in , , , ,

ഓട്ടിസം ഒരു രോഗമല്ല

Share this story

ഒരു കുടുംബത്തിന് ഏറ്റവും പ്രയാസമനുഭവിക്കുന്ന കാര്യമാണ് ഓട്ടിസമുള്ള കുഞ്ഞിനെ വളര്‍ത്തിയെടുക്കുക എന്നത്. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഓട്ടിസമുള്ള കുഞ്ഞുങ്ങളെ സഹായിക്കാന്‍ ഇന്ന് നമുക്ക് സാധിക്കും.

‘ഓട്ടിസം’ ഒരു അസുഖമല്ല, അത് ഒരു അവസ്ഥയാണ്. നമ്മുടെ സമൂഹത്തിന് ഓട്ടിസത്തെക്കുറിച്ച് അറിവു നല്‍കുവാനും ഓട്ടിസമുള്ള കുട്ടികളെ സമൂഹം ഒറ്റപ്പെടുത്തുകയല്ല ചെയ്യേണ്ടതെന്നും അവരെ നമ്മളില്‍ ഒരാളായി കാണണമെന്ന വലിയ സന്ദേശം ജനങ്ങളില്‍ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയും എല്ലാ വര്‍ഷവും ഏപ്രില്‍ 2 ‘Autism Awarness Day ആയി ലോകമെമ്പാടും ആചരിക്കുന്നു.

കുട്ടികളുടെ ബുദ്ധിവികാസവുമായി ബന്ധപ്പെട്ട മാനസിക വ്യതിയാനമാണ് ഓട്ടിസം. ജനനസമയത്തെ ആദ്യനാളുകളില്‍ ഓട്ടിസം കണ്ടുപിടിക്കാന്‍ സാധിക്കുകയില്ല. ഓട്ടിസം ഒരു കുഞ്ഞിന് ഉണ്ട് എന്ന് മനസ്സിലാക്കുന്നത് അവരുടെ സ്വഭാവത്തിലൂടെയാണ്. ഓട്ടിസം കുട്ടികള്‍ ദൈനംദിന ജീവിതത്തില്‍ പ്രകടിപ്പിക്കുന്ന ചില ലക്ഷണങ്ങള്‍ അവരെ മറ്റു കുഞ്ഞുങ്ങളില്‍ നിന്നും വ്യത്യസ്തരാക്കുന്നു. ഓട്ടിസമുള്ള കുട്ടികളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി അവരുടെ കഴിവുകള്‍ വളര്‍ത്തിയെടുക്കുവാന്‍ അവരുടെ മാതാപിതാക്കള്‍ക്ക് ‘ഓട്ടിസം’ എന്ന അവസ്ഥയെക്കുറിച്ച് പൂര്‍ണ്ണബോധവത്കരണം നല്‍കേണ്ടതുണ്ട്.

സാമൂഹികപരവും ആശയവിനിമയവും ബുദ്ധിപരവുമായും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ഓര്‍ഗാനിക്ക് ന്യൂറോഡെവലപ്‌മെന്റല്‍ ഡിസോഡറാണ് ‘ഓട്ടിസം’. ഓട്ടിസത്തെ ആശയവിനിമയത്തിലും പരസ്പരബന്ധങ്ങള്‍ സ്ഥാപിക്കുന്നതിലും കുട്ടികള്‍ നേരിടുന്ന പ്രയാസമാണെന്ന് പറയാം. ഓട്ടിസത്തിന്റെ ലക്ഷണങ്ങള്‍ ഓരോ കുട്ടിയിലും വ്യത്യസ്തമായിരിക്കും. ആണ്‍കുട്ടികളിലാണ് ഓട്ടിസം കൂടുതലായി കണ്ടുവരുന്നത്. തലച്ചോറിന്റെ ഘടനയിലും പ്രവര്‍ത്തനത്തിലുമുള്ള അസാധാരണത്വമാണ് ഓട്ടിസം ഉണ്ടാകുന്നത്.

