- Advertisement -Newspaper WordPress Theme
HEALTHപുരുഷന്മാരിലും 'ആര്‍ത്തവ വിരാമമോ'? എന്താണ് ആന്‍ഡ്രോപോസ്

പുരുഷന്മാരിലും ‘ആര്‍ത്തവ വിരാമമോ’? എന്താണ് ആന്‍ഡ്രോപോസ്

ടൂ മച്ച് വിത്ത് കജോള്‍ ആന്‍ഡ് ട്വിങ്കിള്‍ എന്ന പരിപാടിയില്‍ ബോളിവുഡ് താരങ്ങളായ സെയ്ഫ് അലി ഖാനും അക്ഷയ്കുമാറും പങ്കെടുത്ത ഭാഗത്തില്‍ പ്രായമാകുന്നതിനെ കുറിച്ച് നടത്തിയ ചര്‍ച്ചയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ കണ്ടന്റ്. പുരുഷന്മാര്‍ എപ്പോഴെങ്കിലും ‘ആര്‍ത്തവവിരാമത്തെ’ കുറിച്ചുള്ള കാര്യങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ എന്നായിരുന്നു ഷോയില്‍ ട്വിങ്കില്‍ ഖന്നയുടെ ചോദ്യം. ഇതിന് മറുപടി നല്‍കിയത് കജോളായിരുന്നു. പുരുഷന്മാരും അതിലൂടെ കടന്നുപോകുന്നുണ്ടല്ലോ അതിനെ ആന്‍ഡ്രോപോസ് എന്നാണ് പറയുകയെന്ന് കജോള്‍ പറഞ്ഞു. സ്ത്രീകളിലെ ആര്‍ത്തവിരാമത്തെ കുറിച്ച് പലപ്പോഴും സംസാരം ഉണ്ടാവാറുണ്ടെങ്കിലും പുരുഷന്മാരിലെ ഇത്തരമൊരു അവസ്ഥയെ കുറിച്ച് അധികമാരും സംസാരിച്ച് കേട്ടിട്ടില്ല. ഈ അഭിമുഖത്തിന് പിന്നാലെ പുരുഷന്മാരിലെ ‘ആർത്തവവിരാമം’ പോലുള്ള അവസ്ഥ ചർച്ചയാകുന്നത്.

എന്താണ് ഈ ആന്‍ഡ്രോപോസ്?

പുരുഷന്മാരിലെ ‘ആര്‍ത്തവവിരാമം’ എന്ന് അറിയപ്പെടുന്ന ആന്‍ഡ്രോപോസ്, അവരുടെ ശരീരത്തിലെ ടെസ്റ്റോസ്റ്റേറോണ്‍ അടക്കമുള്ള ഹോര്‍മോണുകളുടെ പതിയെ പതിയെയുള്ള കുറവിനെയാണ് സൂചിപ്പിക്കുന്നത്. സ്ത്രീകളിലെ ആര്‍ത്തവവിരാമം പെട്ടെന്നാണെങ്കില്‍ പുരുഷന്മാരില്‍ അത് വര്‍ഷങ്ങളെടുത്താവും സംഭവിക്കുക. ഡോക്ടര്‍മാര്‍ ഈ പ്രക്രിയെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന പദം late-onset hypogonadism എന്നാണ്. നാല്‍പതുകളിലും അമ്പതുകളിലുമാണ് ഇക്കാര്യം പുരുഷന്മാരില്‍ സംഭവിച്ച് തുടങ്ങുക. പെട്ടെന്ന് സംഭവിക്കുന്ന ജൈവീകപ്രക്രിയ അല്ലാത്തതിനാല്‍ ഇത് തുടര്‍ന്ന് കൊണ്ടേയിരിക്കും. മുപ്പതുകളുടെ പകുതിയോടെ വര്‍ഷാവര്‍ഷം ടെസ്റ്റോസ്റ്റെറോണ്‍ അളവ് പുരുഷന്മാരില്‍ ഒരു ശതമാനം വീതം കുറയും. ഇതിന്റെ മാറ്റങ്ങള്‍ പലരിലും പലതരത്തിലായിരിക്കും. പ്രായമാകും തോറും പുരുഷന്മാരില്‍ ലൈംഗിക ഹോര്‍മോണുകളുടെ (പ്രത്യേകിച്ച് ടെസ്റ്റോസ്റ്റെറോണിന്റെ) ക്രമാനുഗതമായ കുറവ് സംഭവിക്കുന്ന ഒരു അവസ്ഥയാണിത്. ഇതിന് ചികിത്സയും ലഭ്യമാണ്.

