ജലദോഷം വളരെ സാധാരണയായി ഉണ്ടാകുന്ന ഒരു രോഗാവസ്ഥയാണ്. സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി)യുടെ റിപ്പോര്‍ട്ട് പ്രകാരം ഒരാള്‍ക്ക് വര്‍ഷത്തില്‍ രണ്ടോ മൂന്നോ തവണ വരെ ജലദോഷം ഉണ്ടാകാമെന്നാണ്. ഏഴ് ദിവസം വരെ ഇതിന്റെ ലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കാം. തൊണ്ടവേദനയാണ് ജലദോഷത്തിന്റെ ആദ്യ ലക്ഷണം.
ഇതിന് പിന്നാലെ ക്ഷീണം, മൂക്കൊലിപ്പ്, തലവേദന, ശരീരവേദന എന്നിവ ഉണ്ടാകും. ജലദോഷം പനിയായോ മറ്റ് ആരോഗ്യപ്രശ്നങ്ങളിലേക്കോ പോകുന്നതിന് മുന്‍പ് തന്നെ ഇവയുടെ ലക്ഷണങ്ങളുടെ തീവ്രത ചില പൊടിക്കൈകളിലൂടെ തടയാനോ കുറയ്ക്കാനോ സാധിക്കും.
തേന്‍ വെള്ളത്തില്‍ ചേര്‍ത്ത് കുടിക്കാം
ജലദോഷത്തെ തുടര്‍ന്നുള്ള ചുമ മാറാന്‍ ചെറുചൂടുവെള്ളത്തില്‍ അല്പം തേന്‍ ചേര്‍ത്തു കുടിക്കുന്നത് നല്ലതാണ്. തേനിന് ആന്റിമൈക്രോബയല്‍ ഗുണങ്ങളുണ്ട്. ഇത് രോഗാണുക്കളെ ചെറുക്കാന്‍ സഹായിക്കും. ഒന്നോ രണ്ടോ ടേബിള്‍സ്പൂണ്‍ തേന്‍ നേരിട്ട് കഴിക്കുകയോ ചായയിലോ വെള്ളത്തിലോ കലര്‍ത്തി കഴിക്കാവുന്നതാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇത് നല്ല ഓപ്ഷനാണ്. എന്നാല്‍ 12 മാസത്തില്‍ താഴെ പ്രായമായ കുഞ്ഞുങ്ങള്‍ക്ക് തേന്‍ കൊടുക്കരുത്, ഇത് കുഞ്ഞുങ്ങളില്‍ ബോട്ടുലിസത്തിന് കാരണമാകും.
വെള്ളം കുടിക്കുക
വെള്ളവും ജലാംശം അടങ്ങിയ പഴങ്ങളും കഴിക്കുന്നത് തൊണ്ടവേദന, മൂക്കടപ്പ് തുടങ്ങിയ ലക്ഷണങ്ങളെ ലഘൂകരിക്കാന്‍ സഹായിക്കും. മദ്യവും കഫീന്‍ അടങ്ങിയ പാനീയങ്ങളും ഈ സമയം ഒഴിവാക്കുന്നതാണ് നല്ലത്. ഈ സമയത്ത് വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാം. വിറ്റാമിന്‍ സി ജലദോഷത്തിന്റെ ദൈര്‍ഘ്യം 20% കുറയ്ക്കും.
സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍
രോഗപ്രതിരോശേഷി വര്‍ധിപ്പിക്കുന്നതിന് സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. സിങ്കിന് ജലദോഷത്തിന്റെ ദൈര്‍ഘ്യം 50 ശതമാനം വരെ കുറയ്ക്കാന്‍ കഴിയും. പ്രോബയോട്ടിക്സ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിച്ച് കുടലിന്റെ ആരോഗ്യം നിലനിര്‍ത്തുക. പ്രോബയോട്ടിക്സിന് ജലദോഷം 27 ശതമാനം വരം കുറയ്ക്കാന്‍ കഴിയും.
ചിക്കന്‍ സൂപ്പ്
ജലദോഷം ഉള്ളപ്പോള്‍ ചിക്കന്‍ നൂഡില്‍സ് സൂപ്പ് ഒരു മികച്ച ഓപ്ഷനാണ്. ഇതില്‍ ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയതാണെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. മാംസം കഴിക്കാന്‍ താല്പര്യമില്ലെങ്കില് പച്ചക്കറി അല്ലെങ്കില്‍ പയര്‍ ഉപയോഗിച്ചുള്ള സൂപ്പ് കുടിക്കുന്നത് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.
ഉപ്പുവെള്ളം കവിള്‍കൊള്ളുക
ചെറുചൂടുവെള്ളത്തില്‍ ഉപ്പുവെള്ളം കവിള്‍കൊള്ളുന്നത് തൊണ്ടവേദനയ്ക്ക് ആശ്വസം കിട്ടും. ദിവസത്തില്‍ രണ്ടോ മൂന്നോ തവണ ഇത്തരത്തില്‍ ഗാര്‍ഗിള്‍ ചെയ്യാവുന്നതാണ്.
വിശ്രമം
ഉറക്കം നിങ്ങളുടെ ശരീരത്തിന് വിശ്രമം നല്‍കുകയും സുഖപ്പെടുത്താന്‍ സഹായിക്കുകയും ചെയ്യും. ഉറങ്ങുമ്പോള്‍, നിങ്ങളുടെ ശരീരം സൈറ്റോകൈന്‍സ് എന്ന പ്രോട്ടീനുകള്‍ ഉണ്ടാക്കുന്നു, ഇത് വീക്കം, അണുബാധ എന്നിവയ്ക്കെതിരെ പോരാടുന്നതിന് പ്രധാനമാണ്.
ഹ്യുമിഡിഫയര്‍ ഉപയോഗിക്കുക
മുറിയില്‍ ഒരു ഹ്യുമിഡിഫയര്‍ ഉപയോഗിക്കുന്നത് കഫക്കെട്ട്, ചുമ, തൊണ്ടവേദന എന്നിവ ഉള്‍പ്പെടെയുള്ള ജലദോഷത്തിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും. മുറിയിലെ ഈര്‍പ്പം നിലനിര്‍ത്താന്‍ ഒരു ഹ്യുമിഡിഫയര്‍ സഹായിക്കുന്നു. എന്നാല്‍ ദിവസേന അതിലെ വെള്ളം മാറ്റുന്നു എന്ന കാര്യം പ്രത്യേകം ഉറപ്പാക്കുക.