- Advertisement -Newspaper WordPress Theme
HEALTHഒസിഡിയും പരിഹാരവും; ചികിത്സിച്ചു ഭേദമാക്കാമോ?

ഒസിഡിയും പരിഹാരവും; ചികിത്സിച്ചു ഭേദമാക്കാമോ?

‘വൃത്തിഭ്രാന്ത്’ എന്ന ഒറ്റവാക്കില്‍ ഒസിഡിയെ ചിന്തിച്ചുവെച്ചിരിക്കുന്ന നിരവധി ആളുകള്‍ നമുക്ക് ചുറ്റുമുണ്ട്. ഒബ്സസീവ് കംപള്‍സീവ് ഡിസോര്‍ഡര്‍ അഥവാ ഒസിഡി എന്ന അവസ്ഥയുടെ സങ്കീര്‍ണത മനസിലാക്കാത്തതാണ് നമ്മുടെ നിത്യ ജീവിതത്തില്‍ ഒസിഡിയുമായി ബന്ധപ്പെട്ട പ്രയോഗങ്ങള്‍ വര്‍ധിക്കാന്‍ കാരണം.

‘എനിക്ക് മുറി എപ്പോഴും വൃത്തിയായി ഇരിക്കണം, ചെറിയ തോതില്‍ ഒസിഡി ഉണ്ട്’- എന്ന് നമ്മള്‍ എപ്പോഴെങ്കിലും കേള്‍ക്കുകയെ പറയുകയോ ചെയ്തിട്ടുണ്ടാവാം. എന്നാല്‍ ഒസിഡിക്ക് ‘ചെറിയ തോതില്‍’ എന്ന ഒരു അളവുകോല്‍ ഇല്ല. ഒരു വ്യക്തിയില്‍ അനാവശ്യമായ ചിന്തകളുടെയും ഭയങ്ങളുടെയും ഒരു പാറ്റേണ്‍ ഉണ്ടാകാന്‍ തുടങ്ങുന്ന അവസ്ഥയാണ് ഒസിഡി.അല്ലാതെ ഇടയ്ക്കിടെ അമിതമായി ചിന്തിക്കുന്നതോ ആഴ്ചയില്‍ ഒരിക്കല്‍ മുറി വൃത്തിയാക്കുന്നതോ മാത്രമല്ല ഒസിഡി.

ഒസിഡിയെ പലപ്പോഴും വൃത്തിഭ്രാന്ത് അല്ലെങ്കില്‍ വൃത്തിയിലും ചിട്ടയിലും അമിതമായി ശ്രദ്ധിക്കുന്ന ഒരു അവസ്ഥയായി മാത്രം തെറ്റിദ്ധരിക്കപ്പെടാറുണ്ട്. എന്നാല്‍ അതിലും സങ്കീര്‍ണമാണ് കാര്യങ്ങള്‍. ഒസിഡി ഇല്ലാത്ത ആളുകള്‍ക്ക് വൃത്തിയാക്കുന്നതും ചിട്ടപ്പെടുത്തുന്നതുമൊക്കെ ആസ്വദിച്ചു ചെയ്യാന്‍ സാധിക്കും. എന്നാല്‍ ഒസിഡി ഉള്ളവരില്‍ അണുബാധയെ കുറിച്ചുള്ള അമിത ചിന്ത അവരെ കൂടുതല്‍ സമ്മര്‍ദത്തിലാക്കും. അണുബാധ പേടിച്ചാണ് വൃത്തിയാക്കല്‍ പോലുള്ള നിര്‍ബന്ധിത പ്രവര്‍ത്തികളിലേക്ക് നയിക്കുന്നത്.

ഒസിഡി ഒരു യഥാര്‍ത്ഥ മാനസികാരോഗ്യ അവസ്ഥയാണ്. അനാവശ്യ ചിന്തകളില്‍ നിന്ന് രക്ഷപ്പെടാനും ഉത്കണ്ഠ കുറയ്ക്കാനും ഒസിഡി ഉള്ള ഒരു വ്യക്തി ഉപയോഗിക്കുന്ന ചിന്തകളെയോ പെരുമാറ്റങ്ങളെയോ ആണ് കംപല്‍ഷനുകള്‍ എന്ന് പറയുന്നത്. അണുബാധയെ ഭയന്ന് അമിതമായി കൈ കഴുകുക, പല്ല് തേക്കുക, അല്ലെങ്കില്‍ കുളിക്കുക എന്നിവ നിര്‍ബന്ധിത പ്രവൃത്തികള്‍ക്ക് ഉദാഹരണങ്ങളാണ്.

ഒസിഡി ഉള്ളവര്‍ക്ക് തന്റെ ചിന്തകളും നിര്‍ബന്ധിത പ്രവൃത്തികളും അമിതമോ യുക്തിരഹിതമോ ആണെന്ന് തിരിച്ചറിഞ്ഞാലും അവ നിയന്ത്രിക്കാന്‍ കഴിഞ്ഞുവെന്ന് വരില്ല. ട്രോമ, വിട്ടുമാറാത്ത സമ്മര്‍ദം തുടങ്ങിയ പാരിസ്ഥിതിക ഘടകങ്ങളും ഒസിഡിയുടെ വളര്‍ച്ചയില്‍ ഒരു പ്രധാനപങ്ക് വഹിക്കുന്നുണ്ട്.

ഒസിഡി ഒരുപാട് ആളുകളില്‍ ഉണ്ടാകുന്ന അവസ്ഥയല്ല. എന്നാല്‍ എല്ലാ പ്രായത്തിലും പശ്ചാത്തലത്തിലുമുള്ള ആളുകളെ ബാധിക്കാം. മിക്കവാറും എട്ടിനും 12നും ഇടയിലുള്ള പ്രായത്തില്‍ കൗമാരത്തിന്റെ അവസാനത്തിലോ യൗവനത്തിന്റെ തുടക്കത്തിലോ ആദ്യമായി ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാം. ഒസിഡിക്ക് ചികിത്സയില്ലെന്നും അതു തന്നെ മാറുമെന്നും ആളുകള്‍ പറയാറുണ്ട്. എന്നാല്‍ ഒസിഡി ഒരു യഥാര്‍ത്ഥ മാനസികാരോഗ്യ വൈകല്യമാണ്. ഇതിന് ലൈസന്‍സുള്ള ഒരു മാനസികാരോഗ്യ വിദഗ്ദ്ധന്റെ മാര്‍ഗനിര്‍ദേശത്തില്‍ രോഗനിര്‍ണയവും ചികിത്സയും ആവശ്യമാണ്. ചികിത്സിച്ചില്ലെങ്കില്‍, കാലക്രമേണ അവസ്ഥ വഷളാകാം. നേരത്തെയുള്ള ചികിത്സ ഒസിഡിയുള്ള ആളുകളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ സഹായിക്കും.

ചികിത്സയുടെ ദൈര്‍ഘ്യം ഓരോ വ്യക്തിയുടെ ജീവിതത്തെ അത് എത്ര മാത്രം ബാധിക്കുന്നു എന്നതിനെയും ആശ്രയിച്ചിരിക്കും. സാധാരണയായി, ചെറിയ കേസുകള്‍ക്ക് ഹ്രസ്വകാല തെറാപ്പിയാകും ശുപാര്‍ശ ചെയ്യുക. ഗുരുതരമായ കേസുകള്‍ക്ക്, തെറാപ്പിയും മരുന്നും സംയോജിപ്പിച്ചുള്ള വിപുലമായ ചികിത്സ ആവശ്യമായി വന്നേക്കാം. ഒസിഡിക്കുള്ള ഒരു ഫലപ്രദമായ ചികിത്സയാണ് എക്സ്പോഷര്‍ ആന്‍ഡ് റെസ്പോണ്‍സ് പ്രിവന്‍ഷന്‍, ഇത് കോഗ്നിറ്റീവ് ബിഹേവിയര്‍ തെറാപ്പിയുടെ ഒരു തരമാണ്.

ഒസിഡി ഉള്ള ആളുകള്‍ രോഗലക്ഷണങ്ങള്‍ കുറയ്ക്കുന്നതിന് ട്രിഗറുകള്‍ ഒഴിവാക്കാന്‍ ശ്രമിച്ചേക്കാം. ഒബ്സെഷനുകള്‍ക്ക് കാരണമാകുന്ന ചിന്തകള്‍, ആളുകള്‍, സ്ഥലങ്ങള്‍, സാഹചര്യങ്ങള്‍ എന്നിവ ഒഴിവാക്കുന്നത് ഈ പ്രതിരോധതന്ത്രത്തില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ ഈ സമീപനം ഒസിഡി ലക്ഷണങ്ങളെ കൂടുതല്‍ വഷളാക്കും. ട്രിഗറുകള്‍ എത്രത്തോളം ഒഴിവാക്കുന്നുവോ, അത്രത്തോളം അത് ഭയത്തെ ശക്തമാക്കും. കൂടാതെ, ഇത് രോഗബാധിതനായ വ്യക്തിയെ ഒറ്റപ്പെടുത്താനും കാരണമാകും. ഒസിഡി എല്ലാവര്‍ക്കും ഒരുപോലെയല്ല. ഒസിഡിയെക്കുറിച്ച് മാത്രമല്ല, പൊതുവെ മറ്റ് മാനസികാരോഗ്യ അവസ്ഥകളെക്കുറിച്ചും മിക്കവര്‍ക്കും പൊതുവായ ധാരണക്കുറവുണ്ട്. മിഥ്യാധാരണകള്‍ തിരുത്തുന്നതിലൂടെ ഈ അസുഖത്തോടെ ജീവിക്കുന്നവര്‍ക്ക് കൂടുതല്‍ പിന്തുണ നല്‍കുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കാനും നമുക്ക് കഴിയും.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme