ദിവസം മുഴുവൻ ഊർജ്ജസ്വലത നിലനിർത്താൻ ആരോഗ്യകരമായ ഒരു പ്രഭാത ദിനചര്യ അത്യാവശ്യമാണ്. ആരോഗ്യകരമായ പ്രഭാതഭക്ഷണം കഴിക്കുക, വ്യായാമം ചെയ്യുക, യോഗ പരിശീലിക്കുക തുടങ്ങിയ ശീലങ്ങൾ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. നല്ലൊരു ദിവസം ആരംഭിക്കുന്നതിന് കൃത്യമായ പ്രഭാത ദിനചര്യ പിന്തുടരുന്നത് വളരെയധികം സഹായിക്കും. ഈ ശീലങ്ങൾ ശരീരത്തെയും മനസ്സിനെയും ഉന്മേഷമുള്ളതാക്കി നിലനിർത്താൻ സഹായിക്കും.
രാവിലെ ചെയ്യുന്ന പോസിറ്റീവ് കാര്യങ്ങൾ നമ്മുടെ ഊർജ്ജത്തെയും മാനസികാവസ്ഥയെയും ആരോഗ്യത്തെയും കാര്യമായി സ്വാധീനിക്കും. എന്നാൽ, ചില ശീലങ്ങൾ നമ്മുടെ ഊർജ്ജനിലയും കുടലിന്റെ ആരോഗ്യവും മോശമാക്കും. ഊർജ്ജം കുറയ്ക്കുന്നതും കുടലിന്റെ ആരോഗ്യത്തെ ബാധിക്കുന്നതുമായ ചില പ്രഭാത ശീലങ്ങളെക്കുറിച്ചാണ് ഇനി പറയുന്നത്.
ഒന്ന്
പഞ്ചസാര കൂടുതലുള്ള ധാന്യങ്ങൾ കഴിച്ച് ദിവസം ആരംഭിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരാൻ ഇടയാക്കും. ഇത് ഊർജ്ജ നില കുറയ്ക്കുകയും അനാരോഗ്യകരമായ ഭക്ഷണങ്ങളോടുള്ള താല്പര്യത്തിന് ഇടയാക്കുകയും ചെയ്യും.
രണ്ട്
രാവിലെ ഉറക്കമുണർന്നയുടൻ ഫോൺ ഉപയോഗിക്കുന്നത് ആരോഗ്യപരമായ പല പ്രശ്നങ്ങൾക്കും കാരണമാകും. രാവിലെ ആദ്യം തന്നെ ഫോണിന്റെ സ്‌ക്രീനിൽ നോക്കുന്നത് മാനസിക സമ്മർദ്ദം വർദ്ധിപ്പിക്കും. ഈ ശീലം, ശരീരത്തിലെ സ്ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ അളവ് കൂട്ടുകയും, ഇത് നിങ്ങളുടെ മാനസികാവസ്ഥയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
മൂന്ന്
രാവിലെ കാപ്പി കുടിക്കുന്നത് ഉത്കണ്ഠ വർദ്ധിപ്പിക്കുകയും കുടലിന്റെ ആരോഗ്യത്തെ തടസ്സപ്പെടുത്തുകയും ചെയ്യും. ഇത് അസിഡിറ്റി ഉണ്ടാക്കുകയും ദഹന പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യും.
നാല്
എന്നും വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് നിങ്ങളുടെ ഊർജനില കൂട്ടും. കാരണം ശരീരത്തിൽ വെള്ളത്തിന്റെ അളവ് കുറയുന്നത് ക്ഷീണത്തിന് കാരണമാകും.
അഞ്ച്
രാവിലെ തന്നെ ബാത്ത് റൂമിൽ പോകുമ്പോൾ മൊബെെൽ ഫോൺ ഉപയോഗിക്കുന്നത് മലവിസർജ്ജനം വൈകുന്നതിന് കാരണമാകും. ടോയ്‌ലറ്റിൽ കൂടുതൽ സമയം ചെലവഴിക്കുന്നത് പെെൽസിനുള്ള സാധ്യത വർദ്ധിപ്പിക്കും.
ആറ്
പ്രഭാത ഭക്ഷണത്തിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് ഊർജ്ജ നില കൂട്ടാനും പേശികളുടെ ആരോഗ്യം വർദ്ധിപ്പിക്കാനും സഹായിക്കും. ഇത് കൂടുതൽ നേരം വയറു നിറഞ്ഞതായി നിലനിർത്തുകയും അമിത വിശപ്പ് തടയുകയും ചെയ്യുന്നു.
ഏഴ്
രാവിലത്തെ സൂര്യപ്രകാശം ശരീരത്തിന് ഏറെ ഗുണകരമാണ്. ഇത് നമ്മുടെ ശരീരത്തിലെ സർക്കാഡിയൻ താളം ക്രമീകരിക്കാനും വിറ്റാമിൻ ഡി യുടെ അളവ് കൂട്ടാനും സഹായിക്കുന്നു. രാവിലെ സൂര്യപ്രകാശം ഏൽക്കാതിരിക്കുന്നത് നമ്മുടെ ശരീരത്തിന്റെ ആന്തരിക ഘടികാരത്തെ താളം തെറ്റിക്കും. ഇത് ഉറക്കത്തിന്റെ ഗുണനിലവാരം കുറയ്ക്കുകയും ദിവസം മുഴുവൻ ഊർജ്ജക്കുറവിന് കാരണമാവുകയും ചെയ്യും.
എട്ട്
സുഗമമായ ദഹനത്തിനും സ്ഥിരമായ ഊർജ്ജത്തിനും പ്രോട്ടീൻ, പ്രോബയോട്ടിക്സ്, പ്രീബയോട്ടിക്സ്, പോളിഫെനോൾസ് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ പ്രധാനമാണ്. കുടലിന്റെ ആരോഗ്യത്തിന് നിർണായകമായ ഈ പോഷകങ്ങൾ ആഹാരക്രമത്തിൽ ഉണ്ടെന്ന് ഉറപ്പാക്കണം.