മൂന്ന് വയസ്സിനുള്ളില്‍ കുട്ടിക്ക് ഓട്ടിസം ഉണ്ടോ എന്ന് തിരിച്ചറിയാന്‍ സാധിക്കും. കുഞ്ഞുങ്ങളുടെ വളര്‍ച്ചയും ബുദ്ധിവികാസവും ശരിയായ രീതിയില്‍ നടക്കുന്നുവെന്ന് എല്ലാ മാതാപിതാക്കളും നിര്‍ബന്ധമായും ഉറപ്പുവരുത്തേണ്ടതാണ്. കാരണം, കൃത്യമായി കുഞ്ഞുങ്ങളെ നിരീക്ഷിക്കാത്തതുകൊണ്ട് മാത്രം ഓട്ടിസമുള്ള കുഞ്ഞുങ്ങള്‍ക്ക് ശരിയായ രീതിയില്‍ ശരിയായ ചികിത്സ ലഭിക്കാതെ പോകും. കുട്ടിയില്‍ ഓട്ടിസത്തിന്റെ ലക്ഷണങ്ങള്‍ നേരത്തെ കണ്ടുപിടിക്കുകയും തുടര്‍ച്ചയായി ഇവരുടെ കാര്യത്തില്‍ ശരിയായ രീതിയില്‍ ഇടപെടുകയുമാണെങ്കില്‍ ഇത്തരം കുട്ടികള്‍ക്ക് മെച്ചപ്പെട്ട പുരോഗതി ഉണ്ടാകാന്‍ കാരണമാകും.

ശൈശവത്തില്‍ തന്നെ കുട്ടികളുടെ പെരുമാറ്റരീതികള്‍ നിരീക്ഷിച്ചാല്‍ അവരില്‍ ഓട്ടിസത്തിന്റെ ലക്ഷണങ്ങള്‍ ഉണ്ടോയെന്ന് കണ്ടെത്താന്‍ കഴിയും. ഓട്ടിസമുള്ള കുട്ടികളില്‍ കണ്ടുവരുന്ന ചില ലക്ഷണങ്ങള്‍ താഴെപറയുന്നു.

ഓട്ടിസം ബാധിച്ച കുട്ടികള്‍ ആദ്യകാലങ്ങളില്‍ മറ്റുള്ളവരുടെ കണ്ണില്‍ നോക്കുകയോ ഇടപഴകുകയോ ചെയ്യില്ല. ഇത്തരം സ്വഭാവവൈകല്യമുള്ളവര്‍ ഒന്നിനോടും താല്‍പ്പര്യം കാണിക്കാതെയും സംരക്ഷകരോട് സ്‌നേഹത്തോടെ പ്രതികരിക്കാതെയും ഇരിക്കും. അച്ഛനമ്മമാരോടും മറ്റു വേണ്ടപ്പെട്ടവരോടും അടുപ്പമോ പരിചയത്തോടെ ചിരിക്കുകയോ ഇല്ല. ഓട്ടിസം കുട്ടികളില്‍ കണ്ടുവരുന്ന മറ്റൊരു പ്രധാന ലക്ഷണമാണ് സംസാര വൈകല്യം. ചില വാക്കുകള്‍ ആവശ്യമില്ലാത്ത സന്ദര്‍ഭങ്ങളില്‍ ആവര്‍ത്തിച്ചു പറയുന്ന പ്രത്യേകതയും ഇവരില്‍ കാണാറുണ്ട്. സംസാരശേഷി ആദ്യം വളരുകയും പിന്നീട് പെട്ടെന്ന് സംസാരം കുറയുന്നതായും കാണാം. ചില ഓട്ടിസം കുഞ്ഞുങ്ങള്‍ തങ്ങളോട് ആരെങ്കിലും സംസാരിക്കുമ്പോള്‍ അവരെ ശ്രദ്ധിക്കുകയില്ല. എന്നാല്‍ ഒരു കൂട്ടം ഓട്ടിസം കുട്ടികള്‍ പരിചിതരോടും അപരിചിതരോടും ഒരുപോലെ അടുപ്പം പ്രകടിപ്പിക്കുകയും ചെയ്യാറുണ്ട്. മറ്റുള്ളവര്‍ തന്റെ അടുത്തേക്ക് വരുന്നതോ പോകുന്നതോ അറിയാത്തതായി ഭാവിക്കുന്നു. സാധാരണ കുട്ടികളെ പോലെ മാതാപിതാക്കളെ പിരിഞ്ഞിരുന്നാല്‍ പേടിയോ, ഉത്കണ്ഠയോ ഇത്തരക്കാര്‍ കാണിക്കുകയില്ല. ഇവര്‍ ഒറ്റയ്ക്ക് ഇരിക്കാന്‍ താല്‍പ്പര്യപ്പെടുന്നു. സദാസമയവും സ്വന്തമായ ലോകത്ത് വിഹരിക്കുന്നവരാകും അധികം പേരും. ഒരു പ്രകോപനവും കൂടാതെ മറ്റുള്ളവരെ ഉപദ്രവിക്കുകയും വേദനിപ്പിക്കുകയും ചെയ്യും. ഒരു കാരണവുമില്ലാതെ ചിരിക്കുക, കരയുക, കോപിക്കുക, വാശിപിടിക്കുക എന്നീ സ്വഭാവവും ഓട്ടിസം കുട്ടികളില്‍ കാണാം. ദൈനംദിന കാര്യങ്ങള്‍ ഒരുപോലെ ചെയ്യുവാനാണ് ഇവര്‍ക്കിഷ്ടം. നിരന്തരമായി കൈകള്‍ ചലിപ്പിക്കുക, ചാഞ്ചാടുക തുടങ്ങിയ വിചിത്രമായ പ്രവര്‍ത്തികള്‍ ഇവരില്‍ കണ്ടുവരുന്നു.