ആന്‍ഡ്രോപോസിലൂടെ കടന്നുപോകുന്ന പുരുഷന്മാരിലുണ്ടാകുന്ന മാറ്റങ്ങള്‍

  1. ലൈംഗികാസക്തി കുറയും
  2. ക്ഷീണം, ഉറക്കത്തിലെ പ്രശ്‌നങ്ങള്‍, അമിതമായി ശരീരം വണ്ണിക്കുക
  3. മൂഡ് സ്വിങ്‌സ്, അസ്വസ്ഥത, ശ്രദ്ധ നഷ്ടപ്പെടുക
  4. മസിലുകളുടെ ആരോഗ്യം ക്ഷയിക്കുക, വര്‍ക്കൗട്ടുകള്‍ക്ക് ശേഷം ശരീരം പഴയ നിലയിലാവാനുള്ള കാലതാമസം

ആന്‍ഡ്രോപോസും മെനോപോസും

ടെസ്റ്റോസ്റ്റെറോണിന്റെ അളവ് കുറയുന്ന അവസ്ഥയാണ് ആന്‍ഡ്രോപോസ്, ഇതിനെ പുരുഷന്മാരിലെ ആര്‍ത്തവവിരാമമെന്ന് പറയുന്നത് ശാസ്ത്രീയമായി പലരും എതിര്‍ക്കുന്ന കാര്യമാണ്. കാരണം ഏതൊരു സ്ത്രീയും അവരുടെ ജീവിതത്തില്‍ ആര്‍ത്തവവിരാമത്തിലെത്തും. എന്നാല്‍ എല്ലാ പുരുഷന്മാരും ആന്‍ഡ്രോപോസ് എന്ന അവസ്ഥയിലൂടെ കടന്നുപോകണമെന്നില്ല. പല പുരുഷന്മാരിലും പതിറ്റാണ്ടുകളോളം ടെസ്റ്റോസ്റ്റേറോണിന്റെ അളവ് അതേരീതിയില്‍ തന്നെ തുടരും. എന്നാല്‍ മറ്റുചിലരില്‍ സമ്മര്‍ദം, ശരിയല്ലാത്ത ഭക്ഷണക്രമം, ഗൗരവതരമായ അസുഖങ്ങള്‍ എന്നിവ ഈ ഹോര്‍മോണിന്റെ അളവ് കുറയ്ക്കും.

ആന്‍ഡ്രോപോസ് മാറ്റങ്ങളെ എങ്ങനെ കൈകാര്യം ചെയ്യാം

മരുന്നുകളെ ആശ്രയിക്കുന്നതിന് മുമ്പ് തന്നെ ജീവിതരീതിയില്‍ മാറ്റം വരുത്തണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. പോഷകങ്ങള്‍ നിറഞ്ഞ ഭക്ഷണരീതി, മികച്ച ഉറക്കം, മദ്യപാനം ഒഴിവാക്കുക എന്നിവയിലൂടെ ഹോര്‍മോണുകള്‍ സ്വാഭാവികമായി ബാലന്‍സ് ചെയ്യാന്‍ കഴിയും. അത്തരം വഴികള്‍ ഫലം നല്‍കുന്നില്ലെങ്കില്‍ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ ഹോര്‍മോണ്‍ റീപ്ലേസ്‌മെന്റ് തെറാപ്പി ചെയ്യാമെന്നാണ് പറയുന്നത്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme