- Advertisement -Newspaper WordPress Theme
HEALTHഅങ്കമാലി സ്വദേശി ബിൽജിത്തിന്റെ ഹൃദയം ഇനി പതിമൂന്നുകാരിയിൽ മിടിക്കും

അങ്കമാലി സ്വദേശി ബിൽജിത്തിന്റെ ഹൃദയം ഇനി പതിമൂന്നുകാരിയിൽ മിടിക്കും

കൊച്ചി ∙ അങ്കമാലി സ്വദേശി ബിൽജിത്തിന്റെ (18) ഹൃദയം ഇനി കൊല്ലം അഞ്ചൽ കരുകോൺ സ്വദേശിയായ പതിമൂന്നുകാരിയിൽ മിടിക്കും. എറണാകുളം ലിസി ആശുപത്രിയിൽ നടന്ന ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ഇന്നു വെളുപ്പിനെ 6.30ഓടെ പൂർത്തിയായി. പുലർച്ചെ ഒരു മണിയോടെ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ നിന്നും ഹൃദയവുമായി തിരിച്ച ആംബുലൻസ് പൊലീസിന്റെ സഹായത്തോടെ 20 മിനിറ്റ് കൊണ്ട് ലിസി ആശുപത്രിയിൽ എത്തി. 1.25 ന് ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിൽ ശസ്ത്രക്രിയ ആരംഭിച്ചു. 3.30ന് ഹൃദയം കുട്ടിയിൽ സ്പന്ദിച്ച് തുടങ്ങി.

ഇന്നലെ വൈകിട്ട് ഏഴു മണിക്കാണ് വന്ദേഭാരത് എക്സ്പ്രസിൽ അച്ഛനും അമ്മയ്ക്കുമൊപ്പം 13കാരി എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെത്തിയത്. പിന്നാലെ പൊലീസ് അകമ്പടിയോടെ നാലു കിലോമീറ്റർ അകലെയുള്ള ആശുപത്രിയിലേക്ക്. തുടർന്ന് പരിശോധനകൾ ആരംഭിച്ചു. റോഡപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച, അങ്കമാലി മള്ളുശ്ശേരി പാലമറ്റത്ത് ബിജുവിന്റെയും ലിന്റയുടേയും മകൻ ബിൽജിത്തിന്റെ ഹൃദയമാണ് 13കാരിക്കു വേണ്ടി കണ്ടെത്തിയത്.

മണിക്കൂറുകൾ നീണ്ട പരിശോധനകള്‍ക്കൊടുവിൽ ഹൃദയം ഏറ്റുവാങ്ങാന്‍ പെൺകുട്ടിയുടെ ശരീരം സജ്ജമാണെന്ന് ഉറപ്പാക്കിയതോടെ ഡോക്ടർമാരുടെ സംഘം അങ്കമാലിയിലേക്ക്. അവിടെയെത്തി ബിൽജിത്തിന്റെ ശരീരത്തിൽ‍ അവസാനവട്ട പരിശോധനകൾ.

വെള്ളിയാഴ്ച മസ്തിഷ്കമരണം സംഭവിച്ച ബിൽജത്തിന്റെ ഹൃദയവുമായി കൊച്ചിയിലേക്ക്. തുടർന്ന് ആരംഭിച്ച ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണ് വെളുപ്പിന് ആറരയോടെ അവസാനിച്ചത്. ഒരു രാത്രി മുഴുവൻ കണ്ണിമ ചിമ്മാതെ വിവിധ ആശുപത്രികളിലെ വിദഗ്ധ മെഡിക്കൽ സംഘങ്ങൾ നടത്തിയ പ്രയത്നത്തിനൊടുവിലാണു ശസ്ത്രക്രിയയ്ക്കു വഴിതുറന്നത്.

അടുത്ത 48 മണിക്കൂർ ശസ്ത്രക്രിയ പോലെ തന്നെ പ്രധാനപ്പെട്ടതാണെന്ന് ഡോ. ജോസ് ചാക്കോ പെരിയപ്പുറം പറഞ്ഞു. ഹൃദയം ചുരുങ്ങുന്ന കാർഡിയാക് മയോപ്പതി എന്ന അസുഖം 13കാരിക്ക് സ്ഥിരീകരിക്കുന്നത് പത്താം വയസിലാണ്. ഹൃദയത്തിന്റെ വാൽവിൽ സുഷിരമുള്ളതായും കണ്ടെത്തി. മത്സ്യവ്യാപാരിയായ പിതാവിന് ചികിത്സയ്ക്കുള്ള പണം കണ്ടെത്താൻ കഴിയാതായതോടെ നാട്ടുകാർ പണസമാഹരണം നടത്തി.

കാലടി ആദിശങ്കര എൻജിനിയറിങ് കോളജിലെ ഒന്നാം വർഷ വിദ്യാർഥിയായിരുന്നു ബിൽജിത്ത്. ഈ മാസം രണ്ടിനു രാത്രി അത്താണി കരിയാട് വച്ച് ബൈക്കിൽ ലോറി ഇടിച്ച് ബിൽജിത്തിനെ ആശുപത്രിയിലെത്തിക്കുന്നത്. തലയ്ക്ക് ഗുരുതരമായ പരുക്കേറ്റ ബിൽജിത്തിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും വെള്ളിയാഴ്ച മസ്തിഷ്കമരണം സംഭവിച്ചു.

തുടർന്നാണ് മകന്റെ ശരീരഭാഗങ്ങൾ ആവശ്യക്കാർക്ക് ദാനം ചെയ്യാൻ മാതാപിതാക്കൾ സമ്മതിക്കുന്നത്. 13കാരിയെ മാത്രമല്ല, മറ്റ് അഞ്ചു പേരെകൂടി തിരിച്ചുകൊണ്ടുവന്നാണ് ബിൽജിത്ത് കടന്നു പോകുന്നത്. ബിൽജിത്തിന്റെ ഹൃദയം 13കാരിയുടെ ശരീരത്തിൽ സ്പന്ദിച്ചു തുടങ്ങിയപ്പോൾ ഒരു വൃക്ക കോഴിക്കോട് മെഡിക്കൽ കോളജും രണ്ടാമത്തേത് എറണാകുളം രാജഗിരി ആശുപത്രിയും കരളും ചെറുകുടലും അമൃത ആശുപത്രിയും കണ്ണുകൾ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയും ഏറ്റെടുത്തു.

കൊല്ലത്ത് വാഹനാപകടത്തിൽ മരിച്ച ഐസക് ജോർജിന്റെ ഹൃദയം അങ്കമാലി സ്വദേശിയിൽ തുന്നിപ്പിടിപ്പിച്ചതിന്റെ പിറ്റേന്നാണ് ഈ ശസ്ത്രക്രിയ നടന്നത്. സുഖം പ്രാപിച്ചു വരുന്ന അങ്കമാലി സ്വദേശി ഇപ്പോഴും നിരീക്ഷണത്തിലാണ്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme