പിസിഒഎസ് അഥവാ പോളിസിസ്റ്റിക് ഓവേറിയൻ ഡിസീസ്, ഇന്ന് ധാരാളം സ്ത്രീകളിൽ കണ്ടുവരുന്ന ഒരു ആരോഗ്യപ്രശ്നമാണ്. പ്രത്യുത്പാദന പ്രായത്തിലുള്ള സ്ത്രീകളെയാണ് പിസിഒഎസ് പ്രധാനമായും ബാധിക്കുന്നത്. ശരീരത്തിൽ അണ്ഡാശയങ്ങൾ ഉത്പാദിപ്പിക്കുന്ന ഈസ്ട്രജൻ, പ്രൊജസ്റ്ററോൺ എന്നീ സ്ത്രീ ഹോർമോണുകളുടെയും ആൻഡ്രോജൻ എന്ന പുരുഷ ഹോർമോണിന്റെയും അസന്തുലിതാവസ്ഥയാണ് ഈ അവസ്ഥയിലേക്ക് നയിക്കുന്നത്. ഈ ഹോർമോൺ വ്യതിയാനം അണ്ഡോത്പാദനത്തെ ബാധിക്കുകയും അണ്ഡാശയത്തിൽ ചെറിയ സിസ്റ്റുകൾ രൂപപ്പെടുന്നതിന് കാരണമാവുകയും ചെയ്യുന്നു
പിസിഒഎസിന്റെ കാരണങ്ങൾ
ഇൻസുലിൻ പ്രതിരോധം: ശരീരത്തിലെ കോശങ്ങൾ ഇൻസുലിനോട് ശരിയായി പ്രതികരിക്കാതിരിക്കുന്ന അവസ്ഥയാണിത്. ഇത് രക്തത്തിൽ ഇൻസുലിന്റെ അളവ് കൂട്ടുകയും അണ്ഡാശയത്തെ കൂടുതൽ ആൻഡ്രോജനുകൾ ഉത്പാദിപ്പിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യും.
ജനിതകപരമായ കാരണങ്ങൾ: കുടുംബത്തിൽ ആർക്കെങ്കിലും പിസിഒഎസ് ഉണ്ടെങ്കിൽ, അടുത്ത തലമുറയിൽ വരാനുള്ള സാധ്യത കൂടുതലാണ്.
അമിത ആൻഡ്രോജൻ ഉത്പാദനം: അണ്ഡാശയത്തിൽ പുരുഷ ഹോർമോണുകൾ അമിതമായി ഉത്പാദിപ്പിക്കപ്പെടുന്നത് പിസിഒഎസിന്റെ ഒരു പ്രധാന കാരണമാണ്.
വീക്കം (Low-Grade Inflammation): ശരീരത്തിലെ ചെറിയ തോതിലുള്ള വീക്കം (Inflammation) ആൻഡ്രോജൻ അളവ് വർദ്ധിപ്പിക്കുന്നതിനും അണ്ഡാശയ പ്രവർത്തനത്തെ ബാധിക്കുന്നതിനും കാരണമാകാം.
ജീവിതശൈലി: അനാരോഗ്യകരമായ ഭക്ഷണരീതികൾ, വ്യായാമമില്ലായ്മ, അമിതവണ്ണം, മാനസിക സമ്മർദ്ദം എന്നിവ പിസിഒഎസിലേക്ക് നയിക്കുകയും ലക്ഷണങ്ങൾ കൂടുതൽ വഷളാക്കുകയും ചെയ്യും.
പിസിഒഎസിന്റെ ലക്ഷണങ്ങൾ ഓരോ വ്യക്തിയിലും വ്യത്യസ്തമായിരിക്കും.
ചില സാധാരണ ലക്ഷണങ്ങൾ ഇവയാണ്:
ക്രമം തെറ്റിയ ആർത്തവം: ഇത് പിസിഒഎസിന്റെ ഏറ്റവും സാധാരണമായ ലക്ഷണമാണ്. മാസങ്ങളോളം ആർത്തവം ഇല്ലാതിരിക്കുകയോ ഇടയ്ക്കിടെ വരികയോ ചെയ്യാം.
