- Advertisement -Newspaper WordPress Theme
HEALTHതലച്ചോറിലെ ധമനിവീക്കം; എപ്പോള്‍ വേണമെങ്കിലും അപകടമുണ്ടാക്കാം, അറിഞ്ഞിരിക്കണം ഈ ലക്ഷണങ്ങൾ

തലച്ചോറിലെ ധമനിവീക്കം; എപ്പോള്‍ വേണമെങ്കിലും അപകടമുണ്ടാക്കാം, അറിഞ്ഞിരിക്കണം ഈ ലക്ഷണങ്ങൾ

തലച്ചോറിലെ സെറിബ്രല്‍ കോര്‍ട്ടെക്‌സിലുള്ള രക്തധമനികളുടെ ഏതെങ്കിലും ഭാഗം ഒരു ബലൂണ്‍ പോലെ വീര്‍ത്ത്‌ വരുന്ന അവസ്ഥയാണ്‌ ധമനിവീക്കം അഥവാ ബ്രെയ്‌ന്‍ അന്യൂറിസം. പല ധമനിവീക്കങ്ങളും രോഗിക്ക്‌ പ്രത്യേകിച്ച്‌ പ്രശ്‌നമുണ്ടാക്കാതെ വര്‍ഷങ്ങളോളം നിശബ്ദമായി ഇരിക്കാം. ചെറിയ വീക്കങ്ങളാണെങ്കില്‍ രക്തധമനിക്ക്‌ സമ്മര്‍ദമോ രക്തയോട്ടത്തിന്‌ തടസ്സമോ ഉണ്ടാക്കണമെന്നില്ല. എന്നാല്‍ പെട്ടെന്നൊരു നാള്‍ ഈ അന്യൂറിസം രക്തധമനി പൊട്ടാന്‍ ഇടയാക്കുന്നത്‌ തലച്ചോറിനുള്ളിലെ രക്തസ്രാവത്തിനു കാരണമാകുന്നു. തലച്ചോറിനുള്ളിലെ മറ്റ്‌ കോശങ്ങളിലേക്കും തലച്ചോറിനു പുറത്തേക്കും രക്തമൊഴുകുന്ന സബ്‌അരക്കനോയ്‌ഡ്‌ ഹെമറേജ്‌ എന്ന ഈ അവസ്ഥ രോഗിയുടെ ജീവന്‌ തന്നെ ഭീഷണിയാകാം. ഉടനടി ചികിത്സ ആവശ്യമുള്ള സാഹചര്യമാണ്‌ ബ്രെയ്‌ന്‍ ഹെമറേജ്‌. ധമനിവീക്കം പല കാരണങ്ങളാല്‍ സംഭവിക്കാമെന്ന്‌ പുണെ മണിപ്പാല്‍ ഹോസ്‌പിറ്റലിലെ ന്യൂറോസര്‍ജറി കണ്‍സള്‍ട്ടന്റ്‌ ഡോ. പ്രവീണ്‍ തുകാറാം പറയുന്നു

1.ജനിതകപരമായ പ്രശ്‌നങ്ങള്‍

ജന്മനാലുള്ള പ്രശ്‌നങ്ങളാലും പാരമ്പര്യമായും ചിലര്‍ക്ക്‌ ധമനിവീക്കം ഉണ്ടാകാറുണ്ട്‌. ഈ പ്രശ്‌നങ്ങള്‍ വര്‍ഷങ്ങളോളം നിശബ്ദമായി ഇരുന്ന ശേഷം പെട്ടെന്നൊരു നാള്‍ തലപൊക്കിയെന്ന്‌ വരാം

2.രക്തസമ്മര്‍ദം

നിരന്തരമായ രക്തസമ്മര്‍ദവും ചിലരില്‍ ബ്രെയ്‌ന്‍ അന്യൂറിസത്തിന്‌ കാരണമാകാം. രക്തധമനി ശാഖകളാകുന്ന ഇടത്തിലാണ്‌ പലപ്പോഴും സമ്മര്‍ദം മൂലമുള്ള ധമനിവീക്കം സംഭവിക്കുന്നത്‌.

