കുപ്പിവെള്ളം വാങ്ങി ഉപയോഗിക്കാത്തവർ വളരെ കുറവായിരിക്കും. പ്രത്യേകിച്ച് യാത്ര ചെയ്യുമ്പോൾ കുപ്പിവെള്ളത്തെ ആശ്രയിക്കാതെ മറ്റുവഴിയില്ലാതെ വരും. ഇത്തരത്തിൽ വാങ്ങുന്ന കുപ്പിവെള്ളം മുഴുവനും ഒറ്റയിരിപ്പിന് മിക്കവരും കുടിച്ചുതീർക്കാറില്ല.
ബാഗിലും കാറിലും സ്‌കൂട്ടറിലും ഫ്രിഡ്‌ജിലുമൊക്കെ ബാക്കിവരുന്ന കുപ്പിവെള്ളം സൂക്ഷിക്കാറുണ്ട്. കുറേദിവസങ്ങൾക്കുശേഷമായിരിക്കും ഇത് പിന്നീട് കുടിക്കാൻ എടുക്കുന്നത്. എന്നാൽ ഒരാഴ്‌ചയിൽ കൂടുതൽ പഴക്കമുള്ള കുപ്പിവെള്ളം കുടിക്കാൻ പാടില്ലെന്ന് എത്രപേർക്കറിയാം?
പ്ളാസ്റ്റിക് കുപ്പിയിൽ വെള്ളം ഏറെനാൾ സൂക്ഷിക്കുന്നത് അതിൽ ബാക്‌ടീരിയയും ഫംഗസും വളരുന്നതിന് ഇടയാക്കും. സ്റ്റെയിൻലെസ് സ്റ്റീൽ, ഗ്ളാസ് കുപ്പി എന്നിവയിൽ വെള്ളം സൂക്ഷിക്കുന്നതാണ് നല്ലത്. ഇവ ബാക്‌ടീരിയ വളരുന്നത് തടയുന്നു. അതിനാൽ തന്നെ ഏറെനാൾ പഴക്കമുള്ള കുപ്പിവെള്ളം കുടിക്കാതിരിക്കുന്നതാണ് നല്ലത്. പഠിക്കുന്നവരും ജോലിക്ക് പോകുന്നവരുമെല്ലാം ഫ്ളാസ്‌കിലോ മറ്റോ വെള്ളം കൊണ്ടുപോകുന്നതാണ് നല്ലത്.
ഇവ നല്ല വൃത്തിയായി ദിവസേന കഴുകുകയും ചെയ്യണം.വെള്ളത്തിലൂടെ ഉള്ളില്‍ കടന്നുകയറുന്ന മൈക്രോ പ്ലാസ്റ്റിക് 90 ശതമാനവും വിസര്‍ജ്യത്തോടൊപ്പം പുറത്തുപോകും. ശേഷിച്ച പത്ത് ശതമാനം രക്തചംക്രമണത്തിലൂടെ വൃക്കയിലെത്തും. ഇത് പലവിധ രോഗങ്ങൾക്ക് കാരണമാകാനിടയുണ്ട്. കിണറ്റിലെ വെള്ളം കുടിക്കുന്നതാണ് ഏറ്റവും നല്ലത്. വിവിധ സ്രോതസുകളില്‍നിന്ന് ശേഖരിക്കുന്ന വെള്ളം ആരോഗ്യത്തെ ബാധിക്കാത്ത രീതിയില്‍ അണുനശീകരണം നടത്തുമ്പോഴാണ് കുപ്പിവെള്ളം ശുദ്ധമാവുക. അതിനാൽതന്നെ വിവിധ കമ്പനികളുടെ കുപ്പിവെള്ളം ശേഖരിച്ച് പരിശോധന നടത്തി ഗുണനിലവാരം ഉറപ്പാക്കാനുള്ള നടപടി അധികൃതരുടെ ഭാഗത്തുനിന്നുണ്ടാവേണ്ടതുണ്ട്.