രോഗം ഭേദമായി മാസങ്ങള്‍ കഴിഞ്ഞിട്ടും കോവിഡ് മുക്തരില്‍ രോഗലക്ഷണങ്ങള്‍ കാണുന്നത് ആശങ്കയുണ്ടാക്കുന്നു. സമാനമായ അനുഭവങ്ങള്‍ പങ്കുവച്ച് പലരും സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍, ഇത്തരത്തില്‍ ദീര്‍ഘകാല പ്രശ്നങ്ങള്‍ രോഗികളിലുണ്ടാകുമോയെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.
മെല്‍ബണ്‍ സ്വദേശിയായ സാമന്ത ഡെംലറിനു കഴിഞ്ഞ മാര്‍ച്ച് 20-ന് അമേരിക്കയില്‍നിന്ന് തിരിച്ചെത്തിയശേഷമാണു തൊണ്ടവേദന അനുഭവപ്പെട്ടു തുടങ്ങിയത്. തുടര്‍ന്ന് 29-ന് അവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എന്നാല്‍, നാലു മാസങ്ങള്‍ക്കുശേഷവും തൊണ്ടവേദന ഉള്‍പ്പെടെയുള്ള അസ്വസ്ഥതകള്‍ തന്നെ വിടാതെ പിന്തുടരുകയാണെന്ന് സംഗീതജ്ഞ കൂടിയായ സാമന്ത ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
പല ഗന്ധവും തിരിച്ചറിയാന്‍ കഴിയുന്നില്ലെന്നും ഓര്മക്കുറവുണ്ടായതായും അവര്‍ പറയുന്നു.
സാമന്തയുടേത് ഒറ്റപ്പെട്ട സംഭവമല്ലെന്നതാണ് യാഥാര്‍ഥ്യം. കോവിഡ് മുക്തി നേടിയ നിരവധി പേരാണു തങ്ങള്‍ക്കും സമാന അനുഭവമുണ്ടായതായി സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്.
എന്നാല്‍, ഏതൊരു െവെറസ് രോഗബാധയുണ്ടായാലും ഇത്തരത്തില്‍ ചെറിയ ശതമാനം ആളുകള്‍ക്ക് രോഗമുക്തി നേടിയാലും ലക്ഷണങ്ങള്‍ മാറാതിരിക്കുന്നത് സ്വാഭാവികമാണെന്ന് ഓസ്ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്സിറ്റി പ്രഫസര്‍ പീറ്റര്‍ കോളിങ്ടണ്‍ പറയുന്നു. എന്നാല്‍, കോവിഡിന്റെ കാര്യത്തില്‍ അത് എത്ര ശതമാനം പേര്‍ക്ക് ഇത്തരം പ്രശ്നമുണ്ടാകുമെന്ന കാര്യം കണ്ടുപിടിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
in HEALTH, kovid-19 news