മനുഷ്യരടക്കം എല്ലാ നട്ടെല്ലുള്ള ജീവികളും ചെയ്യുന്ന ഒരു സാധാരണ പ്രവൃത്തിയാണ് കോട്ടുവാ (Yawn). നമുക്ക് ക്ഷീണം വരുമ്പോഴോ, വിരസത തോന്നുമ്പോഴോ, ഉറങ്ങാൻ നേരമാകുമ്പോഴോ ഇത് വരും. എന്നാൽ, എന്തിനാണ് നമ്മൾ കോട്ടുവാ ഇടുന്നത് എന്നതിനെക്കുറിച്ച് പലർക്കുമുള്ള ധാരണ തെറ്റാണെന്നാണ് ഗവേഷകർ പറയുന്നത്.
ഓക്സിജൻ സിദ്ധാന്തം തെറ്റ്!
“കോട്ടുവാ ഇടുന്നത് ശ്വാസമെടുപ്പുമായി ബന്ധപ്പെട്ടാണ്, അതുവഴി രക്തത്തിലെ ഓക്സിജൻ കൂട്ടാൻ വേണ്ടിയാണ്” എന്നാണ് മിക്കവരും വിശ്വസിക്കുന്നത്. ആഴത്തിലുള്ള ശ്വാസം ഉള്ളിലേക്ക് എടുക്കുന്നതുകൊണ്ടാണ് ഇങ്ങനെ തോന്നാൻ കാരണം.
എന്നാൽ, ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റിയിലെ ബിഹേവിയറൽ ബയോളജി പ്രൊഫസറായ ആൻഡ്രൂ ഗാലപ്പ് ഉൾപ്പെടെയുള്ള ഗവേഷകർ ഈ സിദ്ധാന്തം തെറ്റാണെന്ന് തെളിയിച്ചു. 1980-കളിൽ നടന്ന പഠനങ്ങളിൽ, വായുവിൽ ഓക്സിജന്റെ അളവ് കൂട്ടിയോ, കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് കുറച്ചോ പരീക്ഷിച്ചു. ഇത് മറ്റ് ശ്വസനപ്രക്രിയകളെ ബാധിച്ചെങ്കിലും, കോട്ടുവായുടെ എണ്ണത്തെ ഒരു തരത്തിലും സ്വാധീനിച്ചില്ല. ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവരിൽ കോട്ടുവാ ഇടുന്നതിൽ വ്യത്യാസങ്ങൾ രേഖപ്പെടുത്തിയിട്ടുമില്ല.
കോട്ടുവായുടെ യഥാർത്ഥ ലക്ഷ്യം
കോട്ടുവാ ഇടുന്നത് തലച്ചോറിന്റെ താപനില നിയന്ത്രിക്കാൻ സഹായിക്കുന്ന ഒരു പ്രവൃത്തിയാണെന്നാണ് ഇന്ന് കൂടുതൽ സ്വീകാര്യമായ സിദ്ധാന്തം.
- രക്തചംക്രമണം മെച്ചപ്പെടുത്തുന്നു
കോട്ടുവായുടെ ഭാഗമായി താടിയെല്ല് വിശാലമായി തുറക്കുന്നത് ഒരു പ്രാദേശികമായ പേശിവലിവ് (localized stretch) പോലെയാണ്. ഇത് തലച്ചോറിലേക്കുള്ള ധമനിയിലൂടെയുള്ള രക്തയോട്ടം വർധിപ്പിക്കുകയും തലയിൽ നിന്ന് ഹൃദയത്തിലേക്കുള്ള രക്തത്തിന്റെ മടങ്ങിപ്പോക്ക് വേഗത്തിലാക്കുകയും ചെയ്യുന്നു. പേശികൾ വലിക്കുമ്പോൾ മറ്റ് ഭാഗങ്ങളിലെ രക്തചംക്രമണം കൂടുന്നതുപോലെ തന്നെ, കോട്ടുവാ തലയോട്ടിയിലെ രക്തചംക്രമണവും മെച്ചപ്പെടുത്തുന്നു.
- ‘റേഡിയേറ്റർ’ പോലെ പ്രവർത്തിക്കുന്നു
കോട്ടുവാ ഇടുമ്പോൾ നമ്മൾ ആഴത്തിൽ ശ്വാസമെടുക്കാറുണ്ട്, ആ സമയത്ത് പുറത്തുനിന്നുള്ള വായു, വായ, നാവ്, മൂക്കിലെ അറകൾ എന്നിവയുടെ ഈർപ്പമുള്ള പ്രതലങ്ങളിലൂടെ കടന്നുപോകുന്നു. ഒരു കാർ റേഡിയേറ്ററിലൂടെ വായു കടന്നുപോകുന്നതുപോലെ, ഈ പ്രക്രിയ ബാഷ്പീകരണത്തിലൂടെയും (evaporation) സംവഹനത്തിലൂടെയും (convection) ചൂട് പുറംതള്ളുകയാണ് ഈ പ്രവൃത്തിയിലൂടെ നടക്കുന്നത്.
- താപനിലയും കോട്ടുവായും
ചുറ്റുമുള്ള താപനില അൽപ്പം കൂടുമ്പോൾ കോട്ടുവായുടെ എണ്ണവും വർധിക്കുന്നു എന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ, ചൂട് അമിതമാകുമ്പോൾ (കോട്ടുവാ കൊണ്ട് തലച്ചോറിനെ തണുപ്പിക്കാൻ കഴിയാത്തത്ര ഉയർന്ന അന്തരീക്ഷ താപനില) വിയർക്കൽ പോലുള്ള മറ്റ് തണുപ്പിക്കൽ സംവിധാനങ്ങൾ വരികയും കോട്ടുവാ കുറയുകയും ചെയ്യും. കൂടുതൽ നാഡീകോശങ്ങളുള്ള പക്ഷികളും മൃഗങ്ങളും, നമ്മൾ മനുഷ്യരേക്കാൾ കൂടുതൽ നേരം കോട്ടുവാ ഇടുന്നു എന്നും കണ്ടെത്തലുകളുണ്ട്.
ശരീരത്തിലെ താപനില വർധിപ്പിക്കുന്ന ചില രോഗാവസ്ഥകളിലും മരുന്നുകൾ ഉപയോഗിക്കുമ്പോഴും കോട്ടുവായുടെ എണ്ണം കൂടുന്നത് ഇതേ കാരണം കൊണ്ടാകാം.
അവസ്ഥാമാറ്റവും പകരുന്ന കോട്ടുവായും
മറ്റൊരു പ്രധാന സിദ്ധാന്തം, കോട്ടുവാ തലച്ചോറിന്റെ അവസ്ഥാമാറ്റത്തിന് സഹായിക്കുന്നു എന്നതാണ്. ഉറക്കത്തിൽ നിന്ന് ഉണർവിലേക്ക്, വിരസതയിൽ നിന്ന് ജാഗ്രതയിലേക്ക് എന്നിങ്ങനെ തലച്ചോറിനെ ഒരു അവസ്ഥയിൽ നിന്ന് മറ്റൊന്നിലേക്ക് മാറ്റാൻ ഇത് സഹായിക്കുന്നു. വിരസത വരുമ്പോൾ, തലച്ചോറിന് കൂടുതൽ പ്രവർത്തനക്ഷമത ആവശ്യമായി വരുന്നു, അതിനാൽ രക്തയോട്ടം കൂട്ടാനും തലച്ചോറിനെ സജ്ജമാക്കാനും കോട്ടുവാ സഹായിച്ചേക്കാം.
എന്തുകൊണ്ടാണ് കോട്ടുവാ പകരുന്നത്?
ഒരാൾ കോട്ടുവാ ഇടുന്നത് കാണുമ്പോൾ മറ്റുള്ളവരും അത് ചെയ്യുന്നത്, സാമൂഹിക സ്വഭാവമുള്ള ജീവികളിൽ മാത്രം കാണുന്ന പ്രതിഭാസമാണ്. ഇത് മിറർ ന്യൂറോണുകളുടെ പ്രവർത്തനത്തിന്റെ ഫലമായിരിക്കാം; അതായത് മറ്റൊരാൾ ചെയ്യുന്നത് കാണുമ്പോൾ അതേ പ്രവൃത്തി ചെയ്യാൻ മറ്റൊരാളുടെ തലച്ചോറ് അവരെ പ്രേരിപ്പിക്കുന്നു. പകരുന്ന കോട്ടുവാ ഗ്രൂപ്പിലെ എല്ലാവരെയും ഒരേ അവസ്ഥയിലേക്ക് (ഉണർവിലേക്കോ, വിശ്രമത്തിലേക്കോ) കൊണ്ടുവരാൻ സഹായിച്ച് കൂട്ടായ ഏകോപനം സാധ്യമാക്കുന്നു എന്നും കരുതപ്പെടുന്നുണ്ട്.
ഉദാഹരണത്തിന്, ഒരു സിംഹം കോട്ടുവാ ഇട്ടശേഷം എഴുന്നേറ്റ് നടക്കുമ്പോൾ, മറ്റ് സിംഹങ്ങളും അത് അനുകരിക്കാൻ സാധ്യതയുണ്ടെന്ന് ഒരു പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.




