ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ വായിലെ അർബുദ കേസുകൾ ഗൗരവകരമായി വർധിക്കുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. 2025-ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഓറൽ ക്യാൻസർ കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനമായി ഡൽഹിയാണ് മുന്നിൽ. പാർലമെന്റിൽ സമർപ്പിച്ച ഔദ്യോഗിക കണക്കുകൾ പ്രകാരം കഴിഞ്ഞ മൂന്ന് വർഷത്തിനിടെ വായിലെ അർബുദ കേസുകളിൽ 5.1 ശതമാനം വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
ഈ രോഗവ്യാപനത്തിന് പ്രധാന കാരണമായി പുകയില ഉപയോഗം ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇന്ത്യയിലെ മൊത്തം ഓറൽ ക്യാൻസർ കേസുകളിൽ ഏകദേശം 30 ശതമാനവും പുകയിലയുമായി ബന്ധപ്പെട്ടതാണെന്ന് റിപ്പോർട്ട് പറയുന്നു.
അതേസമയം, സ്ത്രീകളിൽ ശ്വാസകോശ അർബുദ കേസുകളും വർധിക്കുന്നതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ സ്ത്രീകളിലെ ലംഗ് ക്യാൻസർ കേസുകളിൽ 6.5 ശതമാനം വർധനവ് ഉണ്ടായിട്ടുണ്ട്. പുരുഷന്മാരിൽ ഏറ്റവും കൂടുതൽ വളർച്ച രേഖപ്പെടുത്തിയത് വായിലെ അർബുദത്തിലാണ്. 2023-ൽ 2,429 കേസുകളായിരുന്നത് 2025-ൽ 2,717 ആയി ഉയർന്നു.
പ്രധാനമായും 55 മുതൽ 75 വയസ്സ് വരെ പ്രായമുള്ളവരിലാണ് രോഗം കൂടുതലായി കണ്ടെത്തുന്നത്. ചുണ്ടുകൾ മുതൽ തൊണ്ട വരെ ബാധിക്കാവുന്ന ഈ അർബുദത്തിന്റെ ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയുന്നതും സമയബന്ധിതമായി ചികിത്സ തേടുന്നതും അത്യാവശ്യമാണെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
നാക്കിലോ മോണയിലോ കാണുന്ന വെള്ളയോ ചുവപ്പോ നിറത്തിലുള്ള പാടുകൾ, സുഖപ്പെടാത്ത വ്രണങ്ങൾ, വിഴുങ്ങാൻ ബുദ്ധിമുട്ട്, കഴുത്തിലെ മുഴകൾ, സംസാരത്തിൽ വരുന്ന മാറ്റങ്ങൾ, വായിലെ മരവിപ്പ് എന്നിവ രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങളാകാമെന്ന് വിദഗ്ധർ പറയുന്നു. ഇത്തരം ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ വൈകാതെ തന്നെ വൈദ്യസഹായം തേടണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു.
രോഗബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ പുകയില വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കാനും പൊതുജന ബോധവൽക്കരണ പരിപാടികൾ കൂടുതൽ ഊർജ്ജിതമാക്കാനും ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.




