ജോലികഴിഞ്ഞ് വീട്ടിലെത്തുമ്പോൾ കണങ്കാലോ കാൽപാദങ്ങളോ നീര് വന്ന് വീർക്കാറുണ്ടോ? ഇത് ഒരു ചെറിയ കാര്യമായി കാണരുത്. നീർവീക്കം സ്ഥിരവും അമിതവുമായി കാണപ്പെട്ടാൽ അത് ഏതെങ്കിലും ഗുരുതര രോഗത്തിൻ്റെ മുന്നറിയിപ്പായിരിക്കാം. കാലുകളിലും കണങ്കാലിലുമുണ്ടാകുന്ന നീർവീക്കം സാധാരണയായി പെരിഫെറൽ എഡിമ എന്നാണ് അറിയപ്പെടുന്നത്.
ദീർഘനേരം നിൽക്കുമ്പോഴോ ഇരിക്കുമ്പോഴോ പ്രായമാകുമ്പോഴോ ഇത് സംഭവിക്കാറുണ്ട്. കോശങ്ങളിൽ ദ്രാവകം അടിഞ്ഞുകൂടുമ്പോഴാണ് നീർവീക്കം ഉണ്ടാകുന്നത്. രക്തയോട്ടം തടസ്സപ്പെടുമ്പോൾ ശരീരത്തിൻ്റെ താഴത്തെ ഭാഗങ്ങളിൽ ദ്രാവകം അടിഞ്ഞുകൂടി ചർമ്മം ഇറുകിയതായോ ഭാരമുള്ളതായോ അനുഭവപ്പെടാം. വീർത്ത ഭാഗങ്ങളിൽ വിരലുകൾ അമർത്തിയാൽ കുഴിപോലെ ഉണ്ടാകുന്നതും ഈ അവസ്ഥയുടെ ലക്ഷണമാണ്.
അപകടകരമായ സൂചനകൾ
അധികനേരം നിൽക്കുന്നത് മൂലമുണ്ടാകുന്ന നീർവീക്കത്തിനപ്പുറം, അപ്രതീക്ഷിതമായി ശരീരഭാരം കൂടുക, ശ്വാസതടസ്സം, ചർമ്മത്തിൽ മഞ്ഞനിറം എന്നിവ നീർവീക്കത്തോടൊപ്പം ഉണ്ടാകുന്നുണ്ടെങ്കിൽ അത് ഹൃദയം, കരൾ, വൃക്കരോഗം എന്നിങ്ങനെയുള്ള ഗുരുതരമായ രോഗങ്ങളുടെ ലക്ഷണമായിരിക്കാം.
ഹൃദയം കാര്യക്ഷമമായി രക്തം പമ്പ് ചെയ്യുന്നില്ല എന്നതിൻ്റെ മുന്നറിയിപ്പാണ് പെരിഫെറൽ എഡിമ. ഇത് രക്തവും മറ്റ് ദ്രാവകങ്ങളും സിരകളിലേക്ക് തിരികെ കയറാൻ കാരണമാകുന്നു. തുടർന്ന് ദ്രാവകം ശരീരത്തിൻ്റെ താഴത്തെ ഭാഗങ്ങളിലെ കലകളിലേക്ക് ഒഴുകി നീർവീക്കം ഉണ്ടാക്കുന്നു. ക്ഷീണവും ശ്വാസതടസ്സവും ഇതിനൊപ്പം കാണുകയാണെങ്കിൽ ഉടൻ ഡോക്ടറെ സമീപിക്കണം.
കരൾ രോഗം രക്തക്കുഴലുകൾക്കുള്ളിൽ രക്തം നിലനിർത്താൻ സഹായിക്കുന്ന ആൽബുമിൻ പോലുള്ള പ്രോട്ടീനുകൾ നിലനിർത്തുന്നതിൽ കരളിന് പ്രധാന പങ്കുണ്ട്. സിറോസിസ് പോലുള്ള രോഗങ്ങൾ ഈ സംവിധാനം തകരാറിലാക്കി രക്തക്കുഴലുകളിലെ ദ്രാവക സന്തുലിതാവസ്ഥ തെറ്റിക്കുന്നു. അങ്ങനെ ദ്രാവകങ്ങൾ കാലുകൾ, കണങ്കാലുകൾ തുടങ്ങി അടിവയറ്റിലേക്ക് വരെ ഒഴുകിയെത്താൻ കാരണമാകും. നീർവീക്കത്തോടൊപ്പം ചർമ്മത്തിൻ്റെയോ കണ്ണുകളുടെയോ മഞ്ഞനിറം, ഞരമ്പുകളിലെ വ്യത്യാസം എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ വൈദ്യസഹായം തേടണം.
ഡീപ്പ് വെയിൻ ത്രോംബോസിസ്
ഒരു കാലിൽ മാത്രം പെട്ടെന്നുള്ളതും വേദനാജനകവുമായ നീർവീക്കം ഉണ്ടാകുകയും ചർമ്മത്തിന് ചൂട് അനുഭവപ്പെടുകയോ ചുവപ്പ് നിറം കാണിക്കുകയോ ചെയ്താൽ അത് ഡീപ്പ് വെയിൻ ത്രോംബോസിസ് എന്ന അവസ്ഥയുടെ ലക്ഷണമായേക്കാം. സിരകളിൽ രക്തം കട്ടപിടിക്കുന്ന ഈ അവസ്ഥ, രക്തം ശ്വാസകോശത്തിലേക്ക് നീങ്ങി ജീവന് ഭീഷണിയാകുന്ന പൾമണറി എംബോളിസത്തിന് കാരണമായേക്കാം.
എപ്പോഴാണ് ഡോക്ടറെ കാണേണ്ടത്?
കണങ്കാലുകളിലോ കാൽപാദത്തിലോ വീക്കം കണ്ടാൽ അതിൻ്റെ സ്വഭാവം ശ്രദ്ധിക്കുക. ഒരു കാലിൽ മാത്രമാണ് വീക്കമെങ്കിൽ അത് രക്തം കട്ടപിടിക്കുന്നതിൻ്റെ സൂചനയായിരിക്കാം. എന്നാൽ, രണ്ട് കാലിലും സ്ഥിരമായി നീരുണ്ടെങ്കിലോ അതിനൊപ്പം വേദന, ശ്വാസതടസ്സം, നെഞ്ചുവേദന എന്നിവ കൂടിയുണ്ടെങ്കിൽ ഒരു ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്.




