മിക്ക സെലിബ്രിറ്റികളും പിന്തുടരുന്ന ഭക്ഷണരീതിയാണ് മോണോട്രോപിക് ഡയറ്റ്. ഒരേ ആഹാരം തന്നെ പതിവായി കഴിക്കുന്ന രീതിയാണിത്. ആഹാരത്തിലെ കോംബിനേഷനുകൾ ലളിതമാക്കി ദഹനം വേഗത്തിലാക്കാൻ സഹായിക്കുന്നു എന്നതാണ് ഈ ഡയറ്റിന്റെ പ്രത്യേകത. താരദമ്പതികളായ അനുഷ്ക-വിരാട് കൊഹ്ലി, ഫുട്ബോൾ താരമായ സുനിൽ ഛേത്രി തുടങ്ങിയവർ ഈ ഡയറ്റ് ആണ് പിന്തുടരുന്നതെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. ഒരേ ആഹാരം തന്നെ കാലങ്ങളോളം കഴിക്കുന്നത് ദഹനസംവിധാനത്തിന് അമിതഭാരം നൽകില്ലെന്നും ഇത് ഗ്യാസ് ട്രബിൾ, മലബന്ധം എന്നിവ ഒഴിവാക്കുമെന്നുമാണ് മോണോട്രോപിക് ഡയറ്റ് പിന്തുടരുന്നവർ അഭിപ്രായപ്പെടുന്നത്. എന്നാൽ ഈ ഡയറ്റ് ആരോഗ്യത്തിന് ഗുണകരമല്ലെന്നാണ് പല ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.
മോണോട്രോപിക് ഡയറ്റ്
ഒരേ ഭക്ഷണം തന്നെ ആഴ്ചകളോ ദിവസങ്ങളോ കഴിക്കുന്നതിനെയാണ് മോണോട്രോപിക് ഡയറ്റ് അഥവാ മോണോ ഡയറ്റ് എന്ന് വിളിക്കുന്നത്. മിൽക്ക് ഡയറ്റ്, കാർണിവോർ ഡയറ്റ്, ഫ്രൂട്ടേറിയൻ ഡയറ്റ്, എഗ്ഗ് ഡയറ്റ് എന്നിവ മോണോ ഡയറ്റിന്റെ വിവിധ ഇനങ്ങളാണ്. എല്ലാ നേരവും ഒരേ ഭക്ഷണമായിരിക്കും ഈ ഡയറ്റ് പിന്തുടരുന്നവർ കഴിക്കുക. ഉരുഴക്കിഴങ്ങ്, ആപ്പിൾ, ചിക്കൻ, മുട്ട എന്നിവയായിരിക്കും ദിവസം മുഴുവൻ കഴിക്കാൻ മിക്കവരും തിരഞ്ഞെടുക്കുക. അല്ലെങ്കിൽ എല്ലാനേരവും പഴങ്ങളോ പച്ചക്കറിയോ മാത്രവും. എന്നാൽ ഈ ഡയറ്റ് എത്രദിവസം പിന്തുടരണമെന്ന കണക്ക് ക്യത്യമായി പറയുന്നില്ല.
വണ്ണം കുറയുന്നതിന് സഹായിക്കുമോ?
ദിവസവും സമാനമായ ഭക്ഷണങ്ങൾ കഴിക്കുന്നത് ചിലരിൽ ആഹാരത്തിന്റെ അളവ് കുറയ്ക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യാമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. എന്നാൽ എന്ത് കഴിക്കുന്നു എന്നതിനെയും അളവിനെയും ആശ്രയിച്ചായിരിക്കും ഫലം ലഭിക്കുക. കുറഞ്ഞ കാലത്തേയ്ക്ക് ഈ ഡയറ്റ് ഫലപ്രദമാകാമെങ്കിലും നിരവധി അനുബന്ധ പ്രശ്നങ്ങളും ഇതിനുണ്ട്.
ഒരേ ആഹാരം തന്നെ കാലങ്ങളോളം കഴിക്കുന്നത് പോഷകാഹാരക്കുറവിന് കാരണമാകും. കൂടാതെ വിറ്റാമിനുകളുടെയോ ധാതുക്കളുടെയോ കുറവുണ്ടാകുന്നതിന് കാരണമാവുകയും ചെയ്യും. മാക്രോ, മൈക്രോ പോഷകങ്ങളുടെ ദീർഘകാല അഭാവം രോഗപ്രതിരോധ ശേഷി കുറയുന്നതിനും, ക്ഷീണം, വിളർച്ച, ദഹന പ്രശ്നങ്ങൾ, അസ്ഥി ക്ഷതം എന്നിവയ്ക്കും പ്രതിരോധശേഷി കുറയുന്നതുമൂലം ഉണ്ടാകുന്ന വിട്ടുമാറാത്ത രോഗങ്ങൾക്കും കാരണമായി മാറാം. അതിനാൽ തന്നെ മോണോട്രോപിക് ഡയറ്റ് സ്ഥിരമായി പിന്തുടരാൻ മികച്ചതല്ലെന്നും ആരോഗ്യത്തെ ഹാനികരമായി ബാധിക്കുമെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.