അമിത രോമവളർച്ച (Hirsutism): മുഖം, നെഞ്ച്, വയറ് എന്നിവിടങ്ങളിൽ അസാധാരണമായ രോമവളർച്ച കാണപ്പെടുന്നു.
മുടി കൊഴിച്ചിൽ: പുരുഷന്മാരിൽ കാണുന്നതുപോലെയുള്ള മുടി കൊഴിച്ചിൽ ഉണ്ടാവാം.
മുഖക്കുരു: ശരീരത്തിലും മുഖത്തും സ്ഥിരമായി മുഖക്കുരു വരുന്നത് ഒരു സാധാരണ ലക്ഷണം ആണ്.
ശരീരഭാരം വർദ്ധിക്കുന്നത്: പ്രത്യേകിച്ച് വയറിനു ചുറ്റും അമിതമായി തടി കൂടാൻ സാധ്യതയുണ്ട്.
വന്ധ്യത: അണ്ഡോത്പാദനം നടക്കാത്തതിനാൽ വന്ധ്യത ഒരു പ്രധാന പ്രശ്നമായി വരാം. എന്നാൽ ശരിയായ ചികിത്സയിലൂടെ ഗർഭം ധരിക്കാൻ സാധിക്കും.
കറുത്ത പാടുകൾ (Acanthosis Nigricans): കഴുത്തിലും കക്ഷത്തിലും കറുത്ത, കട്ടിയുള്ള പാടുകൾ കാണാം.
മാനസിക മാറ്റങ്ങൾ: ഹോർമോൺ വ്യതിയാനങ്ങൾ കാരണം ഉത്കണ്ഠയും വിഷാദവും ഉണ്ടാകാൻ സാധ്യതയുണ്ട്.
പ്രസവ ശേഷം പിസിഒഎസ് വരുമോ?
പ്രസവം കഴിഞ്ഞ സ്ത്രീകളിലും പിസിഒഎസ് വരാനുള്ള സാധ്യതയുണ്ട്. ഗർഭധാരണത്തിനു മുൻപ് പിസിഒഎസ് ഇല്ലാത്തവർക്ക് പോലും പ്രസവ ശേഷം ഹോർമോൺ വ്യതിയാനങ്ങൾ കാരണം ഈ അവസ്ഥ ഉണ്ടാകാം. ഗർഭകാലത്ത് പ്രമേഹമുള്ളവർക്ക് പ്രസവത്തിന് ശേഷം ഇൻസുലിൻ പ്രതിരോധം കൂടാനുള്ള സാധ്യതയുണ്ട്, ഇത് പിസിഒഎസിന് കാരണമാകാറുണ്ട്. പ്രസവശേഷം ഈ ലക്ഷണങ്ങൾ തുടരുകയാണെങ്കിൽ, വൈദ്യസഹായം തേടേണ്ടത് അത്യാവശ്യമാണ്.
മരുന്നില്ലാതെ പിസിഒഎസിനെ നിയന്ത്രിക്കാൻ
ചില ജീവിതശൈലി മാറ്റങ്ങളിലൂടെ പിസിഒഎസിനെ ഒരു പരിധി വരെ നിയന്ത്രിക്കാൻ സാധിക്കും.
ആരോഗ്യകരമായ ഭക്ഷണം: പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ എന്നിവ ഉൾപ്പെടുത്തിക്കൊണ്ടുള്ള സമീകൃതാഹാരം ശീലമാക്കുക. സംസ്കരിച്ച ഭക്ഷണങ്ങളും മധുരപാനീയങ്ങളും ഒഴിവാക്കുക.
വ്യായാമം: ദിവസവും കുറഞ്ഞത് 30 മിനിറ്റ് വ്യായാമം ചെയ്യുന്നത് ഹോർമോൺ സന്തുലിതാവസ്ഥ നിലനിർത്താനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.
ശരീരഭാരം നിയന്ത്രിക്കുക: ആരോഗ്യകരമായ ഭാരം നിലനിർത്തുന്നത് പിസിഒഎസ് ലക്ഷണങ്ങളെ ലഘൂകരിക്കാൻ സഹായിക്കും.