തിരുവനന്തപുരം: ചുരുങ്ങിയകാലം കൊണ്ട് മലയാളി ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ടചാനലുകളിലൊന്നായിത്തീര്‍ന്നതാണ് സീ എന്റര്‍ടൈന്‍മെന്റിന്റെ സീ കേരളം. കേരളത്തിന്റെ കോവിഡ് പോരാട്ടത്തിന് കരുത്തു പകരാന്‍ 25 ആംബുലന്‍സുകളും 4000 പിപിഇ കിറ്റുകളും നല്കി മാതൃകയാകുകയാണ് സീ കേരളം. ദേശീയ തലത്തില്‍ സീ നടത്തി വരുന്ന സാമൂഹിക ഉത്തരവാദിത്ത പദ്ധതിയുടെ ഭാഗമായാണ് കേരള ജനതയ്ക്കുള്ള ഈ സഹായം.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന കേരളത്തിനുവേണ്ടി ഈ സമയത്ത് ഇത്തരത്തില്‍ പിന്തുണ നല്കിയ സീ കേരള ചാനലിനും ചാനല്‍ സി.ഇ.ഒ: പുനിത് ഗോയങ്കയ്ക്കും മുഖ്യമന്ത്രി പിണറായി വിജയന് നന്ദിയറിച്ചു. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ ആംബുലന്‍സുകളുടെ ഫ്ലാഗ് ഓഫ് നിര്‍വ്വഹിച്ചു.
കോവിഡ് രോഗികളെ വീടുകളില്‍ നിന്നും ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതില്‍ പ്രയാസം നേരിടുകയാണ് നാമിപ്പോള്‍. ഇത് ലഘൂകരിക്കാന്‍ സീ എന്റര്‍ടൈന്‍മെന്റ് നല്കിയ 25 ആംബുലന്‍സുകളും പിപിഇ കിറ്റുകളും വലിയ സഹായമാണ്. സീക്ക് പ്രത്യേകം നന്ദി അറിയിക്കുന്നതോടൊപ്പം അവര്‍ മറ്റു സംസ്ഥാനങ്ങള്‍ക്കും ഇതുപോലുള്ള സഹായങ്ങള്‍ നല്‍കിയിട്ടുണ്ടെറിഞ്ഞതില്‍ സന്തോഷവും പങ്കുവെക്കുന്നതായും കെ.കെ. ശൈലജ പറഞ്ഞു.
കോവിഡിനെതിരായ പോരാട്ടത്തില്‍ സംസ്ഥാനത്തിന് ഉറച്ച പിന്തുണ നല്കാന് സീ എന്റര്‍ടൈന്‍മെന്റ് എന്റര്‍പ്രൈസസ് ലിമിറ്റഡും പ്രതിജ്ഞാബദ്ധമാണെന്ന് സീ എന്റര്‍ടൈന്‍മെന്റ് മേധാവി പുനിത് ഗോയങ്ക പറഞ്ഞു.