എണ്ണയും ഹെയര്‍പാക്കും മാത്രമല്ല, അല്പം മെനക്കെട്ടാല്‍ ഷാംപൂവും കണ്ടീഷണറും വരെ വീട്ടില്‍ തയ്യാറാക്കാം. ആകര്‍ഷകമായ മണവും ഗുണവും വാദ്ഗാനം ചെയ്തു വിപണിയില്‍ എത്തുന്ന ഷാംപൂവും കണ്ടീഷണറും കെമിക്കലുകള്‍ അടങ്ങിയതാണ്. ഇത് മുടി കൊഴിച്ചില്‍ ഉള്‍പ്പെടെ പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കാം.
എന്നാല്‍ നമ്മുടെ വീട്ടുമുറ്റത്തും അടുക്കളയിലും കാണുന്ന നാടന്‍ ചേരുവകള്‍ കൊണ്ട് തയ്യാറാക്കുന്ന ഷാംപൂവിനും കണ്ടീഷണറും ഉണ്ടാക്കുന്ന പാര്‍ശ്വഫലങ്ങള്‍ വളരെ കുറവായിരിക്കും.
പ്രകൃതിദത്ത ഷാംപൂവും കണ്ടീഷണറും
അഞ്ചു ഗ്രാം വീതം സോപ് നട്സ്, ഷിക്കകായി, ഇരട്ടിമധുരം എന്നിവ 100 മില്ലി വെള്ളത്തില്‍ നന്നായി തിളപ്പിക്കുക. ഇതില്‍ നിന്നു 20 മില്ലി മാറ്റിവച്ച ശേഷമുള്ളതില്‍ ആവശ്യത്തിനു വെള്ളം ചേര്‍ത്തു തല കഴുകാന്‍ ഉപയോഗിക്കാം. മാറ്റി വച്ച വെള്ളത്തിലേക്ക് 20 ഗ്രാം കറ്റാര്‍വാഴ ജെല്ല്, ഒരു മുട്ടയുടെ വെള്ള എന്നിവ ചേര്‍ത്തു യോജിപ്പിക്കുക. ഇത് കണ്ടീഷനറായി ഉപയോഗിക്കാവുന്നതാണ്. ഇത് മുടി തിളക്കമുള്ളതും ആരോഗ്യമുള്ളതുമാക്കാന്‍ സഹായിക്കും.
ഉണക്കിപ്പൊടിച്ച ഷിക്കകായി (25 ഗ്രാം), സോപ്പ് നട്സ് (50 ഗ്രാം), 25 ഗ്രാം വീതം നെല്ലിക്ക, ചെമ്പരത്തിപ്പൂവ്, ആരിവേപ്പില, തുളസി, ഉലുവ, ചെറുപയറുപൊടി, ബ്രഹ്മി എന്നിവ യോജിപ്പിച്ചെടുത്ത പൊടി ഷാംപൂ മിക്സ് പോലെ മുടി കഴുകാന്‍ ഉപയോഗിക്കാവുന്നതാണ്.
അഞ്ച് സോപ് നട്സും ഒരു വലിയ സ്പൂണ്‍ ഉലുവയും തുണിയില്‍ കിഴി കെട്ടി വെള്ളത്തിലിട്ടു നന്നായി തിളപ്പിക്കുക. ശേഷം കിഴിയില്‍ വെച്ച് തന്നെ ഇവ നന്നായി ഞെരടി വെള്ളത്തിലേക്ക് യോജിപ്പിക്കുക. ഇത് ഉപയോ?ഗിച്ച് തലയോട്ടിയും മുടിയും നന്നായി കഴുകി വൃത്തിയാക്കാം.
മൂന്ന് – നാല് ചെമ്പരത്തിപ്പൂവ് അരക്കപ്പ് വെള്ളം ചേര്‍ത്ത് 20 മിനിറ്റ് വയ്ക്കുക. ഇതിലേക്ക് കാല് കപ്പ് കറ്റാര്‍വാഴ ജെല്ലും ചേര്‍ത്തടിക്കുക. തല കഴുകുമ്പോള്‍ ഇതു തലയില്‍ തേച്ചു കുളിക്കാവുന്നതാണ്. തലമുടി വൃത്തിയാക്കാന്‍ നല്ലതാണ്.
കുറച്ചു കൂട്ടുകള്‍ കൊണ്ടു പെട്ടെന്നു തയാറാക്കാവുന്ന നാച്ചുറല്‍ ഷാംപൂ ആണിത്. നാലു ചെമ്പരത്തിപ്പൂവ്, 10 ചെമ്പരത്തിയില, ഒരു പിടി തുളസിയില എന്നിവ അല്പം വെള്ളം ചേര്‍ത്തു ഞെരടിയെടുക്കുക. ഇതു തലയില്‍ തേച്ചു കുളിക്കുക.
കണ്ടീഷണര്‍
കാല് കപ്പ് വീതം പച്ചരി വേവിച്ചതും കറ്റാര്‍വാഴ ജെല്ലും നന്നായി യോജിപ്പിച്ചെടുക്കുക. ഇതിലേക്ക് അര സ്പൂണ്‍ എണ്ണയും മൂന്നു തുള്ളി റോസ്മേരി ഓയിലും ചേര്‍ത്ത് ശേഷം മുടിയില്‍ കണ്ടീഷണറിന് പകരം പുരട്ടാം. 10 മിനിറ്റിന് ശേഷം കഴുകി കളയാം.
കാല് കപ്പ് ഫ്ലാക്സ് സീഡ് വെള്ളത്തിലിട്ടു തിളപ്പിച്ച ശേഷം ജെല്‍ മാത്രം അരിച്ചെടുക്കുക. അതിലേക്ക് അര സ്പൂണ്‍ ഒലിവ് ഓയിലും തേനും ചേര്‍ത്ത് യോജിപ്പിക്കുക. ഇഷ്ട സുഗന്ധമുള്ള മൂന്നു തുള്ളി എസന്‍ഷല്‍ ഓയില്‍ കൂടി ഒഴിച്ചു യോജിപ്പിച്ചു തലമുടിയില്‍ പുരട്ടാം. 10 മിനിറ്റിനു ശേഷം കഴുകി കളയാം.