ന്യൂഡല്‍ഹി : ഭാര്യയുടെ സമ്മതം ഇല്ലാതെ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ ഭര്‍ത്താവിനെതിരെ ബലാല്‍സംഗ കുറ്റം ചുമത്താമോ എന്ന വിഷയത്തില്‍ ഡല്‍ഹി ഹൈക്കോടതിയിലെ ജഡ്ജിമാര്‍ വിഭിന്ന വിധികള്‍ എഴുതി. ബലാത്സംഗ കുറ്റത്തില്‍ നിന്ന് ഭര്‍ത്താവിനെ ഒഴിവാക്കുന്ന ഐപിസി 375, 376 വകുപ്പുകളിലെ രണ്ടാം ഇളവ് ചോദ്യം ചെയ്യുന്ന ഹര്‍ജികളിലാണ് വിധി വന്നത്.
ഭാര്യ ബലാത്സംഗം ചെയ്താല്‍ ഭര്‍ത്താവിന് ഇളവ് നല്‍കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് ജസ്റ്റിസ് രാജീവ് ശാക്കിര്‍ വിധിച്ചു. തുല്യത ഉറപ്പു നല്കുന്ന ഭരണഘടനയുടെ പതിനാലാം വകുപ്പിന്റെ ലംഘനമാണ് ഈ ഇളവ് എന്നു കാട്ടി അത് റദ്ദാക്കുകയും ചെയ്തു.
എന്നാല്‍ ജസ്റ്റിസ് സി.ഹരിശങ്കര്‍ ഇതിനോട് യോജിച്ചില്ല.
ഭര്‍ത്താവിനു നല്കുന്ന ഇളവ് യുക്തിപരം ആണെന്ന് അദ്ദേഹം വിധിച്ചു.
അതേസമയം നിയമപരമായി സുപ്രധാന ചോദ്യം ഉയര്‍ത്തുന്ന വിഷയമാണിത് എന്ന് ചൂണ്ടിക്കാട്ടി രണ്ടു ജഡ്ജിമാരും സുപ്രീംകോടതിയില്‍ അപ്പീല്‍ നല്കാന് സാക്ഷ്യപത്രം നല്കി. ഐ ആര് ടി സി ഫൗണ്ടേഷന് എന്ന സന്നദ്ധസംഘടനയും അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷനും രണ്ടു വ്യക്തികളും ആണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. മുതിര്‍ന്ന അഭിഭാഷകരായ റബേക്ക ജോണ്‍, രാജശേഖരന് എന്നിവരെ ഹൈക്കോടതി അമിക്കസ് ക്യൂറിമാരായി നിയമിച്ചിരുന്നു. ഭര്‍ത്താവിന് ഇളവ് ആവശ്യമില്ലെന്നും പ്രസ്തുത വകുപ്പ് റദ്ദാക്കണമെന്നുമാണ് ഇരുവരും വാദിച്ചത്.