in , ,

കൈകളുടെ ചലനശേഷി നഷ്ടപ്പെട്ടവര്‍ക്ക് ആശ പകര്‍ന്ന് സി.ഇ.ടിയുടെ ‘ഹോപ്പ് ‘

Share this story

തിരുവനന്തപുരം: സ്‌ട്രോക്ക് മൂലമോ, വാഹനാപകടങ്ങള്‍ കൊണ്ടുണ്ടാകുന്ന നട്ടെല്ലിലെ തകരാര്‍ മൂലമോ കൈകളുടെ ചലനശേഷി നഷ്ടപ്പെടുന്നത് പ്രതിവര്‍ഷം ഇന്ത്യയില്‍ ഒന്നേമുക്കാല്‍ ദശലക്ഷത്തിലധികം പേര്‍ക്കാണ്. ഇത്തരം സാഹചര്യങ്ങളില്‍ ഇത്തരക്കാരുടെ കൈകളുടെ ചലന ശേഷി ഒരു പരിധിവരെയെങ്കിലും വീണ്ടെടുക്കാന്‍ നല്ലനിലയില്‍ തുടര്‍ച്ചയായുള്ള ഫിസിയോതെറാപ്പി ചികിത്സക്ക് കഴിയുമായിരുന്നു. എന്നാല്‍, യോഗ്യരായ ഫിസിയോതെറാപ്പിസ്റ്റുകളുടെ അഭാവം കാരണം പലപ്പോഴും അതിന് കഴിയാറില്ല.
ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇവര്‍ക്ക് അംഗപരിമിതരായി തന്നെ സമൂഹത്തില്‍ തുടരേണ്ടി വരുന്ന അവസ്ഥയായിരുന്നു നിലനിന്നിരുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ ബുദ്ധിമുട്ടുന്ന രോഗികള്‍ക്ക് അനുഗ്രഹമാകാനൊരുങ്ങുകയാണ് തിരുവനന്തപുരം എന്‍ജിനിയറിംഗ് കോളേജിന് കീഴിലുള്ള സി.ഇ.ടി സെന്റര്‍ ഫോര്‍ ഇന്റര്‍ ഡിസിപ്ലിനറി റിസര്‍ച്ച് (സി.സി.ഐ.ആര്‍), ഓപ്പണ്‍ സോഴ്‌സ് സോഫ്ട്‌വെയറിന്റെ (ഐസിഫോസ്) സഹകരണത്തോടെ നിര്‍മ്മിച്ച ഹ്യുമന്‍ ഓപ്പറേറ്റഡ് എക്‌സോ സ്‌കെലിറ്റന്‍ അഥവാ (ഹോപ്പ് ) എന്ന ഉപകരണം.

