ഗർഭപാത്രം നീക്കൽ പ്രധാനപ്പെട്ട ശസ്ത്രക്രിയ ആയതുകൊണ്ടുതന്നെ തീർച്ചയായും സ്ത്രീകൾ നന്നായി സൂക്ഷിക്കണം. പരിപൂർണ വിശ്രമം എടുക്കണം എന്നല്ല. ശസ്ത്രക്രിയ കഴിഞ്ഞ് 24 മണിക്കൂറിനകം തന്നെ എഴുന്നേറ്റിരിക്കുകയും നടക്കാൻ തുടങ്ങുകയും ചെയ്യാവുന്നതാണ്. ആദ്യത്തെ ദിവസം വേദനാസംഹാരികളും മയങ്ങാനുള്ള മരുന്നുകളും ചിലപ്പോൾ എപ്പിഡ്യൂറൽ വേദനാസംഹാരിയും ഉള്ളതുകൊണ്ട് എഴുന്നേറ്റു നടക്കാൻ ബുദ്ധിമുട്ടുണ്ടാകും. പക്ഷേ പിറ്റേദിവസം തന്നെ മൂത്രനാളിയിൽ ഇട്ടിരിക്കുന്ന കുഴൽ (urinary catheter) മാറ്റിക്കഴിഞ്ഞാൽ എഴുന്നേറ്റു നടക്കുക തന്നെ വേണം. മൂന്നാമത്തെയോ നാലാമത്തെയോ ദിവസം സാധാരണ പോലെ എല്ലാ കാര്യങ്ങളും ചെയ്യാറാകും.
ഭക്ഷണക്രമങ്ങൾ എന്തൊക്കെയാണ്?
ഗർഭപാത്രം നീക്കൽ ശസ്ത്രക്രിയ കഴിയുമ്പോൾ സാധാരണ കണ്ടുവരുന്ന പ്രശ്നങ്ങളാണു മൂത്രനാളിയിലെ അണുബാധ, മലബന്ധം, കാലുകളിലെ രക്തക്കുഴലുകളിൽ രക്തം കട്ടപിടിച്ചു രോഗി നടന്നു തുടങ്ങുമ്പോൾ ആ രക്തക്കട്ട ശ്വാസകോശത്തിൽ വന്ന് അടഞ്ഞു ജീവനു തന്നെ അപകടം ഉണ്ടാക്കുന്ന പൾമനറി എംബോളിസം എന്നിവ. ഇതു മൂന്നും മാറിക്കിട്ടാൻ ശസ്ത്രക്രിയ കഴിഞ്ഞുള്ള ദിനങ്ങളിൽ ധാരാളം ദ്രാവകങ്ങൾ കുടിക്കണം. ചൂടുകാലമാണെങ്കിൽ മൂന്നു ലീറ്റർ വെള്ളം വരെ ആകാം.
തിളപ്പിച്ചാറ്റിയ വെള്ളം തുടങ്ങി ചായ, കാപ്പി, പാൽ ,ജൂസ് ,കരിക്ക്, കഞ്ഞിവെള്ളം ബാർലി വെള്ളം അങ്ങനെ എന്തും കുടിക്കാം. മലബന്ധം ഒഴിവാക്കാനും ഇതു സഹായിക്കും. ശസ്ത്രക്രിയ കഴിഞ്ഞുള്ള ഭക്ഷണം സമീകൃതം ആയിരിക്കണം. മുറിവു കരിയാനും രോഗിയുടെ പ്രതിരോധശേഷി വർധിപ്പിക്കാനും ഭക്ഷണത്തിന്റെ നാലിലൊരു ഭാഗം മീൻ, മുട്ട, ഇറച്ചി, പാൽ മുതലായ ഭക്ഷണങ്ങളും പയറു വർഗങ്ങളും ഉൾപ്പെടുത്തണം. ഭക്ഷണത്തിന്റെ നാലിലൊന്നു പച്ചക്കറികളാകണം, നാലിലൊന്നു പഴവർഗങ്ങളും.
ആറു തൊട്ട് എട്ടു മണിക്കൂർ കഴിയുമ്പോൾ തന്നെ വെള്ളവും മറ്റും കുടിച്ചു തുടങ്ങാം. രണ്ടാമത്തെ ദിവസം ദ്രാവക രൂപത്തിലുള്ള ആഹാരം മതി. മൂന്നാം ദിവസം സാധാരണ ഭക്ഷണം കഴിക്കാം. ഒരാഴ്ച കഴിയുമ്പോഴേക്കും ദൈനംദിന കാര്യങ്ങൾ എല്ലാം സ്വയം ചെയ്യാനുള്ള ആരോഗ്യമുണ്ടാകും. വയറു തുറന്ന ശസ്ത്രക്രിയ ആണെങ്കിൽ ആറാഴ്ച തുടങ്ങി മൂന്നു മാസം കൊണ്ടു പരിമിതമായിട്ടുള്ള ജോലികളൊക്കെ ചെയ്യാം. കഠിനമായ ജോലികൾ- അതായത്, തറ തൂത്തു തുടയ്ക്കുക തുണി അടിച്ചു നനയ്ക്കുക, ഭാരം കുനിഞ്ഞ് എടുക്കുക എന്നിവ ഒഴിവാക്കുക.
താക്കോൽദ്വാര ശസ്ത്രക്രിയയാണെങ്കിൽ ശസ്ത്രക്രിയ കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിൽ തന്നെ സാധാരണജീവിതത്തിലേക്കും ഭക്ഷണരീതിയിലേക്കും മടങ്ങാം. മുഖ്യമായ ഒരു ശസ്ത്രക്രിയ കഴിഞ്ഞ് ഇത്ര പെട്ടെന്നു നടക്കുകയും ഇരിക്കുകയും ചെയ്താൽ സ്ത്രീകളുടെ ആരോഗ്യത്തെ ബാധിക്കും എന്നു ഭയക്കേണ്ട. നേരത്തെ തന്നെ ദൈനംദിന ജോലികളിൽ പ്രവേശിക്കുന്നതു കൊണ്ടു കുടൽ അനങ്ങുകയും ഗ്യാസിന്റെ ശല്യം കുറഞ്ഞു കിട്ടുകയും ചെയ്യും. കാലിൽ രക്തം കെട്ടാനുള്ള പ്രവണതയും ഒഴിവാകും.
കയ്യും കാലും അനക്കുക, കിടന്നുകൊണ്ടു തന്നെ സൈക്കിൾ ചവിട്ടുന്നതു പോലെ കാൽ ചവിട്ടുക, തോളനക്കുക, ശരീരം പതുക്കെ വലത്തോട്ടും ഇടത്തോട്ടും മുൻപിലോട്ടും പിന്നിലോട്ടും വളയ്ക്കുക- ഇതെല്ലാം ഓപ്പറേഷൻ കഴിഞ്ഞു മൂന്നാം ദിവസം തുടങ്ങാം. രണ്ടാമത്തെ ദിവസം തന്നെ നടന്നു തുടങ്ങണം. ഒരാഴ്ച കഴിയുമ്പോൾ പേശികൾക്ക് അയവുണ്ടാക്കുന്ന വ്യായാമങ്ങൾ ചെയ്യാം. കൂടുതൽ സമയം കിടക്കുകയും നടക്കാതിരിക്കുകയും ചെയ്യുമ്പോൾ സ്ത്രീകളുടെ പേശികൾ ചുരുങ്ങുകയും ശോഷിക്കുകയും ചെയ്യും. അത് തീർച്ചയായിട്ടും ഒഴിവാക്കുക തന്നെ വേണം