കോവിഡ് കാലവും ഓട്ടിസവും

കഴിഞ്ഞ രണ്ടു വര്‍ഷമായി കുഞ്ഞുങ്ങളില്‍ ഓട്ടിസത്തിന്റെ ലക്ഷണങ്ങള്‍ കൂടുതലായി കണ്ടു വരുന്നുണ്ട്. നേരത്തേ പറഞ്ഞതു പോലെ ആശയവിനിമയം കുഞ്ഞുങ്ങളില്‍ ഒത്തിരി മാറ്റം വരുത്താറുണ്ട്. എന്നാല്‍ ഈ കോവിഡ് കാലത്ത് കുഞ്ഞുങ്ങള്‍ നാലു ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങി കൂടിയതും മൊബൈല്‍, ടിവി, കമ്പ്യൂട്ടര്‍ എന്നിവയുടെ ഉപയോഗം കൂടിയതും ഓട്ടിസത്തിന്റെ ലക്ഷണങ്ങള്‍ കുഞ്ഞുങ്ങളില്‍ കൂടുന്നതിന് ഇടയാക്കിയിട്ടുണ്ട്. നാലു ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങേണ്ടതല്ല കുഞ്ഞുങ്ങള്‍. വേണ്ടവിധത്തിലുള്ള മുന്‍കരുതല്‍ എടുത്ത് (ഉദാ: മാസ്‌ക്, സാമൂഹിക അകലം) മറ്റുള്ളവരുമായി ഇടപെടാനുള്ള അവസരം കുഞ്ഞുങ്ങള്‍ക്ക് നല്‍കേണ്ടത് അത്യാവശ്യമാണ്. നഴ്‌സറി, ഡേ കെയര്‍ തുടങ്ങിയവ കുഞ്ഞുങ്ങളിലെ വ്യക്തിത്വം വളര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. സമപ്രായക്കാരുമായുള്ള ഇടപെടല്‍മൂലം കുഞ്ഞുങ്ങളില്‍ ഭാഷാവികാസം എളുപ്പത്തില്‍ സാദ്ധ്യമാകുന്നു. അതോടൊപ്പം നിത്യജീവിതത്തിലെ പ്രാഥമിക കാര്യങ്ങള്‍ ചെയ്യാന്‍ അവര്‍ പ്രാപ്തരാകുന്നു. മുതിര്‍ന്നവര്‍ കുഞ്ഞുങ്ങളുമായി കളിക്കാന്‍ സമയം കണ്ടെത്തുക. കളികളിലൂടെ പരിശീലനം കൂടുതല്‍ എളുപ്പമാക്കാം. കുടുംബാംഗങ്ങളെല്ലാം തന്നെ കളിയിലൂടെ കുട്ടിയുമായി ഇടപെടുക. കളിയിലൂടെ കുട്ടിയുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും പ്രകടമാക്കും.

