വേനല്‍ക്കാലത്താണ് തണ്ണിമത്തന് ഡിമാന്‍ഡ് കൂടുതല്‍. തൊണ്ണൂറു ശതമാനവും ജലാംശം നിറഞ്ഞതായതിനാല്‍ തണ്ണിമത്തന് കഴിക്കുന്നത് ചര്‍മത്തിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും നല്ലതാണ്. ഫ്രൂട്സ് സാലഡിലും അല്ലാതെയുമൊക്കെ തണ്ണമത്തന്‍ നമ്മുടെ ഡയറ്റിന്റെ ഭാഗമാകാറുണ്ട്.
എന്നാല്‍ തണ്ണിമത്തനില്‍ നിന്ന് ഉല്പാദിപ്പിക്കുന്ന എണ്ണ അതിലേറെ പോഷകമൂല്യമുള്ളതാണെന്ന് വിദഗ്ധര്‍ പറയുന്നു. ചര്‍മത്തിനും തലമുടിക്കും പുറമെ പുരട്ടുന്നതു കൂടാതെ പാചകം ചെയ്യാനും ഇത് ഉപയോഗിക്കാറുണ്ട്.
തണ്ണിമത്തന്റെ കുരുവില്‍ നിന്നാണ് തണ്ണിമത്തന് ഓയില്‍ ഉല്പാദിപ്പിക്കുന്നത്. ഇത് ചര്‍മത്തിനും തലമുടിക്കും ഭക്ഷണം പാകം ചെയ്യാനും മികച്ചതാണത്രേ. ഇതില്‍ ഒമേഗ-6, ഒമേഗ-9 ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിന്‍ ഇ, ഫൈറ്റോസ്റ്റെറോളുകള്‍ എന്നിവയുമുണ്ട്.
ചര്‍മസംരക്ഷണത്തിന്
തണ്ണിമത്തന് ഓയില്‍ ഉയര്‍ന്ന സെന്സിറ്റീന് ചര്‍മമുള്ളവരില്‍ ഫലപ്രദമാണ്. ഇതില്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയ ലിനോലെയിക് ആസിഡ് ചര്‍മത്തിലെ എണ്ണമയം നിയന്ത്രിക്കുകയും സുഷിരങ്ങള്‍ ശുദ്ധീകരിക്കാനും സഹായിക്കുന്നു.
മാത്രമല്ല, തണ്ണിമത്തന് ഓയില്‍ വളരെ പെട്ടെന്ന് തന്നെ ചര്‍മത്തിലേക്ക് കടക്കുകയും ഒട്ടും എണ്ണമയം തോന്നിക്കാതെ തന്നെ ചര്‍മത്തിന് ഒരു മോയ്ചറൈസ് ചെയ്ത തോന്നല്‍ ഉണ്ടാക്കുകയും ചെയ്യും. വിറ്റാമിന്‍ ഇ ഉള്ളതുകൊണ്ട് തന്നെ ഇതിന് ആന്റി-ഏജിങ് ഗുണങ്ങളുണ്ട്. ഇത് ഫേയ്സ് സെറം ആയും ഉപയോഗിക്കാം.
തലമുടിയുടെ ആരോഗ്യത്തിന്
ഇവയുടെ മോയ്ചറൈസിങ് ഗുണങ്ങള്‍ കാരണം ഹെയര്‍ സെറം, ഹെയര്‍ ഓയില്‍ എന്നിവയുടെ പ്രധാന ചേരുവയാണ് തണ്ണിമത്തന് ഓയില്‍. തണ്ണിമത്തന് ഓയില്‍ തലയോട്ടിയില്‍ തേച്ചു പിടിപ്പിക്കുന്നത് ചര്‍മം ഹൈഡ്രേറ്റ് ആവാനും റിഫ്രഷ് ചെയ്യാനും സഹായിക്കും. മാത്രമല്ല, ഇതില്‍ അടങ്ങിയ ഒമേഗ ആസിഡുകള്‍ മുടിയിഴകള്‍ ശക്തമാക്കാന്‍ സഹായിക്കുകയും ചെയ്യും. മുടിയുടെ അറ്റം പിളരുന്നത് തടയാന്‍ തണ്ണിമത്തല്‍ എണ്ണ ഒരു മികച്ച മാര്‍ഗമാണ്.
പോഷകമൂല്യം
തണ്ണിമത്തന് ഓയിലില്‍ ഭക്ഷണം പാകം ചെയ്യാനും മികച്ചതാണ്. ഇതില്‍ അടങ്ങിയ ഒമേഗ ആസിഡുകള്‍, വിറ്റാമിന്‍ ബി, മഗ്നീഷ്യം, അയണ്‍, സിങ്ക് എന്നിവ നിങ്ങളുടെ ഭക്ഷണത്തിന്റെ ആരോഗ്യഗുണങ്ങള്‍ മെച്ചപ്പെടുത്തും. മാത്രമല്ല ഇതിന് കലോറി കുറവായതു കൊണ്ട് തന്നെ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു മികച്ച ഓപ്ഷന് കൂടിയാണ്.