തിരുവനന്തപുരം: മൃതസഞ്ജീവനിയില്‍ അവയവദാന സമ്മതപത്രം സമര്‍പ്പിച്ച് ട്രാന്‍സ്ജെന്‍ഡര്‍ ദമ്പതികളും. സംസ്ഥാന സര്‍ക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയില്‍ ആദ്യമായി ട്രാന്‍സ്ജെന്‍ഡര്‍ ദമ്പതികള്‍ സമ്മതപത്രം നല്‍കിയതായി മൃതസഞ്ജീവനി സംസ്ഥാന നോഡല്‍ ഓഫീസറും മെഡിക്കല്‍ കോളേജ് നെഫ്രോള്ളി വിഭാഗം അസോസിയേറ്റ് പ്രൊഫസറുമായ ഡോ. നോബിള്‍ ഗ്രേഷ്യസ് ത്തറിയിച്ചു. എറണാകുളം കടുങ്ങല്ലൂര്‍ കോട്ടപ്പിള്ളി വീട്ടില്‍ എം. ഋത്വിക്, ഭാര്യ തൃപ്തി ഷെട്ടി എന്നിവരാണ് അവയവദാനത്തിന് സന്നദ്ധരായത്. മരണ ശേഷം മൃതശരീരം മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പഠനാര്‍ത്ഥം വിട്ടു കൊടുത്തുകൊണ്ടുള്ള അനുമതി പത്രവും സമര്‍പ്പിച്ചിട്ടുണ്ട്. എറണാകുളം മെഡിക്കല്‍ കോളേജ് അനാട്ടമി വിഭാഗത്തിലെ ഡോ. സാന്റോസ് ജോസഫിനാണ് ദമ്പതികള്‍ സമ്മതപത്രം നല്‍കിയത്. അവയവദാനത്തിനു സന്നദ്ധരായ രാജ്യത്തു തന്നെ ആദ്യത്തെ ട്രാന്‍സ്ജെന്‍ഡര്‍ ദമ്പതിമാരാണ് ഋത്വിക്കും തൃപ്തി ഷെട്ടിയും. മുമ്പ് അവയവദാനത്തിന് തയാറാണെന്ന് അറിയിച്ച് മുന്‍ ആരോഗ്യ മന്ത്രി കെ.കെ. ശൈലജക്ക് കത്തു നല്‍കിയിരുന്നു. തുടര്‍ന്ന് മൃതസഞ്ജീവനിയുടെ വെബ് പോര്‍ട്ടലില്‍ ഇവര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ശ്രമം നടത്തിയെങ്കിലും സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും പുറമേ ട്രാന്‍സ്ജെന്‍ഡര്‍ക്ക് അവസരമുണ്ടായിരുന്നില്ല. ഇതു ശ്രദ്ധയില്‍പെട്ട മന്ത്രി ട്രാന്‍സ്ജെന്‍ഡര്‍ക്കു കൂടി അവസരം നല്കാന് നിര്‍ദേശിക്കുകയായിരുന്നു. ഇതോടെയാണ് ദമ്പതികള്‍ക്ക് പേര് രജിസ്റ്റര്‍ ചെയ്യാനായത്. മരണാനന്തര അവയവദാനത്തിനു തയാറായി മൃതസഞ്ജീവനിയുടെ ഡോണര്‍ കാര്‍ഡ് എടുക്കുകയും അതോടൊപ്പം മരണശേഷം മൃതശരീരം മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പഠനാര്‍ത്ഥം വിട്ടു കൊടുത്തുകൊണ്ടുള്ള അനുമതി പത്രവും നല്കിയ ദമ്പതിമാരെ മൃതസഞ്ജീവനി സംസ്ഥാന കണ്‍വീനറും തിരുവനന്തപുരം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലുമായ ഡോ. സാറ വര്‍ഗീസ്, നോഡല്‍ ഓഫീസര്‍ ഡോ. നോബിള്‍ ഗ്രേഷ്യസ് എന്നിവര്‍ അഭിനന്ദിച്ചു.
in FEATURES, HEALTH, LIFE, LIFE - Light, news