റോബോട്ടിക് സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ ഹോപ്പ്, കൈകള്‍ക്ക് മുകളില്‍ ബെല്‍റ്റ് ഉപയോഗിച്ച് കെട്ടി വയ്ക്കാവുന്ന തരത്തിലാണ് അതിന്റെ രൂപകല്‍പന നടത്തിയിട്ടുള്ളത്. ശരീരത്തിന്റെ തോള്‍ ഭാഗം മുതല്‍ താഴേയ്ക്ക് വരുന്ന കൈയുടെ ഭാഗങ്ങള്‍ ചലിപ്പിക്കാന്‍ കഴിയത്തക്ക രീതിയില്‍ ഉണ്ടാക്കിയിരിക്കുന്ന ഈ ഉപകരണം ഘടിപ്പിച്ച ശേഷം കൈ ചലിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ഏതു ദിശയിലേക്കാണ് ചലിപ്പിക്കാന്‍ ശ്രമിക്കുന്നതെന്ന് മനസിലാക്കി ആ ദിശയിലേക്ക് കൈ സ്വയം ചലിപ്പിക്കുകയാണ് ‘ഹോപ്പ്’ ചെയ്യുന്നത്.
ഇതിലൂടെ പരസഹായമില്ലാതെ തുടര്‍ച്ചയായി ഫിസിയോതെറാപ്പി നടത്താന്‍ കഴിയുകയും ഇവരുടെ നില മെച്ചപ്പെടുകയും ചെയ്യും. 2016-18 അക്കാദമിക വര്‍ഷത്തില്‍ സി.ഇ.ടി.യില്‍ നിന്ന് റോബോട്ടിക്‌സില്‍ എം.ടെക് പഠനം പൂര്‍ത്തിയാക്കിയ മെനിനോ ഫ്രൂട്ടോ, അര്‍ഷദ് എം. സമദ് തുടങ്ങിയ മിടുക്കരായ വിദ്യാര്‍ത്ഥികളുടെ ആശയമായിരുന്നു ഹോപ്പ്. ഒരപകടത്തെ തുടര്‍ന്ന് ഇടതു കൈയുടെ ചലനശേഷി ഭാഗികമായി നഷ്ടപ്പെട്ടയാളാണ് അര്‍ഷദ് എം. സമദ്. കൃത്യമായി ഫിസിയോ തെറാപ്പി നടത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍ നില മെച്ചപ്പെട്ടേനെ എന്ന് അര്‍ഷദ് ഉറച്ച് വിശ്വസിക്കുന്നു.
അര്‍ഷദിന്റെ അവസ്ഥയിലൂടെ കടന്നുപോകുന്നവര്‍ക്ക് കൃത്യമായി ഫിസിയോ തെറാപ്പി നടത്താന്‍ കഴിയുന്ന ഉപകരണം എന്ന ആശയം ഈ കൂട്ടുകാരുടെ മനസില്‍ മുളപൊട്ടുന്നത് എം. ടെക്കിന്റെ മിനിപ്രോജക്ട് ചെയ്യുന്ന സമയത്താണ്. തുടര്‍ന്ന് ഈ ആശയം യാഥാര്‍ത്ഥ്യമാക്കാന്‍ സി.സി.ഐ.ആറിന് വിശദമായ പ്രോജക്ട് തയ്യാറാക്കി സമര്‍പ്പിക്കുകയായിരുന്നു.
കേരള ഹാന്‍ഡിക്യാപ്ഡ് പേഴ്‌സണ്‍സ് വെല്‍ഫെയര്‍ കോര്‍പ്പറേഷന്റെ സഹകരണത്തോടെ നിര്‍മ്മിച്ച ഐ റൈഡ് എന്ന കമ്പോണന്റ് ഘടിപ്പിച്ച വീല്‍ചെയറും സി.ഇ.ടി സെന്റര്‍ ഫോര്‍ ഇന്റര്‍ ഡിസിപ്ലിനറി റിസര്‍ച്ച് വിഭാഗം ഇതോടൊപ്പം അവതരിപ്പിക്കുന്നു. രോഗിക്ക് തന്നെ വീല്‍ ചെയറില്‍ ടോയ്‌ലറ്റിലേക്ക് പ്രവേശിച്ചശേഷം ഒരു ലിവര്‍ അമര്‍ത്തി സീറ്റിന്റെ അടിയിലെ ഒരു ഭാഗം അടര്‍ത്തി മാറ്റി ഉപയോഗിക്കാന്‍ വ്യക്തിക്ക് സാധിക്കുന്നു. സാധാരണ ക്ലോസറ്റുകള്‍ ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലാണ് ജെ.പി. അഖില്‍ എന്ന സി.ഇ.ടി.യിലെ വിദ്യാര്‍ത്ഥി ഡിസൈന്‍ ചെയ്ത ഐ-റൈഡിന്റെ രൂപകല്പനയും. വീല്‍ ചെയറില്‍ ഇരുന്നു കൊണ്ട് രോഗിക്ക് തന്നെ വീല്‍ ചെയറിന്റെ ഇരുവശങ്ങളും ഇളക്കി മാറ്റാനും കഴിയും.
ഇതിലൂടെ പരസഹായമില്ലാതെ തന്നെ കട്ടിലില്‍ നിന്ന് വീല്‍ചെയറിലേക്കും തിരിച്ചും നീങ്ങാന്‍ കഴിയും. ഇതിന് പുറമെ ഒരു ഓപ്പണ്‍ സോഴ്‌സ് റോബോട്ടിക് സിമുലേറ്ററും സി.സി.ഐ.ആര്‍ അവതരിപ്പിച്ചിട്ടുണ്ട്. ഓപ്പണ്‍ സോഴ്‌സ് ഡിസൈന്‍ ആയതിനാല്‍ തല്‍പ്പരരായ ആര്‍ക്കും ഈ ഡിസൈനുകള്‍ ഉപയോഗിച്ച് വ്യാവസായികാടിസ്ഥാനത്തില്‍ ഹോപ്പ്, ഐ.റൈഡ് എന്നിവ നിര്‍മ്മിക്കാന്‍ കഴിയുന്നതാണെന്ന് സി.ഇ.ടി .അധികൃതര്‍ വ്യക്തമാക്കുന്നു.സി.ഇ.ടി ഇലക്ട്രിക്കല്‍ വിഭാഗം അദ്ധ്യാപിക ഡോ. വി.ആര്‍. ജിഷ, മെക്കാനിക്കല്‍ വിഭാഗം അദ്ധ്യാപകരായ ഡോ. രഞ്ജിത് എസ്. കുമാര്‍, ആര്‍.ആര്‍. അജിത്ത് എന്നിവരുടെ മേല്‍നോട്ടത്തിലാണ് പ്രോജക്ടുകള്‍ യാഥാര്‍ത്ഥ്യമായത്.

ഗര്‍ഭപാത്രം നീക്കം ചെയ്യുന്നത് എപ്പോള്‍?

ഓര്‍മശക്തി കൂട്ടണോ? ഈ ആറു കാര്യങ്ങള്‍ ചെയ്‌തോളൂ