ലഹരിയോടുള്ള അടിമത്തം കുറയ്ക്കാന്‍ മലയാളികള്‍ തയ്യാറല്ലെന്ന് ഈ ക്രിസ്മസ് പുതുവത്സരം കൂടി തെളിയിക്കുന്നു. ഈ ആഘോഷവേളകളില്‍ കേരളം കുടിച്ചുതീര്ക്കാനായി മാത്രം ഒഴുക്കിയത് 600 കോടി രൂപ. കഴിഞ്ഞവര്‍ഷങ്ങളില്‍ 510 കോടിയുടെ മദ്യമാണ് വിറ്റതെങ്കില്‍ ഇത്തവണ 90 കോടി കൂടി ലഹരിക്കായി കേരളം ചെലവാക്കി. ഇക്കഴിഞ്ഞ ക്രിസ്മസ്-പുതുവത്സരാഘോഷത്തിനായി 600 കോടിയുടെ മദ്യം വിറ്റതായി ബെവ്കോ പറയുന്നു.
തലസ്ഥാനജില്ലയായ തിരുവനന്തപുരമാണ് ഈ കോവിഡ് കാലത്തും കൂടുതല്‍ മദ്യം വിറ്റഴിച്ചത്. പവര്‍ഹൗസ് ഔട്ട്ലറ്റില് 70 ലക്ഷം രൂപയുടെ മദ്യമാണ് വിറ്റുപോയത്. ഇത്തവണത്തെ 600 കോടിയുടെ ഈ ലഹരിക്കച്ചവടംസര്ക്കാര് കണക്കുകളില്‍ ഉള്‍പ്പെട്ട കണക്കുകള്‍ മാത്രമാണ്. എന്നാല്‍ ഇതിലും എത്രയോ ഇരട്ടി മദ്യമാണ് ബാറുകളിലൂടെ അനധികൃതമായി വിറ്റഴിച്ചതെന്നുകൂടി വിലയിരുത്തിയാലേ മലയാളികളുടെ ലഹരിക്കണക്ക് എത്രത്തോളം ഭയാനകമാണെന്ന് പുറത്തുവരൂ.
സമ്പത്തിന്റെ ഭൂരിഭാഗവും മദ്യത്തിനുവേണ്ടി ചെലവഴിക്കപ്പെടുന്നവരായി മലയാളികളെ മാറ്റിക്കൊണ്ടിരിക്കയാണ്. സിനിമകളും സീരിയലുകളുമെല്ലാം സ്ത്രീകളിലടക്കമുള്ള മദ്യപാനശീലത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ളതാണ്. നവവധൂവരന്മാര് മദ്യം പാനംചെയ്യുന്നവിധത്തിലുള്ള ന്യൂജെന്‍ കല്യാണ ആല്‍ബം വരെ നമ്മള് കണ്ടുശീലിച്ചുകഴിഞ്ഞു.
ലഹരിയോടുള്ള ആസക്തി പുതുതലമുറയില്‍ ഒളിഞ്ഞും തെളിഞ്ഞും അടിച്ചുറപ്പിക്കുന്നവിധത്തിലാണ് സമൂഹത്തിന്റെ മുന്നോട്ടുപോക്ക്. സര്‍ക്കാരാകട്ടെ ലഹരിക്കച്ചവടം പണമുണ്ടാക്കാനുള്ള ഒറ്റമൂലിയായി മാത്രം കാണുന്നു. ഒരു കൈയ്യില്‍ മദ്യവും മറുകൈയ്യില്‍ ‘ലഹരിവിമുക്തി’യെന്ന ഉപദേശപ്പുസ്തകവും വച്ചുനീട്ടുന്ന സര്‍ക്കാരിന് ഈ കണക്കുകളില്‍നിന്ന് ഒന്നും പഠിക്കാനുമില്ല.