പ്രധാനപ്പെട്ട ഓട്ടിസം സൂചനാ ചോദ്യങ്ങള്‍ താഴെ പറയുന്നു.

നിങ്ങളുടെ കുട്ടി സംസാരിക്കുമ്പോള്‍ മുഖത്ത് നോക്കാറുണ്ടോ?

ആവശ്യമുള്ള ഒരു വസ്തുവിലേക്ക് വിരല്‍ ചൂണ്ടിക്കാണിക്കാറുണ്ടോ?

സമപ്രായക്കാരുമായി കളിക്കുന്നതില്‍ വിമുഖത ഉണ്ടോ?

ആശയ വിനിമയം നടത്തുവാന്‍ പ്രയാസമുണ്ടോ?

കളിപ്പാട്ടങ്ങളോട് ഇഷ്ടക്കുറവ് അല്ലെങ്കില്‍ ഒരു കളിപ്പാട്ടത്തിനോട് കൂടുതല്‍ താല്‍പര്യം കാണിക്കാറുണ്ടോ?

പേര് വിളിച്ചാല്‍ ശ്രദ്ധിക്കാറുണ്ടോ?

ചില തരം ശബ്ദങ്ങളോട് (ഉദാ: മിക്‌സി കുക്കര്‍) അസഹനീയത കാണിക്കാറുണ്ടോ?

അമിതമായ ബഹളം കാണിക്കാറുണ്ടോ?

കേള്‍ക്കുന്ന കാര്യം ആവര്‍ത്തിച്ച് പറയുന്ന സ്വഭാവം ഉണ്ടോ?

നിങ്ങളുടെ കുട്ടി അവന്റേതായ അല്ലെങ്കില്‍ അവളുടേതായ ഒരു ലോകത്തില്‍ മുഴുകിയിരിക്കുന്നതായി കാണാറുണ്ടോ?

കുട്ടിയെ നിരീക്ഷിക്കുമ്പോള്‍ മേല്‍പ്പറഞ്ഞ സൂചനാ ചോദ്യങ്ങളില്‍ ഒന്നോ അതില്‍ കൂടുതലോ ചോദ്യങ്ങള്‍ക്ക് ‘ഉണ്ട്’ എന്ന് പ്രത്യക്ഷമായി തോന്നിയാല്‍ കുട്ടിയില്‍ ഓട്ടിസത്തിന്റെ ലക്ഷണമുണ്ടോ എന്നറിയാനുള്ള പരിശോധനക്ക് വിധേയമാക്കേണ്ടതാണ്.

ഒട്ടിസത്തിന് വേണ്ടിയുള്ള തെറാപ്പി വളരെ വൈവിധ്യമാര്‍ന്ന മേഖലയാണ്. ഓട്ടിസം കുട്ടികള്‍ക്ക് മാറ്റി എടുക്കേണ്ട സ്വഭാവരീതികള്‍ കണ്ടെത്താനും ഇവരില്‍ വളര്‍ത്തിയെടുക്കേണ്ട കഴിവുകള്‍ പഠിപ്പിച്ചെടുക്കാനും മാതാപിതാക്കളുടേയും തെറാപ്പിസ്റ്റുകളുടേയും അദ്ധ്യാപകരുടേയും സഹകരണം കൂടിയേ തീരു. നേരത്തേയുള്ള പരിശീലനം, പ്രത്യേക വിദ്യാഭ്യാസം, ബിഹേവിയര്‍ തെറാപ്പികള്‍, കുടുംബത്തിന്റെ പിന്തുണ എന്നിവയുടെയെല്ലാം കൂട്ടായ പ്രവര്‍ത്തനം വഴി നമുക്ക് ഓട്ടിസമുള്ള കുട്ടികളുടെ ഭാഷയും പെരുമാറ്റരീതികളും മാറ്റം വരുത്താന്‍ സഹായിക്കും. ഇത്തരം കാര്യങ്ങളിലൂടെ ഓട്ടിസം കുട്ടികളെ സാധാരണ ജീവിതം നയിക്കാന്‍ സഹായിക്കാം.

Thansi F. S.
Child Development Therapist
SUT Hospital, Pattom

പ്രാണികളില്‍ നിന്ന് മഹാമാരി .. മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

പാദസംരക്ഷണം