തണുപ്പുകാലത്ത് ശ്വാസകോശസംബന്ധമായ അസുഖങ്ങളാകും സാധാരണഗതിക്ക് എല്ലാവരേയും അലട്ടുക. എന്നാല്‍ ചില പഴങ്ങള്‍ കഴിക്കുന്നതുകൊണ്ട് ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാനാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ചില പച്ചക്കറികളും പഴങ്ങളും ശ്വാസകോശ ആരോഗ്യം നിലനിര്‍ത്താന്‍ ഗുണം ചെയ്യും. കോവിഡ് -19 വയറസ്പോലും ശ്വാസകോശത്തെയാണ് കൂടുതലായും ബാധിക്കുന്നത്.
ശൈത്യകാലത്ത് കഴിക്കേണ്ട ചില പഴങ്ങളെക്കുറിച്ചറിയാം:
- പിയര്‍
പിയര്‍ ഫ്രൂട്ട് കൂടുതലായും ലഭ്യമാകുന്ന സമയമാണ് ഈ ശീതകാലം. ഇതിന്റെ പുളിയും ചെറുതായി മധുരവും വളരെ ആകര്‍ഷകമാണ്. ഉയര്‍ന്ന അളവില്‍ ആന്റിഓക്സിഡന്റ്, വിറ്റാമിന്‍ സി, പൊട്ടാസ്യം, ഫൈബര്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമായി നിലനിര്‍ത്താനും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു.
2. ഓറഞ്ച്
ഓറഞ്ച് പോലുള്ള സിട്രസ് പഴങ്ങള്‍ക്ക് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും അണുബാധ തടയാനും കഴിയും. ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ ശരീരത്തെ ഉന്മേഷമുള്ളതാക്കിത്തീര്ക്കാന് ഓറഞ്ചിനു സാധിക്കും. മാത്രമല്ല ശരീരത്തിന് ആവശ്യമായ ധാതുക്കളും വിറ്റാമിനുകളും നല്കുന്ന പഴവര്‍ഗം കൂടിയാണത്. ഈ സീസണില്‍ ധാരാളം ഓറഞ്ച് വിപണിയില്‍ ലഭ്യമാകുന്ന സമയംകൂടിയാണിത്.
3. സ്ട്രോബെറി
കാണാന്‍ വളരെ ഭംഗിയുള്ള പഴങ്ങളിലൊന്നാണ് സ്ട്രോബെറി. അല്പം പുളിയും മധുരവും ചേര്‍ന്ന രുചിയുള്ള സ്ട്രോബെറി പോഷകങ്ങളാല്‍ സമ്പന്നമാണ്. വിറ്റാമിന്‍ സി, ആന്റിഓക്സിഡന്റ് എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. മാത്രമല്ല കൊഴുപ്പ് തീരെയില്ലാത്ത പഴമായതിനാല്‍ കൊളസ്ട്രോള്‍ ‘പൂജ്യം’ സംഭാവന ചെയ്യുന്ന പഴംകൂടിയാണ് സ്ട്രോബെറി.
4. മുന്തിരി
ജ്യൂസ്, വൈന്‍ എന്നിവയ്ക്കായി ഉപയോഗിക്കുന്ന മുന്തിരിപ്പഴം പഴങ്ങളുടെ രാജ്ഞിയായി കണക്കാക്കപ്പെടുന്നു. പച്ച, ചുവപ്പ്, പര്‍പ്പിള്‍ നിറങ്ങളിലാണ് ഇവ കാണപ്പെടുന്നത്. കൊഴുപ്പ്, പ്രോട്ടീന്‍, വിറ്റാമിന്‍ കെ., പൊട്ടാസ്യം, മാംഗനീസ്, ഫൈബര്‍ എന്നിവയും മുന്തിരിയില്‍ അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ശരീരത്തിലെ വിഷ ഘടകങ്ങളെ പുറന്തള്ളുകയും ചെയ്യുന്നു.
5. കിവി
കിവി പഴത്തിന് പലവിധ ഔഷധ ഗുണങ്ങളും ഉണ്ട്. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും വിവിധ രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്ന കിവി പഴത്തില്‍ വിറ്റാമിന്‍ സി, ആന്റിഓക്സിഡന്റ്, മറ്റ് വിറ്റാമിനുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. പഴത്തില്‍ 74 ഗ്രാം വരെ വിറ്റാമിന്‍ -സി അടങ്ങിയിട്ടുണ്ടെന്നതാണ് പ്രത്യേകത.
6. മാതളം
വൈറസ് തടയുന്നതിനും ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം നിലനിര്‍ത്തുന്നതിനും ഫലപ്രദമായതാണ് മാതളം. പ്ലേറ്റ്ലറ്റുകളുടെ അളവ് കൂട്ടുന്നതില്‍ നല്ല പങ്കുവഹിക്കാന്‍ മാതളത്തിനു കഴിയും. വിറ്റാമിന്‍ സി, പൊട്ടാസ്യം, ഫത്താലേറ്റ്, ഫൈബര്‍ എന്നിവയും മാതളനാരങ്ങയില്‍ അടങ്ങിയിട്ടുണ്ട്. ഈ ശൈത്യകാലത്ത് ആരോഗ്യം നിലനിര്‍ത്താന്‍ ഏറെ സഹായകരമായ പഴവര്‍ഗമാണ് മാതളം.