പ്രകൃതിയില്‍ നിന്ന് തന്നെ ചര്‍മത്തിന് ആരോഗ്യ സൂത്രങ്ങള്‍ കണ്ടെത്തുകയും ലളിതമായ ജീവിതശൈലി മാറ്റങ്ങള്‍ വരുത്തി പരീക്ഷിക്കാവുന്ന ഔഷധങ്ങള്‍ വരെ ഉള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുകയാണ് ആയുര്‍വേദം.
പോഷക സമ്പൂര്‍ണമായ ആഹാരവും ചിട്ടയായ ജീവിതരീതി ചര്‍മസംരക്ഷണത്തിന് അത്യാവശ്യമാണ്. കൃത്യമായ ഉറക്കം ധാരാളം വെള്ളം കുടിക്കുക കൃത്യസമയത്ത് ഭക്ഷണം കഴിക്കുക എന്നിവ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ആഹാരത്തില്‍ അധികമായി മസാലകള്‍, ഉപ്പ്, പുളി എന്നിവ ഒഴിവാക്കുക. പഞ്ചകര്‍മ ചികിത്സാ രീതി പ്രയോജനകരമാണ്.
ചൂര്‍ണ്ണങ്ങള്‍
ചര്‍മ പാളികളിലെ മൃതകോശങ്ങള്‍ നീക്കി അതിന്ആരോഗ്യം നല്കാന് സഹായിക്കുന്ന ചൂര്‍ണ്ണങ്ങള്‍ ആണ് ഏലാദി നിംബാതി എന്നിവ. ഇവ കുറച്ച് എടുത്ത് ശരീരത്തില്‍ മൃദുവായി തിരുമുക. ഇങ്ങനെ ഏകദേശം 30 മിനിറ്റ് തുടര്‍ന്ന് അതിനുശേഷം ശുദ്ധമായ വെളിച്ചെണ്ണ നാല്പാമരാദി വെളിച്ചെണ്ണ എന്നിവയില്‍ അനുയോജ്യമായത് എടുത്തു ദേഹത്ത് പുരട്ടി കടലമാവ് കൊണ്ട് മെഴുക്കു കളയുക. ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും നിറത്തിനും ഇത് സഹായിക്കും.
നിറവ്യത്യാസം തടയാന്‍
വേനല്‍ക്കാലത്ത് കഠിനമായ ചൂടും സൂര്യരശ്മികള്‍ നേരിട്ട് ഏല്‍ക്കുന്നത് മൂലം തൊലിയില്‍ കറുത്തത്തോ തവിട്ടു കലര്‍ന്ന കറുപ്പ് നിറമുള്ളതോ ആയ പാടുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ആമ്പല്‍ കിഴങ്ങ്, കറുക, ഇരട്ടിമധുരം, ചന്ദനം എന്നിവ നേര്മയായി പൊടിച്ച് പുളിയില്ലാത്ത തൈരില്‍ അല്പം കറ്റാര്‍വാഴയുടെ പള്‍പ്പ് ചേര്‍ത്ത് യോജിപ്പിച്ച് ഒരു പാത്രത്തില്‍ അടച്ച് തണുപ്പില്‍ സൂക്ഷിക്കുക. ചന്ദന മുട്ടി തന്നെ ഉരച്ച് എടുക്കുന്നത് ആയാല്‍ കൂടുതല്‍ ഗുണം ചെയ്യും. ഈ മിശ്രിതം ശരീരത്തിലും മുഖത്തും പുരട്ടി ഉണങ്ങി തുടങ്ങുമ്പോള്‍ മൃദുവായി തിരുമി കളയുക. അതിനുശേഷം പിണ്ണതൈലം ദേഹത്ത് പുരട്ടി അരമണിക്കൂര്‍ കഴിഞ്ഞ് കുളിക്കാവുന്നതാണ്. പിണ്ണതൈലത്തില് ശരീരത്തിന് നിറം നല്കുന്ന ഔഷധങ്ങള്‍ ചേരുന്നുണ്ട്. സൂര്യന്റെ ചൂടിനെ ചെറുക്കുന്ന ഒരു നല്ല സണ്‍സ്ക്രീന്‍ ആയി പ്രവര്‍ത്തിക്കുകയും ചെയ്യും.
