എണ്ണകള്‍ മാറിമാറി ഉപയോഗിച്ചിട്ടും മുടികൊഴിച്ചിലിന് ശമനമില്ലേ, എപ്പോഴും ജനിതകമോ കാലാവസ്ഥയോ ആയിരിക്കണമെന്നില്ല മുടികൊഴിച്ചിലിന് പിന്നില്‍. ഉറക്കം മുതല്‍ ഭക്ഷണം വരെ മുടിയുടെ ആരോഗ്യത്തെ സ്വാധീനിക്കാം. കാരണം അറിഞ്ഞ് ചികിത്സിക്കുക എന്നതാണ് പ്രധാനം. ഒരുപക്ഷെ അധികം ശ്രദ്ധിക്കാതെ പോകുന്ന ചില ശീലങ്ങള്‍ നിങ്ങളുടെ മുടികൊഴിച്ചിലിന് കാരണമാകുന്നുണ്ടാകാം.
ഭക്ഷണം ഒഴിവാക്കുന്നത്
ശരീരഭാരം കുറയ്ക്കുന്നതും മറ്റ് പല കാരണങ്ങള്‍ കൊണ്ടും പലരും ഭക്ഷണം ഒഴിവാക്കാറുണ്ട്. നമ്മുടെ തലമുടിയുടെ ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീന്‍, അയണ്‍, വിറ്റാമിനുകള്‍ എന്നിവ അത്യാവശ്യമാണ്. ആവശ്യമായ പോഷകങ്ങള്‍ കിട്ടിയില്ലെങ്കില്‍ സ്വഭാവികമായും മുടി വരണ്ടു പോകാനും പൊട്ടിപോകാനും കൊഴിയാനുമൊക്കെ കാരണമാകും. മാത്രമല്ല, വിശക്കുമ്പോള്‍ മധുരപലഹാരങ്ങളും ചിപ്സും വറുത്ത ഭക്ഷണങ്ങളും കഴിക്കുന്ന ശീലം മുടിയുടെ ദീര്‍ഘകാല ആരോഗ്യത്തിന് ഗുണം ചെയ്തുവെന്നും വരില്ല.
മാനസികസമ്മര്‍ദം
മുടികൊഴിച്ചിലിന്റെ മറ്റൊരു പ്രധാന കാരണമാണ് മാനസികസമ്മര്‍ദം. മാനസികസമ്മര്‍ദം സ്ട്രെസ് ഹോര്‍മോണുകളെ വലിയതോതില്‍ ഉല്പാദിപ്പിക്കും. ഇത് പെട്ടെന്നുള്ള മുടികൊഴിച്ചിലിന് കാരണമായേക്കാം. യോഗ, നടത്തം, കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം സമയം ചെലവഴിക്കുന്നതും മാനസികസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കും.
ഹെയര്‍ സ്റ്റൈലിങ്
ലുക്ക് അടിപൊളിയാക്കാന്‍ മുടിയില്‍ പല പരീക്ഷണങ്ങളും നമ്മള് നടത്താറുണ്ട്. എന്നാല്‍ അമിതമായി മുടിയില്‍ ഹെയര്‍ സ്ട്രെയ്റ്റ്നര്‍, കേളിങ് ടൂള്‍സ്, ബ്ലോ ഡ്രയറുകള്‍ എന്നിവ ഉപയോഗിക്കുന്നത് ലുക്ക് മെച്ചപ്പെടുത്തുമെങ്കിലും പതിവാക്കുന്നത് മുടിയുടെ ആരോഗ്യത്തിന് അത്ര നല്ലതല്ല. ഇവ മുടി വരണ്ടതാക്കും. കാലക്രമേണ മുടിയുടെ കനം കുറയാനും കൊഴിഞ്ഞു പോകാനും കാരണമാകും.
ദിവസവും മുടി കഴുകരുത്
ദിവസവും തല കഴുകിയില്ലെങ്കില്‍ തൃപ്തി തോന്നാത്തവരുണ്ട്. എന്നാല്‍ ദിവസവും തലമുടി കഴുകുന്നത് മുടിയിലെ സ്വഭാവിക എണ്ണം ഒഴിവാകാന്‍ കാരണമാകും. ഇതാണ് മുടിയെ മൃദുവും ബലമുള്ളതുമാക്കുന്നത്. അതേസമയം, തലമുടി തീരേ കഴുകാതിരിക്കുന്നതും പ്രശ്നമാണ്. മുടിയില്‍ പൊടിയും എണ്ണയും വിയര്‍പ്പും അടിഞ്ഞു കൂടുന്നതും മുടികൊഴിച്ചില്‍ ഉണ്ടാക്കാം.
രണ്ട് ദിവസം കൂടുമ്പോള്‍ വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച സ്കാല്‍പ് വൃത്തിയാക്കുന്നത് മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. കൂടാതെ നനഞ്ഞ മുടിയോടെ കിടക്കുന്നതും മുടി പെട്ടെന്ന് പൊട്ടിപോകാനും കൊഴിയാനും കാരണമാകും.
വെള്ളം കുടിക്കുന്നത് കുറഞ്ഞാല്‍
വെള്ളം കുടിക്കുന്നത് കുറഞ്ഞാല്‍ ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കും. ഇത് മുടിയുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കാം. മുടിയുടെ ഘടനയില്‍ വ്യത്യാസം ഉണ്ടാകാനും മുടികൊഴിച്ചില്‍ വര്‍ധിക്കാനും ഇത് കാരണമാകും. ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. ജലാംശം അടങ്ങിയ പഴങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും നല്ലതാണ്.