തിരക്കേറിയ ജീവിതശൈലിയും അനാരോഗ്യകരമായ ഭക്ഷണരീതിയും മൂലം ശരീരത്തിൽ അടിഞ്ഞുകൂടുന്ന വിഷാംശങ്ങൾ പുറന്തള്ളാൻ വെറും മൂന്ന് ദിവസം മതി. പ്രശസ്ത ലൈഫ്സ്റ്റൈൽ മാഗസിനായ വോഗ് അവതരിപ്പിച്ച ഈ ബോഡി റീസെറ്റ് പ്ലാൻ പിന്തുടരുന്നതിലൂടെ ദഹനം മെച്ചപ്പെടുത്താനും ചർമ്മത്തിന് തിളക്കം നൽകാനും സാധിക്കും.
എന്താണ് റീസെറ്റ് ഡയറ്റ്?
ശരീരത്തിനുള്ളിലെ മാലിന്യങ്ങളെ നീക്കം ചെയ്ത് അവയവങ്ങൾക്ക് പുതുജീവൻ നൽകുന്ന ഒരു രീതിയാണിത്. നമ്മുടെ മോശം ഭക്ഷണരീതികളും മാനസിക സമ്മർദ്ദവും കാരണം ശരീരത്തിൽ അടിഞ്ഞുകൂടുന്ന വിഷാംശങ്ങളെ പുറന്തള്ളാൻ ഇത് സഹായിക്കുന്നു.
പാലിക്കേണ്ട 6 പ്രധാന നിയമങ്ങൾ
ഹൈഡ്രേഷൻ: ദാഹം തോന്നിയില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിച്ച് ശരീരം ഹൈഡ്രേറ്റഡ് ആയി നിലനിർത്തുക.
സസ്യഭക്ഷണം: പഴങ്ങൾക്കും പച്ചക്കറികൾക്കും ഭക്ഷണത്തിൽ മുൻഗണന നൽകുക.
ലഘുവായ വ്യായാമം: കഠിനമായ വർക്കൗട്ടുകൾ ഒഴിവാക്കി ലഘുവായ നടത്തം ശീലിക്കുക.
ഉറക്കം: ശരീരത്തിന് സ്വയം പുതുക്കാൻ കുറഞ്ഞത് 8 മണിക്കൂർ സുഖനിദ്ര ഉറപ്പാക്കുക.
പ്രോസസ്സ് ചെയ്ത ഭക്ഷണം ഒഴിവാക്കുക: പാക്കറ്റിൽ വരുന്നതും കൃത്രിമവുമായ ഭക്ഷണങ്ങൾ പൂർണ്ണമായും ഒഴിവാക്കുക.
ആസ്വദിച്ച് കഴിക്കുക: ഭക്ഷണം നന്നായി ചവച്ചരച്ച് സാവധാനം കഴിക്കുക.
എന്ത് കഴിക്കണം?
നാരങ്ങ, ഇലക്കറികൾ, ബെറികൾ, വെളുത്തുള്ളി, ബ്രോക്കോളി, ഇഞ്ചി/മഞ്ഞൾ ചായ, വേവിച്ച പയർവർഗ്ഗങ്ങൾ, ബദാം
എന്ത് ഒഴിവാക്കണം?
പഞ്ചസാര, മദ്യം, കഫീൻ, പാൽ ഉൽപ്പന്നങ്ങൾ, റെഡ് മീറ്റ്, ഗോതമ്പ് ഉൽപ്പന്നങ്ങൾ, പ്രോസസ്സ് ചെയ്ത ഭക്ഷണങ്ങൾ
മൂന്ന് ദിവസത്തെ ഭക്ഷണക്രമം ഇങ്ങനെ
അതിരാവിലെ ഒരു ഗ്ലാസ് ചൂടുവെള്ളത്തിൽ പകുതി നാരങ്ങാനീര് ചേർത്ത് കുടിച്ചുകൊണ്ട് ദിവസം ആരംഭിക്കുക. ഇത് ഉപാപചയ പ്രവർത്തനങ്ങളെ (Metabolism) ഉണർത്താനും ആന്തരിക അവയവങ്ങളെ ശുദ്ധീകരിക്കാനും സഹായിക്കും. പ്രഭാതഭക്ഷണത്തിന് വയറിന് ഭാരമില്ലാത്തതും എന്നാൽ പോഷകപ്രദവുമായ ഒരു ഗ്രീൻ സ്മൂത്തി ശീലമാക്കുക. ചീര, ആപ്പിൾ, ഒരു ചെറിയ കഷ്ണം ഇഞ്ചി എന്നിവ ചേർത്ത സ്മൂത്തി ഉന്മേഷം നൽകും.
