പല്ല് തേക്കുമ്പോഴോ ഫ്ലോസ് (നൂലുകൾ കൊണ്ട് പല്ലുകൾ വൃത്തിയാക്കുന്ന പ്രക്രിയ) ചെയ്യുമ്പോഴോ മോണയിൽ നിന്ന് രക്തം വരുന്നത് നിങ്ങൾ ശ്രദ്ധിക്കാറുണ്ടോ? പലപ്പോഴും നമ്മൾ നിസ്സാരമായി തള്ളിക്കളയുന്ന ഈ ലക്ഷണം യഥാർത്ഥത്തിൽ മോണരോഗങ്ങളുടെയോ മറ്റ് ആരോഗ്യപ്രശ്നങ്ങളുടെയോ മുന്നറിയിപ്പാകാം. മോണയിലെ രക്തസ്രാവത്തെ അവഗണിച്ചാൽ പല്ലുകൾ നഷ്ടപ്പെടുന്നത് ഉൾപ്പെടെയുള്ള ഗുരുതരമായ അവസ്ഥകളിലേക്ക് അത് നയിച്ചേക്കാം.
എന്തുകൊണ്ടാണ് മോണയിൽ നിന്ന് രക്തം വരുന്നത്?
ജിൻജിവൈറ്റിസ്: പല്ലുകൾ കൃത്യമായി വൃത്തിയാക്കാത്തതിനെത്തുടർന്ന് ബാക്ടീരിയകൾ അടിഞ്ഞുകൂടി പ്ലാക്ക് ഉണ്ടാവുകയും ഇത് മോണയിൽ നീർവീക്കമുണ്ടാക്കുകയും ചെയ്യുന്നു. ഇതാണ് ജിൻജിവൈറ്റിസ്.
പീരിയോഡോണ്ടിറ്റിസ്: ജിൻജിവൈറ്റിസ് ചികിത്സിക്കാതിരുന്നാൽ അത് പീരിയോഡോണ്ടിറ്റിസ് എന്ന ഗുരുതരമായ അവസ്ഥയിലേക്ക് മാറുന്നു. ഇത് പല്ലിന്റെ ഉറപ്പിനെ ബാധിക്കുകയും പല്ലുകൾ കൊഴിഞ്ഞുപോകാമ കാരണമാവുകയും ചെയ്യും.
വിറ്റാമിൻ കുറവ്: ശരീരത്തിൽ വിറ്റാമിൻ സി, വിറ്റാമിൻ കെ എന്നിവയുടെ കുറവ് ഉണ്ടാകുന്നത് മോണയിലെ കലകളെ ദുർബലമാക്കും. സിട്രസ് പഴങ്ങൾ, ഇലക്കറികൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഇതിന് പരിഹാരമാണ്.
ഹോർമോൺ വ്യതിയാനങ്ങൾ: ഗർഭാവസ്ഥ, ആർത്തവം, ആർത്തവവിരാമം എന്നീ ഘട്ടങ്ങളിൽ ഉണ്ടാകുന്ന ഹോർമോൺ മാറ്റങ്ങൾ മോണകളെ കൂടുതൽ സെൻസിറ്റീവാക്കാറുണ്ട്.
മരുന്നുകളും മറ്റ് അസുഖങ്ങളും: രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകൾ കഴിക്കുന്നവരിലും പ്രമേഹം, ഹീമോഫീലിയ തുടങ്ങിയ അസുഖമുള്ളവരിലും മോണയിൽ നിന്ന് രക്തം വരാൻ സാധ്യതയുണ്ട്.
പ്രതിരോധ മാർഗങ്ങൾ
ദിവസം രണ്ടുനേരം ശരിയായ രീതിയിൽ പല്ല് തേക്കുകയും ഫ്ലോസ് ചെയ്യുകയും ചെയ്യുക.
ഉപ്പുവെള്ളം ഉപയോഗിച്ച് വായ കുലുക്കുഴിയുന്നത് അണുബാധ കുറയ്ക്കാൻ സഹായിക്കും.
മഞ്ഞൾ പേസ്റ്റ് രൂപത്തിലാക്കി മോണയിൽ പുരട്ടുന്നത് നീർവീക്കം കുറയ്ക്കാൻ നല്ലതാണ്.
വിറ്റാമിൻ സി, കെ എന്നിവ അടങ്ങിയ പച്ചക്കറികളും പഴങ്ങളും ധാരാളം കഴിക്കുക.
ടീ ട്രീ ഓയിൽ ഉപയോഗിച്ച് വായ കഴുകുന്നത് ബാക്ടീരിയകളെ നശിപ്പിക്കാൻ സഹായിക്കും.




