പോഷക സമ്പുഷ്ടം, പ്രൊട്ടീന്‍ കലവറ മുട്ടയ്ക്കുള്ള വിശേഷണങ്ങള്‍ നിരവധിയാണ്. മുട്ട കഴിച്ചാല്‍ ദീര്‍ഘനേരത്തേക്ക് വിശപ്പ് അനുഭവപ്പെടുകയില്ലെന്ന് മാത്രമല്ല മെറ്റബോളിസം വര്‍ധിപ്പിക്കുകയും ചെയ്യും. പക്ഷെ മുട്ട കഴിക്കുമ്പോള്‍ ലഭിക്കുന്ന ഗുണങ്ങള്‍ പരിപൂര്‍ണമായി ലഭിക്കണമെങ്കില്‍ കഴിക്കുന്ന സമയത്തിന് കൂടി പ്രധാന്യമുണ്ട്. നിങ്ങളുടെ ശരീരം ആവശ്യപ്പെടുന്ന സമയത്ത് മുട്ട കഴിക്കുകയാണെങ്കില്‍ അത്ഭുതങ്ങളാണ് ശരീരത്തില്‍ സംഭവിക്കുക.
പ്രാതലിന് മുട്ട കഴിക്കുന്നവര്‍ ഭാരം കുറഞ്ഞുവരുന്നതായി കാണുന്നതായി ഇന്റര്‍നാഷ്‌നല്‍ ജേണല്‍ ഓഫ് ഒബീസിറ്റിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു. പ്രാതലിന് കാര്‍ബ്‌സ് കഴിക്കുന്നവരേക്കാള്‍ ഭാരം കുറയുക മാത്രമല്ല അരവണ്ണവും ഇവരുടെ കുറയുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
പ്രൊട്ടീന്‍, വിറ്റമിനുകള്‍, മിനറല്‍ എന്നിവ ധാരാളമടങ്ങിയിട്ടുള്ള ഒന്നാണ് മുട്ട. പ്രൊട്ടീന്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ മുട്ട കഴിച്ചാല്‍ നിങ്ങള്‍ക്ക് സംതൃപ്തി ലഭിക്കുമെന്ന് മാത്രമല്ല കുറേനേരത്തേക്ക് വിശപ്പ് അനുഭവപ്പെടുകയുമില്ല. അതിനാല്‍ ഇടയ്ക്ക് സ്‌നാക്ക് കഴിക്കുന്ന ശീലം ഒഴിവാക്കാനാകും. അതിനാല്‍ മുട്ട കഴിക്കാനുള്ള ഏറ്റവും അനുയോജ്യമായ സമയം പ്രാതലാണ്. വിശപ്പ് നിയന്ത്രിക്കുന്നതിനൊപ്പം അന്നത്തെ ദിവസം അനാവശ്യമായി ഒരുപാട് ഭക്ഷണവസ്തുക്കള്‍ കഴിക്കുന്നതും ഇത് തടയും. ദഹനം പതുക്കെയാക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കും.
പോസ്റ്റ് വര്‍ക്കൗട്ട് മീലായും മുട്ട കഴിക്കാം. പ്രൊട്ടീനും അമിനോ ആസിഡും അടങ്ങിയിട്ടുള്ളതിനനാല്‍ മുട്ട കഴിക്കുന്നത് മസിലുകള്‍ കരുത്തുറ്റതാക്കാനും വളര്‍ച്ചയ്ക്കും സഹായിക്കും. വേദന കുറയ്ക്കാനും പേശികളുടെ പുനഃനിര്‍മാണത്തിനും മെറ്റബോളിസം മെച്ചപ്പെടുത്തുന്നതിനും കൊഴുപ്പ് കരിച്ചുകളയുന്നതിന് ശരീത്തെ മെച്ചപ്പെടുത്തുന്നതിനും കരുത്ത് നേടാനും സഹായിക്കും.
വൈകുന്നേരങ്ങളില്‍ മുട്ട കഴിക്കുന്നതും നല്ലതാണ്. മുട്ടയില്‍ ട്രൈപ്‌റ്റോഫന്‍, മെലാടോനിന്‍ എന്നിവ അടങ്ങിയിരിക്കുന്നതിനാല്‍ ശരീരത്തിന് വിശ്രമാവസ്ഥയിലേക്ക് നയിക്കും, ഉറക്കം മെച്ചപ്പെടുത്തും. ഭാരം നിയന്ത്രിക്കുന്നതില്‍ ഉറക്കത്തിന് വലിയ പങ്കാണ് ഉള്ളത്.