3.പുകവലി

പുകവലി രക്തക്കുഴലിന്റെ അകത്തെ ആവരണത്തെ നശിപ്പിക്കുന്നത്‌ അവയെ ദുര്‍ബലമാക്കി ധമനിവീക്കത്തിലേക്ക്‌ നയിക്കാം.

4.പ്രായം

പ്രായമാകും തോറും രക്തക്കുഴലിന്റെ വഴക്കം നഷ്ടപ്പെടുന്നത്‌ ചില ഭാഗങ്ങള്‍ ദുര്‍ബലമായി വീര്‍ക്കാന്‍ ഇടയാക്കാം.

ലക്ഷണങ്ങള്‍

പൊട്ടുന്നത്‌ വരെ പലപ്പോഴും ഈ ധമനിവീക്കങ്ങള്‍ പ്രത്യേകിച്ച്‌ ലക്ഷണങ്ങള്‍ ഒന്നും പ്രകടമാക്കിയെന്ന്‌ വരില്ല. ചിലപ്പോള്‍ വീക്കം വല്ലാതെ വലുതാകുമ്പോള്‍ സമീപത്തെ നാഡീവ്യൂഹത്തിനെ ഞെരുക്കി അടിക്കടി തലവേദന, അടഞ്ഞ്‌ പോകുന്ന കണ്‍മിഴികള്‍, ഇരട്ടക്കാഴ്‌ച, മുഖത്തിന്‌ അസ്വസ്ഥത പോലുള്ള ലക്ഷണങ്ങള്‍ ഉണ്ടാക്കാം. പലപ്പോഴും തലവേദനയ്‌ക്കോ, സൈനസ്‌ പ്രശ്‌നങ്ങള്‍ക്കോ മറ്റുമായി എടുക്കുന്ന സ്‌കാനുകളിലൂടെയാണ്‌ ധമനിവീക്കം തിരിച്ചറിയാറുള്ളത്‌. എന്നാല്‍ വീര്‍ത്ത രക്തക്കുഴല്‍ പൊട്ടുമ്പോള്‍ കടുത്ത തീവ്രമായ തലവേദന അനുഭവപ്പെടാം. ഛര്‍ദ്ദി, കഴുത്തില്‍ ദൃഢത, ആശയക്കുഴപ്പം, ബോധക്ഷയം എന്നീ ലക്ഷണങ്ങളും രോഗിക്ക്‌ ഉണ്ടാകാം.

എത്രയും വേഗം ആശുപത്രിയിലെത്തി ചികിത്സ നല്‍കിയില്ലെങ്കില്‍ പക്ഷാഘാതം, കോമ, മരണം എന്നിവയെല്ലാം സംഭവിക്കാം. സ്‌കാനിങ്ങിലൂടെ തലച്ചോറിലെ ധമനിവീക്കം നേരത്തെ കണ്ടെത്താന്‍ സാധിച്ചാല്‍ കാലിലെയോ കൈയിലെയോ രക്തധമനിയിലൂടെ കമ്പിച്ചുരുളുകള്‍ കടത്തിവിട്ട്‌ ഈ വീക്കങ്ങളുടെ സ്ഥാനത്തെത്തിച്ച്‌ അവ പൊട്ടുന്നത്‌ തടയാന്‍ സാധിക്കും. എന്‍ഡോവാസ്‌കുലാര്‍ കോയിലിങ്‌ എന്നാണ്‌ ഈ ചികിത്സ അറിയപ്പെടുന്നത്‌. ഇതിന്‌ പുറമേ ധമനിവീക്കം സംഭവിച്ച രക്തക്കുഴലിന്റെ അടിവശത്ത്‌ സൂക്ഷ്‌മമായ മെറ്റല്‍ ക്ലിപ്പ്‌ ഘടിപ്പിക്കുന്ന മൈക്രോസര്‍ജിക്കല്‍ ക്ലിപ്പിങ്‌ എന്ന ചികിത്സാരീതിയും നിലവിലുണ്ട്‌. സങ്കീര്‍ണ്ണമായ ധമനിവീക്കമുള്ള രോഗികളില്‍ ഈ ചികിത്സ മാത്രമേ ചെയ്യാന്‍ സാധിക്കൂ

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme