കേരളം എല്ലാറ്റിലും നമ്പര്‍ 1 ആണെന്ന് അഭിമാനം കൊള്ളുന്നവരാണ് മലയാളികള്‍. പ്രത്യേകിച്ചും ആരോഗ്യകാര്യത്തിലും ശുചിത്വത്തിലുമൊക്കെ നമ്മള്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മുന്നില്‍ നില്‍ക്കുന്നൂവെന്നും നമ്മള്‍ പറയാറുണ്ട്. എന്നാല്‍ ആരോഗ്യകരമായ ജീവിതത്തെക്കുറിച്ച് അസുഖബാധിതരാകും വരെ ഗൗരവതരമായി ചിന്തിക്കുന്നുണ്ടോ മലയാളികള്‍ എന്നു സംശയമാണ്. കാരണം സ്‌ട്രോക്ക് അഥവാ പക്ഷാഘാതം ബാധിക്കുന്നവരുടെ എണ്ണം കേരളത്തില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കയാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
രക്തസമ്മര്‍ദ്ദവും ഹൃദയസംബന്ധമായ രോഗങ്ങളും കൂടിക്കൊണ്ടിരിക്കുന്നതാണ് പക്ഷാഘാത ബാധിതരുടെ എണ്ണം കേരളത്തില്‍ വര്‍ദ്ധിക്കുന്നതിനുള്ള ഒരു കാരണമെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിലേക്കു നയിക്കുന്നത് ജീവിതശൈലിയിലുണ്ടായ മാറ്റവും ഇതേക്കുറിച്ചുള്ള അറിവില്ലായ്മയുമാണ്.
40 വയസിനുതാഴെയുള്ളവരിലെ പക്ഷാഘാതനിരക്കിലും വന്‍വര്‍ദ്ധനയാണുണ്ടാകുന്നതെന്നതാണ് ഞെട്ടിപ്പിക്കുന്നത്. തെറ്റായ ഭക്ഷണരീതി, വ്യായാമമില്ലായ്മ, പുകവലി പോലെയുള്ള ദുശീലങ്ങള്‍, മാനസിക പിരിമുറുക്കം എന്നിവയാണ് വിദഗ്ധര്‍ ഇതിന് കണ്ടെത്തുന്ന കാരണങ്ങള്‍. ആഗോളതലത്തില്‍ നാല് മുതിര്‍ന്നവരില്‍ ഒരാള്‍ക്ക് പക്ഷാഘാതം വരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ശാരീരികമായ അധ്വാനം കുറഞ്ഞൂവെന്നതാണ് പ്രധാന കാരണം. ‘വിയര്‍പ്പിന്റെ അസുഖം’ എന്ന് നമ്മള്‍ പറയുന്ന തമാശ നമ്മുടെ മലയാളി യുവതീ-യുവാക്കള്‍ക്കിടയില്‍ വരെയുള്ള നഗ്നസത്യമായി അവശേഷിക്കുന്നു. ചെറിയജോലികള്‍ ചെയ്യുമ്പോള്‍ ശരീരത്തെ ചലനാത്മകമാക്കുക എന്നതാണ് ലോകാരോഗ്യ സംഘടന ഇക്കൊല്ലത്തെ ‘സ്‌ട്രോക്ക് ദിനാചരണ’വുമായി ബന്ധപ്പെട്ട് മുന്നോട്ടുവച്ച സന്ദേശം. കര്‍മ്മനിരതയായിരിക്കുന്നതിലൂടെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നത് പക്ഷാഘാത സാധ്യതതെ കുറയ്ക്കുമെന്നതാണ് ഈ സന്ദേശത്തിന്റെ ശാസ്ത്രീയവശം. നാം വെറുതെ നില്‍ക്കുമ്പോഴും ഇരിക്കുമ്പോഴും ജോലിയില്‍ ഏര്‍പ്പെടുമ്പോഴും ശരീരഭാഗങ്ങള്‍ ചലിപ്പിച്ചും ചുവടുകള്‍ വച്ചും എല്ലായ്പ്പോഴും കര്‍മ്മനിരതരായിരിക്കാന്‍ ശ്രദ്ധിക്കുകയാണ് വേണ്ടത്.
എന്താണ് സ്ട്രോക്ക്?
മസ്തിഷ്‌ക്കത്തിലേക്കുള്ള രക്തധമനികളില്‍ രക്തം കട്ട പിടിക്കുകയോ (Thrombosis) രക്തസ്രാവം (Haemorrhage) ഉണ്ടാവുകയോ ചെയ്യുന്ന അവസ്ഥയാണ് സ്ട്രോക്ക്. രക്താതിമര്‍ദ്ദത്തിന്റെയോ അല്ലെങ്കില്‍ മറ്റ് ജീവിതശൈലീ രോഗങ്ങളുടെയോ പരിണിത ഫലമായിട്ടാണ് സ്ട്രോക്ക് ഉണ്ടാകുന്നത്.
സമയബന്ധിതമായ ചികിത്സ കൊണ്ട് മാത്രം ഭേദമാക്കാവുന്ന ഒരു രോഗമാണ് സ്ട്രോക്ക്. വായ് കോട്ടം, കൈയ്ക്കോ കാലിനോ തളര്‍ച്ച, സംസാരത്തിന് കുഴച്ചില്‍ എന്നീ ലക്ഷണങ്ങള്‍ ഒരാളില്‍ കണ്ടാല്‍ സ്ട്രോക്ക് ആണെന്ന് സ്ഥിരീകരിക്കാം.
ആദ്യ നാലരമണിക്കൂര്‍ നിര്‍ണ്ണായകം
സ്ട്രോക്കിന്റെ രോഗ ലക്ഷണങ്ങള്‍ ആരംഭിച്ച് നാലര മണിക്കൂറിനുള്ളില്‍ ചികിത്സാ കേന്ദ്രത്തില്‍ എത്തിചേര്‍ന്നെങ്കില്‍ മാത്രമേ ഇതിന് ഫലപ്രദമായ ചികിത്സ നല്‍കുവാന്‍ സാധിക്കുകയുള്ളൂ. ഉടനടി ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ ചലന ശേഷിയും സംസാരശേഷിയും തന്നെ എന്നെന്നേക്കുമായി നഷ്ടപ്പെട്ടുപോകും. ചിലപ്പോള്‍ മരണം തന്നെയും. അതിനാല്‍ സ്ട്രോക്ക് ബാധിച്ചാല്‍ ആദ്യത്തെ മണിക്കൂറുകള്‍ വളരെ നിര്‍ണായകമാണ്. അതുകൊണ്ടുതന്നെ എത്രയും വേഗം രോഗിയെ ആശുപത്രിയിലെത്തിക്കുകയും ഫലപ്രദമായ ചികിത്സയ്ക്ക് വിധേയനാക്കുകയും ചെയ്യണം.