ഉച്ചഭക്ഷണത്തിന് പച്ചക്കറികൾ ധാരാളമായി ഉൾപ്പെടുത്തിയ മിക്സഡ് സാലഡ്. ഇതിൽ ആവശ്യമായ പ്രോട്ടീനായി വേവിച്ച പയർവർഗ്ഗങ്ങൾ ചേർക്കാം. ഡ്രെസിംഗിനായി ഒലീവ് ഓയിൽ ഉപയോഗിക്കുന്നത് പോഷകങ്ങൾ ആഗിരണം ചെയ്യാൻ സഹായിക്കും. വൈകുന്നേരങ്ങളിൽ വിശപ്പ് അനുഭവപ്പെട്ടാൽ ഒരു കപ്പ് ഹെർബൽ ടീയും (ഇഞ്ചി ചായയോ മഞ്ഞൾ ചായയോ ആകാം) അഞ്ച് ബദാമും കഴിക്കാവുന്നതാണ്. രാത്രി ഭക്ഷണം വളരെ ലഘുവായിരിക്കണം. പച്ചക്കറികൾ ചേർത്ത ചൂടുള്ള സൂപ്പുകളാണ് ഏറ്റവും ഉത്തമം. ഉറങ്ങുന്നതിന് കുറഞ്ഞത് 3 മണിക്കൂർ മുമ്പ് അത്താഴം കഴിക്കാൻ ശ്രദ്ധിക്കുക. ഇത് ദഹനപ്രക്രിയ പൂർത്തിയാക്കാൻ ശരീരത്തിന് ആവശ്യമായ സമയം നൽകുന്നു.
ഡയറ്റിലെ ശരികളും തെറ്റുകളും
ശരീരത്തിലെ വിഷാംശങ്ങൾ പുറന്തള്ളാൻ ജലാംശം അത്യാവശ്യമാണ്. ദഹനം സുഗമമാക്കാൻ രാത്രി ഭക്ഷണം നേരത്തെ കഴിക്കുന്നത് ശീലമാക്കുക. ഭക്ഷണം ഉപേക്ഷിക്കുന്നത് ആരോഗ്യത്തിന് ദോഷകരമാണ്. വിശപ്പ് തോന്നിയാൽ പഴങ്ങളോ അണ്ടിപ്പരിപ്പുകളോ (Nuts) ലഘുഭക്ഷണമായി കഴിക്കാം. പുകവലി, മദ്യപാനം എന്നിവ ഈ ദിവസങ്ങളിൽ പൂർണ്ണമായും ഉപേക്ഷിക്കണം. പാക്കറ്റിൽ ലഭിക്കുന്ന കൃത്രിമ പാനീയങ്ങൾ ഒഴിവാക്കി പകരം ഫ്രഷ് പഴങ്ങൾ നേരിട്ട് കഴിക്കാൻ ശ്രദ്ധിക്കുക.
ഈ 3 ദിവസത്തെ റീസെറ്റ് ഡയറ്റ് ശരീരം ഉള്ളിൽ നിന്ന് ശുദ്ധീകരിക്കപ്പെടുന്നതോടെ വിട്ടുമാറാത്ത തളർച്ച മാറി ഉന്മേഷം ലഭിക്കുന്നു. ദഹനവ്യവസ്ഥയ്ക്ക് വിശ്രമം ലഭിക്കുന്നതിലൂടെ വയറുമായി ബന്ധപ്പെട്ട അസ്വസ്ഥതകൾ മാറുന്നു. ശരീരത്തിലെ വിഷാംശങ്ങൾ പുറന്തള്ളുന്നത് ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സ്വാഭാവിക തിളക്കം നൽകാനും സഹായിക്കുന്നു.




