മലയാളികളുടെ പ്രഭാതഭക്ഷണത്തിൽ ഒഴിച്ചുനിർത്താൻ കഴിയാത്ത ഒന്നാണ് പുട്ട്. ആഴ്ചയിൽ ഒരു ദിവസമെങ്കിലും വീട്ടിൽ പുട്ട് ഉണ്ടാകും. അതുകൊണ്ട് തന്നെ അതിനോട് പലർക്കും മടുപ്പാണ്. അരിയിലും ഗോതമ്പിലുമാണ് സാധാരണയായി വീടുകളിൽ പുട്ട് ഉണ്ടാക്കുന്നത്. ഇതിൽ ഒരു വെറെെറ്റി കൊണ്ടുവന്നാലോ? എന്താണെന്ന് അല്ലേ? അവൽ പുട്ടിന്റെ കാര്യമാണ് പറഞ്ഞുവരുന്നത്. ധാരാളം ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് അവൽ. എല്ലിനും പല്ലിനും ബലം നൽകുന്ന പോഷകങ്ങൾ അവലിൽ അടങ്ങിയിട്ടുണ്ട്. ഇതിലടങ്ങിയിരിക്കുന്ന ഫെെബർ ദീർഘനേരം വിശപ്പില്ലാതാക്കും. വണ്ണം കുറയ്ക്കാനും ഇത് മികച്ചതാണ്. എങ്ങനെയാണ് അവൽ പുട്ട് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ?
ചേരുവകൾ
അവൽ – രണ്ട് കപ്പ്
വെള്ളം – ആവശ്യത്തിന്
ഉപ്പ് -ആവശ്യത്തിന്
തേങ്ങ – 1/4 കപ്പ്
തയ്യാറാക്കുന്ന വിധം
ആദ്യം അടികട്ടിയുള്ള ഒരു പാത്രത്തിലേക്ക് രണ്ട് കപ്പ് അവൽ ഇട്ട് നന്നായി വറുത്തെടുക്കുക. അത് തണുത്തതിന് ശേഷം മിക്സിയിൽ ഇട്ട് പൊടിച്ചെടുക്കുക. ഇതിലേക്ക് ചെറുചൂടുള്ള വെള്ളം ഒഴിച്ച് പുട്ടിന് നനച്ചെടുക്കുന്നത് പോലെ നനയ്ക്കുക. ആവശ്യത്തിന് ഉപ്പും ചേർക്കാം. ശേഷം തേങ്ങയും ചിരകിയെടുക്കണം. ഇനി പുട്ട് കുടത്തിൽ വെള്ളം ഒഴിച്ച് അത് അടുപ്പിൽ വയ്ക്കുക. സാധാരണ പുട്ട് തയ്യാറാക്കാറുള്ളതുപോലെ പുട്ടുകുറ്റിയിലേക്ക് ചിരകിയ തേങ്ങയും നനച്ചുവച്ച അവൽ പൊടിയും ചേർത്ത് ആവിയിൽ വേവിക്കാം. ഇതാ കിടിലൻ അവൽ പുട്ട് റെഡി.