുറഞ്ഞ ഇടമായി തോന്നിയേക്കാം. മാനസിക സമ്മര്‍ദവും ഉത്കണ്ഠയും ഇതിനൊരു കാരണമാണ്. ഉറങ്ങാന്‍ കിടക്കുമ്പോള്‍ സ്വഭാവികമായും ഉത്കണ്ഠ നിറഞ്ഞ ചിന്തകള്‍ ഉയര്‍ന്നു വന്നേക്കാം. ഇത് ഉറക്കത്തിന് അനുയോജ്യമായ അന്തരീക്ഷത്തില്‍ പോലും നിങ്ങളുടെ മനസിനെ സജീവമായി നിലനിര്‍ത്തുന്നു.
ഉറങ്ങുന്നതിന് മുമ്പ് ഫോണില്‍ സ്ക്രോള്‍ ചെയ്യുന്നതോ ടിവി കാണുന്നതോ പോലുള്ള ഉത്തേജക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് നിങ്ങള്‍ ഉറങ്ങാന്‍ വൈകിപ്പിക്കും. ഇത് മെലറ്റോണിന്‍ ഉത്പാദനം കുറയ്ക്കുകയും ഉറങ്ങേണ്ട സമയമാണോ അതോ ഉണര്‍ന്നിരിക്കേണ്ട സമയമാണോ എന്നതിനെക്കുറിച്ച് നിങ്ങളുടെ തലച്ചോറില്‍ ആശയക്കുഴപ്പം ഉണ്ടാക്കും.