ഞവര അരി നേര്മയായി പൊടിച്ച് പശുവിന് പാലില്‍ നല്ലതുപോലെ വേവിക്കുക. അതിലേക്ക് കട്ടിയുള്ള തേങ്ങാപ്പാല്‍ ചേര്‍ത്ത് ശരീരത്തിലും മുഖത്തും പുരട്ടാം. 45 മിനിറ്റ് കഴിഞ്ഞ ശേഷം ചെറുചൂടുള്ള വെള്ളത്തില്‍ കുളിക്കാം. ഈ മിശ്രിതത്തില്‍ ഏലാദിചൂര്ണമോ രക്ത ചന്ദനത്തിന്റെ പൊടിയോ ചേര്‍ക്കാം. ഇതില്‍ ഒരു തുള്ളി ചന്ദനതൈലം ചേര്‍ക്കുകയാണെങ്കില്‍ നല്ല സുഗന്ധം ഉണ്ടാവും. എല്ലാത്തരം ചര്‍മ്മത്തിനും ചന്ദന തൈലം അനുയോജ്യമാണ്.
വെയില് കൊണ്ടുണ്ടാകുന്ന കറുപ്പ് കലര്‍ന്ന തവിട്ടുനിറം മുഖക്കുരു എന്നിവ മാറുന്നതിനും ചര്‍മം മൃദുവാകാനും ഇരട്ടിമധുരം ഉപയോഗിക്കാം. ഇരട്ടിമധുരം നന്നായി പൊടിച്ച് പുളിയില്ലാത്ത തൈര് ചാലിച്ചു പുറമേ പുരട്ടുക.
മഞ്ചട്ടി,നാഗപ്പൂവ്, പതിമുഖം, നറുനീണ്ടിക്കിഴങ്ങ് രാമച്ചം, പാച്ചോറ്റി തൊലി, കൊട്ടം, കുങ്കുമപൂവ് മഞ്ഞള്‍, മരമഞ്ഞള്‍, മുത്തങ്ങ, വേപ്പിന് തൊലി, കരിങ്ങാലിക്കാതല്‍, നെല്ലിക്ക, താമരക്കിഴങ്ങ് എന്നിവ നേര്മയായി പൊടിച്ച് കഷായം വെച്ച് അരിച്ചെടുക്കുക അതില്‍ കറ്റാര്‍വാഴയുടെ പഴുപ്പ് ചേര്‍ത്ത് നന്നായി യോജിപ്പിച്ച് ഒരു ചെറിയ പാത്രത്തില്‍ അടച്ച് തണുപ്പിച്ച് സൂക്ഷിക്കുക ഇത് ഫേസ്ക്രീം ആയി ഉപയോഗിക്കാവുന്നതാണ്.
നെല്ലിക്ക
ചര്‍മത്തിന് ഏറ്റവും ഗുണം ചെയ്യുന്ന രസായനം ആണ് നെല്ലിക്ക ഇതില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട. ഏറ്റവും പുറമേയുള്ള പാളിയില്‍ അളവ് കൂട്ടാന്‍ സഹായിക്കുന്നു അളവ് കുറയാതെ ഇരിക്കുമ്പോള്‍ ഓറഞ്ച് ചെറുനാരങ്ങ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വിറ്റാമിന്‍ സി ലഭിക്കുന്ന ചര്‍മ്മത്തിന് ആരോഗ്യം നിലനിര്‍ത്താനും സഹായകമാണ്.
ഏലാദി, നിംബാതി ചൂര്‍ണങ്ങള്‍ ചര്‍മ്മ പാളികളിലെ മൃതകോശങ്ങളെ നീക്കാന്‍ സഹായിക്കുന്നു.
