നമ്മുടെ ആരോഗ്യ രംഗത്ത് ആശാവഹമായ ഒട്ടേറെ മാറ്റങ്ങള്‍ അടുത്തിടെയുണ്ടായി. നാം ഏറെ ഭയപ്പെട്ട കൊവിഡ് മഹാമാരി പോലും ഏറെക്കുറെ നിയന്ത്രണ വിധേയമാണ്. എന്നാല്‍ എത്ര ആധുനികതയിലേയ്ക്ക് കുതിച്ചാലും കാന്‍സര്‍ എന്ന രോഗത്തെ ചെറുക്കാന്‍ ഫലപ്രദമായ മാര്‍ഗങ്ങള്‍ ഒന്നു തന്നെ വികസിപ്പിയ്ക്കപ്പെട്ടിട്ടില്ല. കാന്‍സര്‍ ചികിത്സാരംഗത്ത് ആധുനികമായ ഒട്ടേറെ ചികിത്സാ രീതികള്‍ നിലവിലുണ്ട്. എന്നാല്‍ അമിതമായ പണച്ചെലവും ഇത്തരം ചികിത്സാ കേന്ദ്രങ്ങളിലേയ്ക്ക് എത്താനുള്ള ബുദ്ധിമുട്ടും സാധാരണക്കാരായ കാന്‍സര്‍ രോഗികള്‍ക്ക് മികച്ച ചികിത്സ ലഭിയ്ക്കാതിരിയ്ക്കാന്‍ കാരണമാകുന്നു.
പലപ്പോഴും ലക്ഷണങ്ങള്‍ അവഗണിയ്ക്കപ്പെടുകയോ നാം ശ്രദ്ധിയ്ക്കാതെ പോവുകയോ ചെയ്യുമ്പോഴാണ് കാന്‍സര്‍ വില്ലനായി മാറുന്നത്. കാന്‍സര്‍ രോഗികളില്‍ പൊതുവായി കണ്ടുവരുന്ന ചില രോഗലക്ഷണങ്ങളുണ്ട്. ഇത്തരം ലക്ഷണങ്ങളെ ഗൗരവതരമായി എടുക്കുകയും ആദ്യഘട്ടങ്ങളില്‍ തന്നെ ചികിത്സ തേടുകയും ചെയ്താല്‍ കാന്‍സര്‍ ഒരിയ്ക്കലും വില്ലനായി മാറുകയില്ല. അതിജീവനം വളരെ എളുപ്പത്തില്‍ സാധ്യമാകും.
തുടര്‍ച്ചയായ നടുവേദന
സ്ത്രീകളിലും പുരുഷന്‍മാരിലും കൂടുതലും കണ്ടുവരുന്ന ഒരു ആരോഗ്യ പ്രശ്‌നമാണ് നടുവേദന. പലരും കൃത്യമായ ചികിത്സ തേടാതെ വേദന സംഹാരികളെ ആശ്രയിക്കുന്നതാണ് കണ്ടുവരുന്നത്. അല്ലെങ്കില്‍ പരസ്യങ്ങളില്‍ കണ്ടുവരുന്ന ഏതെങ്കിലും ലേപനങ്ങള്‍ വാങ്ങി ഉപയോഗിയ്ക്കും . നടുവേദനയ്ക്ക് ഒരിയ്ക്കലും സ്വയം ചികിത്സ ചെയ്യരുത്. വൈദ്യ സഹായം തേടുകയും നിര്‍ദ്ദേശങ്ങള്‍ പാലിയ്ക്കുകയും വേണം. നടുവേദനയ്‌ക്കൊപ്പം നിങ്ങളുടെ ശരീരഭാരം കുറയുക കൂടി ചെയ്താല്‍ ചികിത്സ തേടാന്‍ ഒരു നിമിഷം പോലും വൈകരുത്. ചിലപ്പോള്‍ കാന്‍സറിന്റെ ലക്ഷണമായേക്കാം.
ശരീരത്തിലെ മുഴകള്‍
ശരീരത്തില്‍ പലയിടത്തും പ്രത്യക്ഷപ്പെടുന്ന മുഴകള്‍ പലപ്പോഴും നമുക്ക് അപകടകാരികളായി തോന്നകയേ ഇല്ല. വേദനയോ ബുദ്ധിമുട്ടോ ഉണ്ടാക്കാത്ത ഇത്തരം മുഴകള്‍ പലപ്പോഴും കാന്‍സറിന്റെ ലക്ഷണമായേക്കാം.
രക്തം കലര്‍ന്ന് പോകുന്നത്
മലത്തില്‍ രക്തം കലര്‍ന്ന് പോകുന്നത് കാന്‍സറിന്റെ സൂചനയായി പറയപ്പെടുന്നു. മലബന്ധവും അമിതമായി ഉണ്ടാകുന്ന ഇത്തരം രക്ത സ്രാവവും അവഗണിയ്്ക്കരുത്
ചുമച്ച് തീര്‍ക്കരുത്
ഇടവിട്ടുള്ള ചുമ നമ്മളില്‍ പലരും നിസാരമായ അവഗണിയ്ക്കും.ചിലപ്പോള്‍ വിപണിയില്‍ ലഭ്യമാകുന്ന കഫ്‌സിറപ്പുകളെ ആശ്രയിക്കു. എന്നാല്‍ ചുമയും നിസാരമായി അവഗണിയ്്ക്കരുത് കേട്ടോ. തുടര്‍ച്ചയായി ഉണ്ടാകുന്ന ചുമ കാന്‍സറിന്റെ മാത്രമല്ല മറ്റ് പല രോഗങ്ങളുടേയും ലക്ഷണം കൂടിയാണ്.