ചര്‍മത്തിന്റെ ആരോഗ്യത്തിന്
ചിറ്റമൃത്, കടുക്ക, നെല്ലിക്ക, അടപതിയന്‍ കിഴങ്ങ്, നറുനീണ്ടിക്കിഴങ്ങ്, തഴുതാമ വേര് എന്നിവ അരച്ച് പാല്പ്പാടയില് ചേര്‍ത്ത് മുഖത്തു പുരട്ടുന്നത് മുഖത്തെ ചുളിവുകള്‍ മാറാന്‍ സഹായിക്കുന്നു. കഴുകിയതിനുശേഷം ശുദ്ധമായ വെളിച്ചെണ്ണ മുഖത്ത് പുരട്ടി അല്പസമയം കഴിഞ്ഞ് കഴുകിക്കളയാം.
ചന്ദനം, രാമച്ചം, ഇരട്ടിമധുരം, മഞ്ചട്ടി, നറുനീണ്ടിക്കിഴങ്ങ,് പതിമുഖം, അടപതിയന്‍ കിഴങ്ങ് എന്നിവ പൊടിച്ചു തേനിലോ പുളിയില്ലാത്ത തൈര് ചേര്‍ത്ത് പുരട്ടുന്നത് നല്ല നിറം നല്കുന്നു. ആഴ്ചയില്‍ ഒരിക്കല്‍ വീതം ഇത് ചെയ്യണം കഴുകി ഉണങ്ങിയതിനുശേഷം കുങ്കുമാദിതൈലം മുഖത്ത് പുരട്ടാവുന്നതാണ്. പാച്ചോറ്റി തൊലി പൊടിച്ചു ചെറുനാരങ്ങാനീരും കടലമാവും യോജിപ്പിച്ച് മുഖം കഴുകാനായി ഉപയോഗിക്കാം. മുഖം വൃത്തിയാക്കാന്‍ ആണ് ഈ കൂട്ട് പ്രയോജനപ്പെടുക ഈ മിശ്രിതം തണുപ്പിച്ച സൂക്ഷിച്ചാല്‍ ഇപ്പോഴും ഉണ്ടാക്കുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാം പാച്ചോറ്റിത്തൊലി ഒരു നല്ല ക്ളന്സന് ആണ്. അതുപോലെ നെല്ലിക്ക കഷായം വച്ച് തണുപ്പിച്ച് സൂക്ഷിച്ചാല്‍ മുഖം വൃത്തിയാക്കാന്‍ ഉപയോഗിക്കാം ഇത് അല്പം പഞ്ഞിയില്‍ മുക്കി മുഖത്ത് തടവുന്നത് അഴുക്കും വിയര്‍പ്പും മാറി മുഖം വൃത്തിയാക്കാന്‍ സഹായിക്കും. സൗന്ദര്യസംരക്ഷണത്തിന് പുരാതനകാലം മുതല്ക്കുതന്നെ ഉപയോഗിച്ചുവരുന്നു. കുങ്കുമാദി തൈലം മുഖത്ത് പുരട്ടുന്നതും അതിന്റെ കേസരങ്ങള്‍ പാലില്‍ അലിയിച്ച് കഴിക്കുന്നതും നല്ലതാണ്.
ബദാം പരിപ്പ് പാലില്‍ കുതിര്‍ത്ത് അരച്ച് തുണിയില്‍ അരിച്ചെടുക്കുക. അതില്‍ ഓട്സ് നേര്‍മ്മയായി പൊടിച്ചതും പച്ചമഞ്ഞള്‍ അരച്ചതും ചേര്‍ത്ത് മുഖത്തു പുരട്ടുന്നത് കൊണ്ട് നിറവും ചര്‍മത്തിന് ആരോഗ്യവും വര്‍ദ്ധിക്കും ഈ കൂട്ട് തണുപ്പിച്ച് സൂക്ഷിക്കുന്നതും ആവശ്യാനുസരണം ഉപയോഗിക്കാവുന്നതാണ്.
പാലക്ക് ചീര ഓറഞ്ച് ചെറുനാരങ്ങ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മത്തിന് ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കും.